22 October Tuesday

കർഷകപ്രശ‌്നം ഉയർത്താൻ യുഡിഎഫിന‌് ഭയം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

മൂന്നിലവിലെ പൊതുയോഗത്തിലേക്ക്‌ എത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു

പാലാ
പാലായിലെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ‌്നമായിട്ടും കർഷകപ്രശ‌്നം ചർച്ചചെയ്യാൻ കോൺഗ്രസും യുഡിഎഫും തയ്യാറാകുന്നില്ലെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ കർഷകപ്രശ‌്നം ചർച്ചചെയ‌്താൽ യുഡിഎഫ‌് പ്രതിക്കൂട്ടിലാകും. യുപിഎ സർക്കാരിന്റെ കാലത്തെ ഇറക്കുമതി നയത്തിന്റെ ഫലമായാണ‌് റബറിന്റെ വില ഇടിഞ്ഞത‌്. ഇതേ നയമാണ‌് ബിജെപിയും പിന്തുടരുന്നത‌്. എൽഡിഎഫ്‌ സ്ഥാനാർഥി മാണി സി കാപ്പന്റെ പ്രചാരണാർഥം സംഘടിപ്പിച്ച പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു കോടിയേരി.
 റബർ മേഖലയിലുൾപ്പെടെ കർഷകർക്ക‌് സഹായകരമായ പദ്ധതികൾ എൽഡിഎഫ‌് സർക്കാർ നടപ്പാക്കി. റബർ കർഷകരുടെ ഉന്നമനത്തിന‌് കോട്ടയം ജില്ലയിൽ സിയാൽ മോഡൽ കമ്പനി ഉടൻ പ്രവർത്തനം തുടങ്ങും. 
സത്യസന്ധമായി എൽഡിഎഫ‌് ഭരണം വിലയിരുത്തിയാൽ ബിജെപിക്കാരനും യുഡിഎഫുകാരനും എൽഡിഎഫ‌് സ്ഥാനാർഥി മാണി സി കാപ്പന‌് വോട്ടുചെയ്യും.
മുൻമന്ത്രിയെ ‌എപ്പോൾ അറസ‌്റ്റ‌് ചെയ്യുമെന്ന‌് പലരും ചോദിക്കുന്നുണ്ട‌്.  അന്വേഷണ ഏജൻസി തെളിവുകളുടെ അടിസ്ഥാനത്തിലാണ‌് പ്രതിചേർക്കുന്നതും അറസ‌്റ്റ‌് ചെയ്യുന്നതും. അതിൽ എൽഡിഎഫ‌് സർക്കാരോ പാർടിയോ ഇടപെടില്ല.  പാലാരിവട്ടം പാലം യുഡിഎഫിന്റെ അഴിമതിയുടെ സാക്ഷ്യപത്രമായി നിൽക്കുന്നു. യുഡിഎഫിന്റെ കാലത്ത‌് എന്തുനടന്നാലും അഴിമതിയായിരുന്നു. പാലമെന്ന‌് കേൾക്കുമ്പോൾ ഇപ്പോൾ യുഡിഎഫുകാർക്ക‌് ഞെട്ടലാണ‌്.  
 ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മാണി സി കാപ്പനും നടത്തുന്ന മുന്നേറ്റം പാലായിൽ പുതിയ ചരിത്രം കുറിക്കും. അവഗണിക്കപ്പെട്ട പ്രദേശങ്ങളിൽ വികസനം യാഥാർഥ്യമാകാൻ മാണി സി കാപ്പന്റെ വിജയം അനിവാര്യമാണെന്നും കോടിയേരി പറഞ്ഞു.
തലനാട‌് ചേർന്ന യോഗത്തിൽ പി എസ‌് ബാബു അധ്യക്ഷനായി. ചീഫ‌് വിപ്പ‌് കെ രാജൻ സംസാരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി കെ ബിജു, എൻസിപി ദേശീയ സെക്രട്ടറി കെ ജെ ജോസ‌്മോൻ ജോസ‌് കുറ്റിയാനിമറ്റം, ഉഴമലയ‌്ക്കൽ വേണുഗോപാൽ, ടി ആർ രഘുനാഥ‌ൻ, പി ഷാനവാസ‌്, ജോയി ജോർജ‌് എന്നിവർ പങ്കെടുത്തു. കെ എം രാജേന്ദ്രപ്രസാദ‌് സ്വാഗതവും വി എൻ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
മൂന്നിലവിലെ യോഗത്തിൽ പി ആർ മനോജ‌് അധ്യക്ഷനായി. മന്ത്രി വി എസ‌് സുനിൽകുമാർ, പി കെ ബിജു, ടി എൻ രമേശൻ, ജോയി ജോർജ‌്, രമേഷ‌് ബി വെട്ടിമറ്റം എന്നിവർ സംസാരിച്ചു. എ വി ശാമുവൽ സ്വാഗതവും ഷാജി ജോൺ നന്ദിയും പറഞ്ഞു‌.
 
പ്രധാന വാർത്തകൾ
 Top