15 October Tuesday
മഴക്കെടുതി

ക്ഷീര മേഖലയില്‍ 78.10 ലക്ഷം നഷ്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

 

 
 
 
കോട്ടയം
പ്രളയത്തിൽ ജില്ലയിലെ ക്ഷീരമേഖലയ്‌ക്ക്‌ 78.10 ലക്ഷം രൂപയുടെ നാശനഷ്ടം.  പശുക്കളെ വളർത്തി ഉപജീവനം നടത്തുന്ന 2,117 ക്ഷീരകർഷകരെ പ്രളയം ബാധിച്ചു. പാലുല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ ഉണ്ടായ നഷ്ടം ഈ മേഖലയ്‌ക്ക്‌ തിരിച്ചടിയായി.
നാശനഷ്ടം സംഭവിച്ചവരിൽ 1025 പേർ വൈക്കം ബ്ലോക്കിലാണ്. ഭൂരിഭാഗം പേരും ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നതിനാൽ കറവമാടുകളുടെ പരിചരണവും കറവയും പാൽവിതരണവും കൃത്യമായി നടത്താനായില്ല. 3,726 ലിറ്റർ പാലാണ് കറന്നെടുക്കാൻ കഴിയാതെ നഷ്ടമായത്. ലിറ്ററിന് 40 രൂപ നിരക്കിൽ 1.49 ലക്ഷം രൂപയാണ് പ്രതിദിന നഷ്ടമായത്‌. 
കറവയുള്ളതുൾപ്പെടെ 16  പശുക്കളും മൂന്ന് കിടാരികളും ചത്തു. വെള്ളം കയറിയ തൊഴുത്തുകളിൽ നിന്ന് ഉരുക്കളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതിനാൽ മരണനിരക്ക് കുറയ്ക്കാനായി. ദുരന്ത നിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിൽ കന്നുകാലികൾക്കായി ആരംഭിച്ച പ്രത്യേക ക്യാമ്പുകളും ഇതിന് സഹായകമായി.  
പ്രളയത്തിൽ 17 കാലിത്തൊഴുത്തുകൾ പൂർണമായും 97 എണ്ണം  ഭാഗികമായും നശിച്ചു. 41 ഹെക്ടറിലെ പുൽകൃഷി വെള്ളത്തിൽ മുങ്ങി. ഏറ്റുമാനൂരിലും വൈക്കത്തുമാണ് പുൽകൃഷി വ്യാപകമായി നശിച്ചത്. 
കർഷകർ സൂക്ഷിച്ചിരുന്ന 53.3 മെട്രിക് ടൺ വൈക്കോൽ വെള്ളത്തിൽ നനഞ്ഞ്  ഉപയോഗയോഗ്യമല്ലാതായി. ഉഴവൂരിൽ 350 പാക്കറ്റ് കാലിത്തീറ്റയും  കടുത്തുരുത്തിയിൽ 14 മെട്രിക് ടണ്ണും നശിച്ചു.
 
 
പ്രധാന വാർത്തകൾ
 Top