13 November Wednesday

അമ്പാട്ട് കടവിലും ഇനി ആമ്പൽ വസന്തം

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

 കോട്ടയം

കോട്ടയത്ത്‌ കാഴ്‌ചയുടെ വിരുന്നൊരുക്കി മറ്റൊരാമ്പൽ വസന്തത്തിനു കൂടി തുടക്കം. പനച്ചിക്കാട്‌ അമ്പാട്ട്‌ കടവിലെ ആമ്പൽ ഫെസ്‌റ്റിനാണ്‌ ശനിയാഴ്‌ച തുടക്കമായത്‌. 
മീനച്ചിലാർ–- മീനന്തറയാർ–- കൊടുരാർ നദീ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി ഗ്രാമീണ ടൂറിസം വിപുലപ്പെടുത്താനും ജല ഗതാഗതം പുനസ്ഥാപിക്കുന്നതിലൂടെ ജലാശയ സംരക്ഷണത്തിനും ഇതിലൂടെ നെൽകൃഷി തിരികെ കൊണ്ടുവരികയുമാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി കൃഷിക്കൊരുങ്ങുന്ന ഇരുന്നുറേക്കറോളം വരുന്ന അമ്പാട്ട് കടവിലെ പാടങ്ങളിൽ ഇപ്പോൾ ചുവന്ന ആമ്പൽ പൂക്കൾ പടർന്ന് കിടക്കുകയാണ്. ഈ മനോഹര കാഴ്ച കാണാനും ആസ്വദിക്കാനുമായാണ്‌ സഞ്ചാരികൾക്കായി ആമ്പൽ ഫെസ്റ്റ് ഒരുക്കിയത്‌.
ഫെസ്റ്റിന്റെ ഉദ്ഘാടനം കലക്ടർ  പി കെ സുധീർ ബാബു നിർവഹിച്ചു. പനച്ചിക്കാട് പഞ്ചായത്തംഗം സുമാ മുകുന്ദൻ അധ്യക്ഷയായി. പദ്ധതി കോർഡിനേറ്റർ അഡ്വ. കെ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി രമേശ്‌, കൃഷി വകുപ്പ് അസി. എൻജിനിയർ മുഹമ്മദ് ഷെരീഫ്, പനച്ചിക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി കെ ഗോപാലകൃഷ്ണൻ, കൊല്ലാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി വി ചാക്കോ, ഉല്ലാസതീരം സെക്രട്ടറി  വി എസ് തോമസ്, കടവോരം സെക്രട്ടറി  പ്രദീപ് മാത്യു, പുത്തൻ തോട് നവീകരണ സമിതി പ്രസിഡന്റ് അനിയൻ കുഞ്ഞ് പാലമൂട്ടിൽ, ലാലു കേച്ചേരിൽ, വെള്ളൂർ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ രതിഷ് ജെ ബാബു, കെ എസ് സോമൻ, എ വി കൃഷ്ണകുമാർ, എൻ അജിചന്ദ്രമേനോൻ എന്നിവർ സംസാരിച്ചു.  സഞ്ചാരികൾക്കായി വള്ളങ്ങളും പെഡൽ ബോട്ടുകളും, ഫിഷിങ്‌, ഫോട്ടോ ഷൂട്ട്, നാടൻ വിഭവങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
 
പ്രധാന വാർത്തകൾ
 Top