03 June Wednesday

ചെങ്കോട്ടകളിൽ വിജയഭേരിയായി വാസവൻ

ജി അനിൽകുമാർUpdated: Sunday Apr 21, 2019

 

കോട്ടയം
ചെങ്കോട്ടകളിൽ വിജയഭേരിയോടെ നാടിന്റെ നായകൻ എത്തി. ആരവവുമായി അനുഗമിച്ച‌് ആയിരങ്ങൾ അണിനിരന്നതോടെ സ്വീകരണ കേന്ദ്രങ്ങൾ ചെങ്കടലായി. ഇടതുകോട്ടകളായ കുമരകത്തും വൈക്കത്തും എത്തിയ കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവനെ നാടൊന്നാകെയാണ‌് വരവേറ്റത‌്. പ്രളയത്തിൽ മുങ്ങിയ കുമരകത്തെ നിവാസികളുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ജനരക്ഷകനെ പ്രളയകാല അനുഭവക്കരുത്തോടെയാണ‌് ഗ്രാമവാസികൾ സ്വീകരിച്ചത‌്. നൂറുകണക്കിന‌് ആളുകൾ അണിനിരന്ന റോഡ‌് ഷോയിൽ കുമരകംഗ്രാമം ചുവന്നുതുടുത്തു. കുമരകം പഞ്ചായത്തിലെ ആറാം വാർഡിലെ കണ്ടംകാവ് സ്വീകരണ കേന്ദ്രത്തിൽ നിന്നാണ് ശനിയാഴ്ച സ്വീകരണ പര്യടനം തുടങ്ങിയത്. ഇടതുപക്ഷ സ്വാധീന മേഖലകളിലൂടെ പടനയിച്ചെത്തിയ വീരനായകന‌് വിജയാശംസയുമായി  സ‌്ത്രീകളടക്കം വൻജനാവലി എത്തി.  ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച്  പുതുവേലിൽ ശിവപ്രസാദ് സ്ഥാനാർഥിയെ  വരവേറ്റു. 
 രണ്ടാം പാലത്തിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളടക്കം അണിനിരന്നു. ചെങ്കൊടികൾ വീശി വാദ്യമേളങ്ങളുടെ അകമ്പടിയോടെ കുമരകം റോഡിലൂടെ ആവേശക്കടലായി ഇരമ്പിയെത്തിയ മഹാറാലി കുമരകത്തെയാകെ ഇളക്കിമറിച്ചു. കുമരകം ടൗണിലേക്കെത്തുമ്പോൾ വൻ ജനാവലി സ്ഥാനാർഥിയെ വരവേൽക്കാനായി കാത്തു നിൽക്കുകയായിരുന്നു.   
 
