15 October Tuesday

പാലായെ ഹൃദയപക്ഷത്തോട് ചേർത്ത്‌ ജനനായകൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

എൽഡിഎഫ്‌ പ്രചാരണാർഥം മുത്തോലിയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്‌ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക്‌ എത്തുന്നു

പാലാ

കിഴക്കൻ മലയോര ഗ്രാമമായ മേലുകാവുമറ്റമാകെ നവകേരളത്തിന്റെ വികസന നായകനെ കാത്ത് നിൽക്കുന്നു. ആവേശം പകർന്ന് ഒരു ഭാഗത്ത‌് മേളക്കാരും. പൊതുസമ്മേളന പന്തൽ നിറഞ്ഞ് ഇടത്തരക്കാരും സാധാരണക്കാരുമടങ്ങുന്ന ജനം. വേദിയിൽ  മന്ത്രിമാരും എൽഡിഎഫിന്റെ പ്രമുഖ നേതാക്കളും. എൽഡിഎഫ‌് സ്ഥാനാർഥി മാണി സി കാപ്പനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിനിറങ്ങുന്ന ആദ്യകേന്ദ്രത്തിൽ മാധ്യമപ്പടയുടെ നീണ്ടനിരയുണ്ട‌്.

മുഖ്യമന്ത്രി എത്തും മുമ്പ്‌ തകർപ്പൻ പ്രസംഗവുമായി മന്ത്രി എം എം മണി വേദിയിൽ. മണിയാശാന്റെ പ്രസംഗം മുറുകുമ്പോൾ വെളിയിൽ വലിയ ആരവം. വികസന നായകന്റെ വരവാണ്. കൈകൾ ഉയർത്തി സദസ്സിനെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി വേദിയിലെത്തി. അളന്നു മുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഓരോ വാക്കുകളും. എന്തൊക്കെയാണ‌് ഈ സർക്കാർ ചെയ‌്തതെന്ന‌് അക്കമിട്ടു നിരത്തിയുള്ള പ്രസംഗം. ‘‘മൂന്നേകാൽ വർഷം മുമ്പ്‌ നിങ്ങളാകെ നിരാശയിലായിരുന്നില്ലേ, നമ്മുടെ നാടിനെ കളങ്കിതമാക്കിയ എത്രയെത്ര സംഭവങ്ങൾ ഇവിടെയുണ്ടായി? ’’ മുഖ്യമന്ത്രിയുടെ ചോദ്യം യുഡിഎഫ‌് ഭരണനാളുകളിലേക്ക്‌ ഓർമകളെ നയിച്ചു. യുഡിഎഫ‌് ഭരണവും ഇന്നത്തെ ഭരണവും തമ്മിലുള്ള അന്തരം  വ്യക്തമാക്കാൻ കൃത്യമായ കണക്കുകളും പിണറായിയുടെ പക്കലുണ്ട‌്.  ‘‘യുഡിഎഫ‌് ഭരണത്തിലെ അഴിമതികളെക്കുറിച്ചൊന്നും ഞാൻ പ്രത്യേകിച്ച‌് പറയേണ്ടതില്ലല്ലോ?’’ എന്ന‌് ചെറുചിരിയോടെ ചോദിക്കുമ്പോൾ സദസ്സിൽ പലയിടത്തുനിന്നും ‘പാലാരിവട്ടം’ എന്ന‌് മറുപടി. അഴിമതിക്കാർക്ക‌് ഇനി കേരളത്തിൽ രക്ഷയില്ലെന്ന‌് ഇതിനകം എല്ലാവരും തിരിച്ചറിഞ്ഞെന്നും മുഖ്യമന്ത്രി. ലൈഫ‌് പദ്ധതിയിലൂടെ ഒന്നേകാൽ ലക്ഷം കുടുംബങ്ങളും പ്രളയാനന്തര പുനർനിർമിതിയുടെ ഭാഗമായി എണ്ണായിരത്തിൽപരം കുടുംബങ്ങളുമാണ‌് സ്വന്തം വീട്ടിൽ ഈ വർഷം ഓണം ഉണ്ടതെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ വിമർശകർക്കുള്ള മറുപടിയായി.

   കൊല്ലപ്പള്ളിയിലെ യോഗത്തിൽ സർക്കാരിന്റെ വികസനനേട്ടങ്ങൾ വിവരിക്കുന്നതിനിടെ മഴയെത്തി. സദസ്സിന്റെ ശ്രദ്ധ ആകർഷിച്ച‌്, ‘‘പെയ്യുന്ന മഴയേക്കാൾ കൂടുതൽ പറയാനുണ്ടെ’’ന്ന‌് മുഖ്യമന്ത്രി. 

പേണ്ടാനുംവയലിലും മുഖ്യമന്ത്രിയുടെ വാക്കുകൾക്ക‌് കാതോർത്ത‌്  ജനസഹസ്രമുണ്ട‌്. ജൻഡർ ബജറ്റിലൂടെ സ‌്ത്രീ സുരക്ഷയിലൂന്നി സർക്കാർ നടത്തുന്ന വികസനപ്രവർത്തനങ്ങൾക്ക‌് സദസ്സിലെ മുൻനിരയിലിരുന്ന സ‌്ത്രീസമൂഹത്തിന്റെ കൈയടി. 

മുത്തോലിയിൽ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടെ പിണറായി വേദിയിലേക്കെത്തി. കേരളത്തെ ശ്വാസംമുട്ടിക്കുന്ന കേന്ദ്ര നിലപാടുകൾ തുറന്നുകാട്ടി, കാർഷിക മേഖലയെ സംരക്ഷിക്കുന്ന എൽഡിഎഫ് സർക്കാർ നടപടികൾ വിവരിക്കുന്നതിനിടെ സ്ഥാനാർഥി മാണി സി കാപ്പനെത്തി. പൈകയിലും കൂരാലിയിലും വലിയ ജനപങ്കാളിത്തം.  പൈകയിൽ പ്രസംഗം അവസാനിപ്പിച്ച് വേദിയിൽ നിന്നിറങ്ങവെ പാലാ ചാവറ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ആദിത്യൻ മുഖ്യമന്ത്രിക്ക്‌ അദ്ദേഹത്തിന്റെ പെൻസിൽ ഡ്രോയിങ്‌ സമ്മാനിച്ചു. സന്തോഷത്തോടെ അതേറ്റുവാങ്ങി ആദിത്യനെ അഭിനന്ദിച്ച് വേദിയിൽ നിന്നിറങ്ങി. വെള്ളിയാഴ്ച മൂന്നു കേന്ദ്രങ്ങളിൽക്കൂടി പര്യടനം. പാലായുടെ മനസ് എൽഡിഎഫിനൊപ്പം ചേർത്താണ‌് മുഖ്യമന്ത്രി ഓരോ കേന്ദ്രങ്ങളിൽനിന്നും മടങ്ങുന്നത്.

 

 

പ്രധാന വാർത്തകൾ
 Top