11 December Wednesday

മഴ തുടരുന്നു; ആശങ്കയും

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2019

കനത്ത മഴയെ തുടർന്ന് ഇല്ലിക്കൽ റോഡിൽ വെള്ളം കയറിയപ്പോൾ

 

കോട്ടയം
തുടർച്ചയായി മൂന്നാംദിവസവും പെയ‌്ത കനത്തമഴ ജനജീവിതം വലച്ചു. പുനലൂർ –- മൂവാറ്റുപുഴ ദേശീയപാതയുടെ ഒരുവശം ആറ്റിലേക്ക‌് ഇടിഞ്ഞു. മീനച്ചിലാറിലെ ജലനിരപ്പ‌് നാലര അടിയോളം ഉയർന്നു. കിടങ്ങൂർ കാവാലിപ്പുഴയിൽ കഴിഞ്ഞദിവസം ഒഴുക്കിൽപ്പെട്ട ഓട്ടോ ഡ്രൈവർ മനീഷിനായി തെരച്ചിൽ തുടരുകയാണ‌്. ശനിയാഴ‌്ച രാവിലെ മുതൽ പാലാ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ മുങ്ങൽ വിദഗ‌്ധരടങ്ങുന്ന സംഘം കാവാലിപ്പുഴ മുതൽ പുന്നത്തുറ കമ്പനിക്കടവ് വരെ തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. തടി കെട്ടിവലിക്കാൻ മനീഷ‌് കൊണ്ടുപോയ കയർ കമ്പനിക്കടവ് ഭാഗത്തുനിന്ന് ലഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ‌് മനീഷിനെ കാണാതായത്.
  പുനലൂർ –- മൂവാറ്റുപുഴ ദേശീയപാതയിൽ മണിമല –- മൂലേപ്ലാവ‌് റോഡാണ‌് ആറ്റിലേക്ക‌് ഇടിഞ്ഞ‌് ഗതാഗതം തടസ്സപ്പെട്ടത‌്. തുടർന്ന‌് പഴയിടം കോസ‌് വേയ‌്ക്ക‌് മറുവശത്തുള്ള റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടു. 
   മീനച്ചിലാറ്റിലെ ജലനിരപ്പ‌് ഉയർന്നത‌് കോട്ടയത്തിന്റെ പടിഞ്ഞാറൻ ഭാഗത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. തിരുവാർപ്പ‌് കിളിരൂർ താമരശേരി കോളനിയിൽ വെള്ളംകയറി. കോട്ടയം നഗരസഭയെയും തിരുവാർപ്പ‌് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചിറ്റടി തടിപ്പാലം ഒഴുകിപ്പോയി.   
  മുണ്ടക്കയം വെള്ളനാടി എസ‌്റ്റേറ്റിലെ കൊടുകപ്പലം ദേവീക്ഷേത്രത്തിലെ ആൽമരം ശനിയാഴ‌്ച പുലർച്ചെ കടപുഴകി വീണ‌് വീടുതകർന്നു. പാറയ‌്ക്കൽ സുരേന്ദ്രന്റെ വീടാണ‌് തകർന്നത‌്. ഭാര്യ സരോജിനിയുടെ തലയ‌്ക്ക‌് പരിക്കേറ്റു. 
പനച്ചിക്കാട് കനത്തമഴയിലും കാറ്റിലും മരം കടപുഴകിവീണ് വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന പ്ലസ് വൺ വിദ്യാർഥിനി ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. പനച്ചിക്കാട് പാത്താമുട്ടം മാളിക്കടവ് മച്ചാട്ടികുളം പള്ളിയടിയിൽ പി ജെ ഐസക്കിന്റെ വീടാണ് 50 അടി ഉയരമുള്ള വേങ്ങമരം വീണ‌് തകർന്നത്. വൈകിട്ട‌് നാലിനാണ് അപകടം. ഐസക്കിന്റെ ഇളയമകളാണ‌് ഓടി രക്ഷപ്പെട്ടത‌്. അപകടത്തിൽ വീട് പൂർണമായും നശിച്ചു. കനത്ത മഴയിലും കാറ്റിലും മരം വീണ് പുതുപ്പള്ളി പെരിങ്ങാവ് പുത്തൻപറമ്പിൽ തങ്കച്ചന്റെ വീടു തകർന്നു. വീടിന് സമീപത്തെ കന്നുകാലി കൂടും തകർന്നു. വീട്ടുകാർ ഓടി മാറിയതിനാൽ ആളപായം ഉണ്ടായില്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top