20 October Sunday
കുരുമുളക്‌ സ്‌പ്രേ പ്രയോഗിച്ച്‌ കവർച്ച

സൂത്രധാരനായ ഗുണ്ടാത്തലവൻ അലോട്ടി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

 കോട്ടയം

നഗരമധ്യത്തിലെ കൊറിയർ സ്ഥാപനത്തിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ച് കവർച്ചനടത്തിയ സംഭവത്തിലെ മുഖ്യസൂത്രധാരനും ഗുണ്ടാത്തലവനുമായ അലോട്ടി പിടിയിൽ. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘത്തിന്‌ നേരെയും കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. 23 വെടിയുണ്ടകളും ഇടിക്കട്ട, വിദേശ നിർമിത കത്തി, മഴു, കുരുമുളക് സ്പ്രേ എന്നിവ പിടിച്ചെടുത്തു. കൊലപാതകം, പിടിച്ചുപറി അടക്കം 19 കേസുകളിലെ പ്രതിയാണ്‌. കൊലക്കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ്‌ ഇയാൾ പിടിയിലാകുന്നത്‌. കവർച്ച ആസൂത്രണം ചെയ്തത് ഇയാളാണെന്ന്‌ ഡിവൈഎസ്‌പി ആർ ശ്രീകുമാർ വാർത്താസമ്മേളനത്തിൽ  പറഞ്ഞു. 
പുതുപ്പള്ളി  കൊച്ചുമറ്റം ഭാഗത്ത് പള്ളിവാതുക്കൽ വീട്ടിൽ താമസിക്കുന്ന ആർപ്പൂക്കര കൊപ്രായിൽ ജെയ്‌സ്‌മോൻ ജേക്കബി(അലോട്ടി–-25) നെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ സിഐ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വ്യാഴാഴ്‌ച രാത്രി  പയ്യപ്പാടിയിലെ ഭാര്യവീട്ടിൽ നിന്നാണ്‌ അലോട്ടിയെ പിടികൂടിയത്‌. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിങ്കളാഴ്‌ചയാണ്‌ തിരുനക്കരയിൽ പ്രവർത്തിക്കുന്ന എക്സ്പ്രസ് ബീസ് എന്ന കൊറിയർ സ്ഥാപനത്തിലെ ജീവനക്കാർക്കുനേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച്‌ മോഷണം നടത്തിയത്‌. കേസിൽ തിരുവാർപ്പ് കൈച്ചേരിൽ വീട്ടിൽ അഖിൽ ടി ഗോപി(20), വേളൂർ കൊച്ചുപറമ്പിൽ വീട്ടിൽ ബാദുഷ(20) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഇവരുടെ മൊബൈൽ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിൽ അലോട്ടി സംഭവദിവസം ഇരുവരെയും വിളിച്ചതായി കണ്ടെത്തി. തുടർന്ന് ചോദ്യം ചെയ്യലിൽ അലോട്ടിയാണ് മോഷണം ആസൂത്രണം ചെയ്തതെന്ന് വ്യക്തമായി.
ഓൺലൈനിൽ വാങ്ങിയ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴാണ് വൻതുക ഇവിടെ ഉണ്ടെന്ന് അലോട്ടി മനസ്സിലാക്കിയത്. തുടർന്ന് വിവരം ബാദുഷായ്ക്കും കൂട്ടാളികൾക്കും കൈമാറി. അലോട്ടിയുടെ നിർദേശം അനുസരിച്ചായിരുന്നു കവർച്ച. പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും അലോട്ടിയാണ്‌. 2014 ൽ തിരുനക്കരയിലെ ലോഡ്ജ് മാനേജരെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അടുത്തമാസം ആരംഭിക്കാനിരിക്കെയാണ് ഇപ്പോൾ പിടിയിലായത്. 
ജില്ലാ പൊലീസ് മേധാവി പി എസ് സാബു, ഡിവൈഎസ്‌പി ആർ ശ്രീകുമാർ, എസ്ഐ കെ എസ് ശ്രീജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി എൻ മനോജ്, സിവിൽ പൊലീസ് ഓഫിസർ കെ ആർ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.
 
പ്രധാന വാർത്തകൾ
 Top