എസ്ബിടിയിലെ സ്വീകരണ കേന്ദ്രത്തിൽ എത്തിയ സ്ഥാനാർഥിക്ക് മത സൗഹാർദത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്ന ശിൽപം നൽകി സ്വീകരിച്ചു. കനത്ത ചൂടിൽ ആശ്വാസം പകർന്ന‌് എല്ലാവർക്കും സംഭാരവും നൽകിയാണ‌് നാട്ടുകാർ ഒന്നടങ്കം റോഡ‌്ഷോയെ ഹൃദയത്തിലേറ്റിയത‌്. 
ദേവസ്വംചിറയിൽ എത്തുമ്പോൾ സ‌്ത്രീകളും വൃദ്ധ മാതാപിതാക്കളും അടക്കം ഗ്രാമവാസികളെല്ലാം വഴിയരികിൽ കാത്തുനിൽക്കുന്നു. പ്രളയകാലത്ത‌് ടോറസുകളുമായി എത്തി തങ്ങളുടെ ജീവൻ രക്ഷിച്ച നേതാവിന‌് തങ്ങളുടെ ഹൃദയാംഗീകാരം നൽകാനും പിന്തുണ നേരിട്ട‌് അറിയിക്കാനുമായിരുന്നു അത‌്. വൃദ്ധരായ അമ്മമാർ വാസവന്റെ കൈപിടിച്ച‌് ഒപ്പമുണ്ടെന്ന‌് ഉറപ്പുനൽകുന്ന കാഴ‌്ച ഏറെ ആവേശകരമായിരുന്നു. പൂക്കളും പഴങ്ങളും ചുവന്ന മാലയും നൽകിയതിനൊപ്പം തങ്ങളെ രക്ഷിക്കാൻ എത്തിച്ച ടോറസിന്റെ മാതൃക സമ്മാനമായി  നൽകി മനസ്സിന്റെ അംഗീകാരം അറിയിച്ചു. 
ആപ്പിത്തറയിൽ എത്തിയ സ്ഥാനാർഥിക്ക‌് കരിക്കിൻകുല നൽകിയാണ‌് വരവേറ്റത‌്. വൻജനക്കൂട്ടമാണ‌് ഇവിടെയും പിന്തുണയുമായി എത്തിയത‌്. കുമരകത്തെ സമാപന കേന്ദ്രമായ ആശാരിമറ്റം കോളനിയിലേക്കുള്ള യാത്രാമധ്യേ പുത്തൻ റോഡ‌് ജങ‌്ഷനിൽ ഓട്ടോറിക്ഷാ തൊഴിലാളികളുടെ ഉജ്വല സ്വീകരണം. വാസവൻ എത്തുന്നതറിഞ്ഞ‌് തൊഴിലാളികൾ ഒന്നടങ്കം എത്തുകയായിരുന്നു. തൊഴിലാളി നേതാവിന‌് പിന്തുണയേകി മുദ്രാവാക്യം വിളികളോടെ വീരോചിതമായ വരവേൽപ്പ‌്. ആശാരിമറ്റം കോളനിയിൽ എന്തുമ്പോഴേക്കും നിവാസികൾ മുഴുവൻ പേരും സ്ഥാനാർഥിയെ കാത്ത‌് നിൽക്കുന്നുണ്ടായിരുന്നു. ജന്മനാ കാലുകൾക്ക‌് വൈകല്യം നേരിടുന്ന ജഗദമ്മ വീൽചെയറിൽ എത്തിയാണ‌് സ്ഥാനാർഥിയെ സ്വീകരിച്ചത‌്. പെൻഷൻകാരും പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക‌് സർക്കാർ സഹായത്തിൽ പുതുജീവിതം ലഭിച്ചവരും അടക്കം വിവിധ ജനവിഭാഗങ്ങൾ എത്തിയിരുന്നു. 
വൈകിട്ട‌്  മറ്റത്തു നിന്നാണ‌് വൈക്കം നിയോജക മണ്ഡലത്തിലെ പര്യടനം തുടങ്ങി. മറ്റം റോഡിൽ നിന്ന‌് സ്വീകരണ കേന്ദ്രംവരെ കമനീയമായി അലങ്കരിച്ചിരുന്നു. തെരഞ്ഞെടുപ്പു ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം താലമായി ഏന്തിയ യുവതികളുടെ ശിൽപം വഴിനീളെ ഇരുവശങ്ങളിലുമായി സ്ഥാപിച്ചിരുന്നത‌് സ്വീകരണത്തെ ആകർഷകമാക്കി. 
തുടർന്ന‌് മുണ്ടാർ കോളനി പാലത്തിനടുത്ത‌് ഹൃദ്യമായ വരവേൽപ്പ‌്. തുടർന്ന‌് മുണ്ടാറിലേക്ക‌്. നിവാസികളുടെ ആവേശത്തിൽ എല്ലാം മറന്ന‌്  വള്ളത്തിൽ പുത്തൻതോട്ടിലൂടെ കനത്ത മഴയെ അവഗണിച്ച‌് സാഹസികമായ യാത്ര. മഴ കനത്തതോടെ കോളനിവാസികളുടെ നിർബന്ധത്തെത്തുടർന്ന‌് യാത്ര ഇടയ‌്ക്കുവച്ച‌് അവസാനിപ്പിച്ച‌് വീണ്ടും വൈക്കത്തിന്റെ മറ്റ‌് ഭാഗങ്ങളിലേക്ക‌്. രാത്രി ഏഴരയോടെ എത്തുമ്പോഴും വെട്ടത്തുപറപ്പ‌് സ്വീകരണ കേന്ദ്രം ജനനിബിഡമായിരുന്നു. ശക്തമായ കാറ്റും മഴയും അവഗണിച്ചും കോടിയാട‌്, പുത്തൻപാലം, പിഎച്ച‌്സി, കണത്താലി, കോടാലിച്ചിറ എന്നിവിടങ്ങളിൽ നൂറുകണക്കിന‌് ആളുകൾ സ്വീകരണം നൽകി. 
കുമരകത്ത‌് അഡ്വ. കെ സുരേഷ‌് കുറുപ്പ‌് എംഎൽഎ, കെ എൻ വേണുഗോപാൽ, ഇ എസ‌് ബിജു, കെ ഐ കുഞ്ഞച്ചൻ, രാജീവ‌് നെല്ലിക്കുന്ന‌് എന്നിവരും വൈക്കത്ത‌്  സി കെ ആശ എംഎൽഎ, കെ കെ ഗണേശൻ, കെ അരുണൻ, പി സുഗതൻ, അഡ്വ. പി കെ ഹരികുമാർ, കെ ബി പുഷ‌്കരൻ, പി ശശിധരൻ, പി ഹരിദാസ‌്, എം സുജിൻ, രാഗിണി മോഹനൻ, പി ടി സെബാസ‌്റ്റ്യൻ, കെ ജി രാജു, സാബു പി മണലൊടി, പി എസ‌് മോഹനൻ, പി ശകുന്തള എന്നിവരും ഒപ്പമുണ്ടായി.
പ്രധാന വാർത്തകൾ
 Top