19 September Sunday
നദീ പുനഃസംയോജന പദ്ധതി അടുത്ത ഘട്ടത്തിലേക്ക്‌

‘കോട്ടയം മാതൃക’ കേരളം ഏറ്റെടുക്കും: ഡോ. തോമസ്‌ ഐസക്ക്‌

സ്വന്തം ലേഖകൻUpdated: Tuesday Jul 20, 2021

മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ പുനഃസംയോജന പദ്ധതി ജനകീയ കൂട്ടായ്‌മ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ്‌ ഐസക്ക്‌ ഉദ്‌ഘാടനം ചെയ്യുന്നു

കോട്ടയം
നദീ പുനഃസംയോജന പദ്ധതി വഴി ജില്ലയുടെ ‘വാട്ടർ മാസ്‌റ്റർപ്ലാനാ’ണ്‌ കോട്ടയത്ത്‌ സൃഷ്ടിക്കപ്പെട്ടതെന്നും സമീപ ഭാവിയിൽ കേരളമാകെ ഈ മാതൃക ഏറ്റെടുക്കേണ്ടിവരുമെന്നും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും മുൻ ധനമന്ത്രിയുമായ ഡോ. ടി എം തോമസ്‌ ഐസക്ക്‌ പറഞ്ഞു. മീനച്ചിലാർ –- മീനന്തറയാർ –- കൊടൂരാർ  പുനഃസംയോജന പദ്ധതിയുടെ അടുത്ത ഘട്ടം എങ്ങനെയാവണം എന്നാലോചിക്കാൻ ചേർന്ന ജനകീയ കൂട്ടായ്‌മ യോഗം സഹകരണ അർബൻ ബാങ്ക്‌ ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനം പോലുള്ള ദുരന്തങ്ങൾ മറ്റ്‌ രാജ്യങ്ങളിലേതുപോലെ ഇനി കേരളത്തേയും വേട്ടയാടുമെന്നുറപ്പാണ്‌. അവിടെയാണ്‌ പ്രകൃതിയെ സംരക്ഷിക്കാനും ഭൂമിയെ കരുതാനും കഴിയുന്ന ജലമാനേജ്‌മെന്റിന്റെ പുത്തൻ മാതൃക മുൻ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ജില്ല സൃഷ്ടിച്ചത്‌. ലഭ്യമായ സ്ഥിതിവിവരങ്ങളുടെ ശാസ്‌ത്രീയ ഉപയോഗം വഴി ജില്ലയുടെ സമഗ്ര വികസന വിഷയത്തിൽ ഫലപ്രദമായി ഇടപെടാൻ ഈ കൂട്ടായ്‌മയ്‌ക്ക്‌ കഴിയണമെന്നും അദ്ദേഹം നിർദേശിച്ചു. നദീ പുനഃസംയോജന പദ്ധതി കോ ഓർഡിനേറ്റർ അഡ്വ. കെ അനിൽകുമാർ അധ്യക്ഷനായി. പദ്ധതി ഏറ്റെടുത്തത്‌വഴി ജില്ലയുടെ പാരിസ്ഥിതികവും കാർഷികവുമായ പുരോഗതിക്കും ടൂറിസം അടക്കമുള്ള മേഖലകളുടെ വികസനത്തിനും ഉണ്ടായ നേട്ടങ്ങൾ അദ്ദേഹം വിശദീകരിച്ചു. ജനകീയ കൂട്ടായ്‌മ അംഗങ്ങളും സന്നദ്ധ പ്രവർത്തകരുമായ വിവിധ വിഭാഗം ആളുകളും പദ്ധതിയുമായി സഹകരിച്ച്‌ പ്രവർത്തിച്ച വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്‌ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top