24 October Thursday

ഉത്സവക്കലാശം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

പാലായിൽ നടന്ന കൊട്ടിക്കലാശത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥി മാണി സി കാപ്പൻ തുറന്ന ജീപ്പിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു

പാലാ
എൽഡിഎഫ‌് തരംഗത്തിന്‌ അരങ്ങൊരുക്കിയ പ്രചാരണം പാലായിൽ കൊട്ടിയിറങ്ങി.  കലാശക്കൊട്ടിൽ അണിചേർന്നത്‌ ആയിരങ്ങൾ. പാലായിലെ രാഷ്ട്രീയമാറ്റത്തിന‌് മാണി സി കാപ്പന്റെ വിജയം അരക്കിട്ടുറപ്പിക്കുന്ന മൂന്നാഴ‌്ച നീണ്ട പ്രചാരണത്തിനാണ്‌ സമാപനമായത്‌. ഒട്ടേറെ ബഹുജനസംഗമങ്ങൾക്ക‌് സാക്ഷിയായ മീനച്ചിലാറിന്റെ തീരനഗരം പുതിയ ഇടതുപക്ഷ മുന്നേറ്റത്തിനും കാഹളമുയർത്തി. കൊട്ടുംകുരവയും പാട്ടും  കലാപ്രകടനവും കൂടിച്ചേർന്ന‌് ഉത്സവപ്പൊലിമ നിറഞ്ഞ കലാശക്കൊട്ടിൽ ആവേശക്കാഴ‌്ചകളും  ഏറെയുണ്ടായി.
ശ്രീനാരായണഗുരു സമാധിദിനം കണക്കിലെടുത്തായിരുന്നു ഒരുദിവസം മുമ്പേ പരസ്യപ്രചാരണം അവസാനിപ്പിക്കാൻ എൽഡിഎഫ‌് തീരുമാനിച്ചത‌്. വെള്ളിയാഴ‌്ച രാവിലെ മുതൽ പാലാ നഗരമാകെ കാപ്പന്റെ വിജയഭേരി മുഴക്കി എൽഡിഎഫ‌് പ്രവർത്തകർ നിറഞ്ഞു. ഉച്ചയ‌്ക്കുശേഷം കൊട്ടിക്കലാശത്തിന്റെ അരങ്ങുണർന്നതോടെ പ്രവർത്തകർ ഒരേ വികാരമായി ഇരമ്പിയാർത്തു. പാലാ പ്രൈവറ്റ‌് ബസ‌്സ‌്റ്റാൻഡിന‌് സമീപമായിരുന്നു കലാശക്കൊട്ടിന്റെ വേദി. സ‌്റ്റേഡിയം ജങ‌്ഷനിൽ സംഗമിച്ച പ്രവർത്തകർ  മുദ്രാവാക്യത്തിന്റെ അലകളുയർത്തിയപ്പോൾ ബസ‌്സ‌്റ്റാൻഡിന‌് മുന്നിൽ താളമേളങ്ങളുടെ പ്രകമ്പനം ഉയർന്നു.  ആട്ടക്കാവടിയും ചെണ്ടമേളവും മുറുകി. മാണി സി കാപ്പന്റെ കൂറ്റൻ കട്ടൗട്ടുകളും ചിത്രം പതിച്ച പ്ലക്കാർഡുകളും കൈയിലേന്തിയായിരുന്നു  പ്രവർത്തകർ റോഡിൽ നിരന്നത‌്. വർണബലൂണുകൾ ചേർത്തുപിടിച്ച‌് കുട്ടിക്കൂട്ടങ്ങൾ തുള്ളിച്ചാടി. കാപ്പന്റെ ചിത്രം പതിച്ച ടീഷർട്ടണിഞ്ഞായിരുന്നു യുവാക്കളുടെ വരവ‌്.   ഇതിനിടെ വനിതകളുടെ ശിങ്കാരിമേളത്തിനൊപ്പമായി ആഹ്ലാദനൃത്തം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത  പൊതുസമ്മേളനത്തോടെയായിരുന്നു കലാശക്കൊട്ടിന‌് സമാപനം. അഞ്ചരയോടെ എൽഡിഎഫ‌് നേതാക്കൾ നയിച്ച പ്രകടനം സമ്മേളനസ്ഥലമായ കാർമൽ ജങ‌്ഷനിലേക്ക‌് നീങ്ങി. പോളിടെക‌്നിക്ക‌് കോളേജ‌് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ‌്എഫ‌്ഐ പ്രവർത്തകർ പ്രകടനമായി എത്തിയത‌് ആവേശം വർധിപ്പിച്ചു. മുഖ്യമന്ത്രിയുടെ യോഗത്തിൽ സ്ഥാനാർഥി മാണി സി കാപ്പനും പങ്കെടുത്തു. 
കൊട്ടാരമറ്റത്ത‌് നിന്ന‌് രാവിലെ റോഡ‌്ഷോയോടെയായിരുന്നു മാണി സി കാപ്പന്റെ തുടക്കം. എംഎൽഎമാരായ മുകേഷ‌്, കെ ബി ഗണേശ‌്കുമാർ എന്നിവരും പങ്കെടുത്തു.  മണ്ഡലത്തിൽ ഉൾപ്പെട്ട പഞ്ചായത്തുകളിലെല്ലാം റോഡ‌്ഷോ എത്തി കാപ്പൻ ഒരിക്കൽ കൂടി വോട്ട‌് അഭ്യർഥിച്ചു. മുകേഷും ഒപ്പമുണ്ടായി.
 
 
പ്രധാന വാർത്തകൾ
 Top