17 September Tuesday
അവസാനിച്ചത്‌ 3 പതിറ്റാണ്ടത്തെ ഒറ്റപ്പെടൽ

അങ്ങനെ ഒരു പ്രളയകാലത്ത്‌ വാസുപിള്ള സനാഥനായി...

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

 പാലാ

വേർപാടുകളും നഷ്ടപ്പെടലുകളും മാത്രം സമ്മാനിച്ച പ്രളയം വാസുപിള്ളയ്‌ക്ക്‌ സമ്മാനിച്ചത്‌ സനാഥത്വം. മൂന്ന‌് പതിറ്റാണ്ടിന്റെ അനാഥത്വത്തിന‌ാണ്‌ കനത്തമഴയും വെള്ളപ്പൊക്കവും  വിരാമമിട്ടത്‌. പ്രളയത്തിൽ മുങ്ങിയ നഗരത്തിൽ ഒറ്റപ്പെട്ട വൃദ്ധ പിതാവിനെ തേടി മലബാറിൽനിന്ന‌് മകനും കൊച്ചുമക്കളും എത്തിയതോടെയാണ‌് 80‐ാം വയസിൽ വീട്ടുകാരനായത‌്.
കഴിഞ്ഞ ഒൻപതിന‌് പ്രളയജലത്തിൽ പാലാ മുങ്ങിയപ്പോൾ കോൺക്രീറ്റ‌് തൂണുകൾക്കിടയിൽ അഭയംതേടിയ വാസുപിള്ളയുടെ ദൈന്യത വെളിപ്പെടുത്തി ‘മണ്ണിലിടമില്ല’ എന്ന അടിക്കുറിപ്പോടെ ദേശാഭിമാനിയിൽവന്ന ചിത്രമാണ്‌ വഴിത്തിരിവായത്‌. ചിത്രംകണ്ട‌് ഇദ്ദേഹത്തെ പാലാ മരിയാസദനം ഏറ്റെടുത്തിരുന്നു. ഈ വാർത്ത കണ്ടാണ‌് കണ്ണൂർ ചെറുപുഴ പാടിയോട്ടുചാലിൽനിന്ന‌് മകൻ ബാബുവും കൊച്ചുമക്കളും തേടിയെത്തിയത‌്.  30 വർഷങ്ങൾക്കുശേഷം അച്ഛനെ കണ്ട‌ മകനും മുത്തച്ഛനെ ആദ്യമായി കാണുന്ന കൊച്ചുമക്കളും അരികിലെത്തിയതോടെ വാസുവിന്‌ കണ്ണീർത്തിളക്കം.
മരിയ സദനം ഡയറക്ടർ സന്തോഷും, അഭയകേന്ദ്രം അധികൃതരും സിവിൽ പൊലീസ് ഓഫീസർ ബിനോ മാത്യുവും ചേർന്ന‌് വാസുപിള്ളയെ യാത്രയാക്കി. 
പതിറ്റാണ്ടുകൾക്കുമുമ്പ്‌ മുണ്ടക്കയത്തുനിന്ന‌് കണ്ണൂർ ചെറുപുഴയിലേക്ക‌് ഭാര്യക്കും രണ്ട‌് ആൺമക്കൾക്കുമൊപ്പം കുടിയേറിയതാണ‌് മാവുങ്കൽ വീട്ടിൽ വാസുപിള്ളയുടെ കുടുംബം. നടൻ തിലകന്റെ സഹപാഠികൂടിയായ വാസുപിള്ള സഹൃദയനും ഗാനമേള സംഘത്തിന്റെ ഉടമയുമായിരുന്നു. ഭാര്യ മരിച്ചതോടെ ചെറുപുഴയിലെ വീടുവിട്ടുഒറ്റപ്പെട്ട ജീവിതമായായിരുന്നു. 
അന്നുമുതൽ മക്കളായ ബാബുവും വിജയനും ബന്ധുക്കളുടെ സഹായത്തോടെ അച്ഛനെ പലയിടങ്ങളിലും തേടിയെങ്കിലും  കണ്ടെത്തിയില്ല. പഴയ പരിചയങ്ങൾവച്ച്  പാലായിലെത്തിയ വാസുപിള്ള ഇവിടെ  കൂലിപ്പണിയായിരുന്നു. പാലായിൽ  അമ്മാവനെന്നാണ്‌ ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. പ്രായംകൂടിയതോടെ ലോട്ടറി വിൽപ്പനയായി തൊഴിൽ. സ്വകാര്യ ബസ് സ്റ്റേഷന‌് സമീപമുള്ള കെട്ടിടത്തിലായിരുന്നു അന്തിയുറക്കം. ഇതിനിടെയാണ‌് പ്രളയമെത്തിയത‌്. ചിത്രം ദേശാഭിമാനിയിലും തുടർന്ന്‌ നവ മാധ്യമങ്ങളിലും വന്നതോടെയാണ് പാലായുടെ അമ്മാവൻ ശ്രദ്ധേയനായത്. വാർത്ത സിവിൽ പൊലീസ് ഓഫീസറായ ബിനോയ് മാത്യുവിന്റെ ശ്രദ്ധയിൽപ്പെടുകയും പാലാ മരിയ സദനത്തിൽ എത്തിക്കുകയുമായിരുന്നു. 
 
പ്രധാന വാർത്തകൾ
 Top