12 November Tuesday
മെഡിക്കൽ കോളേജിൽ ആർദ്രം പദ്ധതിയിൽ 11 കോടി

മുഖഛായ മാറ്റാൻ ഒപി ബ്ലോക്ക്‌; ഇനി ഇ ഹെൽത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

കോട്ടയം മെഡിക്കൽ കോേളജ് ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായി വരുന്ന പുതിയ ഒ പി ബ്ലോക്ക്

 കോട്ടയം

വികസനപാതയിൽ മുന്നേറുന്ന കോട്ടയം മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്ക്‌ സജ്ജമാകുന്നു. പുതിയ കെട്ടിടം നിർമിച്ചതിനൊപ്പം പഴയ അത്യാഹിതവിഭാഗം കെട്ടിടംകൂടി ഉപയോഗപ്പെടുത്തിയാണ്‌ ആധുനിക രീതിയിൽ ഒപി ബ്ലോക്ക്‌ ഒരുക്കുന്നത്‌. ഡോക്ടർമാരുടെ പരിശോധനാമുറിക്കൊപ്പം പ്രത്യേക ഒപി ടിക്കറ്റ്‌ കൗണ്ടറും ഏർപ്പെടുത്തും. 
ആർദ്രം പദ്ധതിയുടെ ഭാഗമായി 11 കോടിയിലേറെ രൂപ ചെലവഴിച്ചാണ്‌ ആശുപത്രിയുടെ മുഖംമിനുക്കൽ. മികച്ച സൗകര്യത്തോടെ നേരത്തെ അത്യാഹിതവിഭാഗം പുതിയ മന്ദിരത്തിലേക്ക്‌ മാറ്റിയിരുന്നു. എക്‌സ്‌റേയും സ്‌കാനിങും ലാബും ഉൾപ്പെടെ ഇവിടെയുള്ളതും രോഗികൾക്ക്‌ ആശ്വാസമാണ്‌. 
പുതിയ ഒപി ബ്ലോക്ക്‌ സജ്ജമാകുന്നതിനൊപ്പം ആശുപത്രി സേവനങ്ങളിലും കൂടുതൽ രോഗീസൗഹൃദമായ അന്തരീക്ഷം ഒരുക്കും. 
കംപ്യൂട്ടർവൽക്കരണമാണ്‌ പൂർത്തിയാകുന്ന പദ്ധതികളിലൊന്ന്‌. സംസ്ഥാന ആരോഗ്യവകുപ്പ്‌ ആവിഷ്‌കരിച്ച ഇ ഹെൽത്തിന്റെ ഭാഗമായാണിത്‌. അലോപ്പതി ചികിത്സാകേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ കംപ്യൂട്ടർവൽക്കരിക്കുകയും പൊതുജനാരോഗ്യകേന്ദ്രങ്ങളെ കേന്ദ്രീകൃത കംപ്യൂട്ടർ ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. 
വീടുവീടാന്തരം ശേഖരിക്കുന്ന വിവരങ്ങളും ചികിത്സ തേടിയെത്തുന്നവരുടെ വിവരങ്ങളും ഡിജിറ്റലായി ശേഖരിച്ച്‌ വേഗത്തിലും മികച്ചതുമായ ചികിത്സ ഉറപ്പുവരുത്താൻ സാധിക്കും. എല്ലാവരുടെയും ചികിത്സാരേഖകൾ കേന്ദ്രീകൃത ഡാറ്റാബേസിൽ ലഭ്യമാക്കുക വഴി സർക്കാർ അലോപ്പതി ആരോഗ്യ ചികിത്സാസ്ഥാപനങ്ങളിൽ തടസ്സമില്ലാതെ തുടർചികിത്സ ഉറപ്പാക്കാനാകും. ഇതോടെ ഒപി, ലബോറട്ടറി, ഫാർമസി, എക്സ്റേ എന്നിവിടങ്ങളിലെ തിരക്കും കാലതാമസവും ഇല്ലാതാകും.
രോഗികളുടെ ആരോഗ്യവിവരങ്ങൾക്കൊപ്പം ഇതുവരെ നടത്തിയ ചികിത്സകളെ  സംബന്ധിച്ച വിവരങ്ങൾ, ഓൺലൈൻ അപോയ്ന്റ്മെന്റ് തുടങ്ങിയവ പുതുതായി തുടങ്ങുന്ന വെബ്പോർട്ടലിൽ ലഭ്യമാണ്‌. വെബ്‌പോർട്ടൽ മുഖേന ഒപി ടിക്കറ്റെടുക്കാനുള്ള സൗകര്യമാണ്‌ രോഗികൾക്ക്‌ ഏറെ ആശ്വാസം. ഫോണിലൂടെ എസ്‌എംഎസ്‌ മുഖേനയും ഈ പദ്ധതി ക്രമീകരിക്കും. ഡോക്ടറെ കാണാനുള്ള സമയവും ലഭിക്കും. ഒപി ടിക്കറ്റെടുക്കാനും പിന്നീട്‌ ഡോക്ടറുടെ മുറിക്കുമുന്നിലുമുള്ള നീണ്ട ക്യൂവും ഒഴിവാക്കാനാകും. 
ഹെൽത്ത്‌കാർഡുള്ള രോഗികൾക്ക്‌ ഓൺലൈൻ രജിസ്‌ട്രേഷന്‌ മുൻഗണനയുണ്ട്‌. കംപ്യൂട്ടർ സേവനങ്ങളുമായി ബന്ധിപ്പിച്ചാണ്‌ ഹെൽത്ത്‌ കാർഡും തയ്യാറാക്കുന്നത്‌. പുതിയ ഒപി ബ്ലോക്കിനോടനുബന്ധിച്ച്‌ എടിഎം കൗണ്ടർ ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കുന്നുമെന്ന്‌ ആർഎംഒ  ആർ പി രഞ്‌ജിൻ പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top