21 February Friday

വൈക്കത്ത്‌ സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020

 

 
കോട്ടയം 
വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രം പുരാരേഖകളിലൂടെ വിശദമാക്കുന്ന വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം തുറന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്‌തു. ചരിത്രനായകരെ എല്ലാതലമുറകൾക്കും അടുത്തറിയാൻ അവസരമൊരുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. 
150–--ാം ജന്മവാർഷികത്തിൽ ഗാന്ധിജിക്ക് കേരളത്തിന്റെ ആദരവായാണ് മ്യൂസിയം ഒരുക്കിയത്. അടിച്ചമർത്തപ്പെട്ടവരുടെ ഉയർത്തെഴുന്നേൽപ്പ് സാധ്യമാക്കിയ നവോത്ഥാന കാലഘട്ടത്തിന്റെ ഹൃദയ സ്പന്ദനങ്ങൾ രേഖപ്പെടുത്തിയ മ്യൂസിയം ഗാന്ധിയൻ ദർശനങ്ങൾ പരിചയപ്പെടുത്തുന്ന വേദികൂടിയാകും. ഇത്തരത്തിലുള്ള മ്യൂസിയം സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്ത് ആദ്യമായാണ് സജ്ജമാക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ഗാന്ധിജി വന്നിറങ്ങിയ വൈക്കം ബോട്ടുജെട്ടിയെയും മ്യൂസിയത്തിന്റെ ഭാഗമാക്കണമെന്ന ആവശ്യം പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.
സി കെ ആശ എംഎൽഎ അധ്യക്ഷയായി. പുരാരേഖ വകുപ്പ് ഡയറക്ടർ ജെ രെജികുമാർ ആമുഖപ്രഭാഷണം നടത്തി. കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ മുൻ ചെയർമാൻ പി ശശിധരൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി സുഗതൻ, അഡ്വ. കെ കെ രഞ്ജിത്ത്, സാംസ്കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി കെ ഗീത, പുരാവസ്തുവകുപ്പ് ഡയറക്ടർ കെ ആർ സോന, മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടർ എസ് അബു എന്നിവർ സംസാരിച്ചു. 
ഏഴു ഗാലറികളിലായി മ്യൂസിയം രൂപകൽപ്പനചെയ്ത സി ബി ജിഗനൻ, ബിനു ഹരിദാസ് എന്നിവരെ ആദരിച്ചു. തിങ്കളാഴ്ച് ഒഴികെ എല്ലാദിവസവും രാവിലെ പത്തുമുതൽ അഞ്ചുവരെ പ്രവർത്തിക്കുന്ന മ്യൂസിയത്തിൽ പ്രവേശനം സൗജന്യമാണ്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top