24 July Saturday

വണ്ടീം ഓടി
അടുക്കളേം നിറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021
കോട്ടയം
നിരീക്ഷണത്തിൽ കഴിയുമ്പോൾ കോവിഡ്‌ വന്നാൽ എങ്ങനെ ആശുപത്രിയിലെത്തും, സിഎഫ്‌എൽടിസിയിലേക്ക്‌ പോയാൽ വീട്ടിലുള്ളവർക്ക്‌ ആര്‌ ഭക്ഷണം കൊടുക്കും. ഒരുപിടി ചോദ്യങ്ങൾ മനസിലുയർത്തിയവർക്കൊന്നും നിരാശപ്പെടേണ്ടി വന്നില്ല. എല്ലാവരെയും ചേർത്തുപിടിക്കുന്ന സർക്കാരിനെ ജനകീയമായ സന്നദ്ധ പ്രവർത്തനങ്ങളിലൂടെ ജില്ലയിലെങ്ങും അനുഭവിച്ചറിഞ്ഞു. കോവിഡ്‌ രോഗികളെ സഹായിക്കാൻ സ്‌നേഹവണ്ടികൾ ഓടിച്ച്‌ ഡിവൈഎഫ്‌ഐയും പഞ്ചായത്ത്‌ തലത്തിലും നഗരങ്ങൾ കേന്ദ്രീകരിച്ചും സാമൂഹ്യ അടുക്കളകൾ തുറന്ന്‌ ഭക്ഷണം നൽകിയും അഭയവും സിപിഐ എമ്മും വിശന്നിരിക്കുന്നവരുടെ അരികിലെത്തി.
തദ്ദേശസ്ഥാപനങ്ങളും സാമൂഹ്യഅടുക്കളകൾ ഏറ്റെടുത്തു. മെയ്‌ എട്ടിന്‌ ലോക്‌ഡൗൺ പ്രഖ്യാപിച്ചത്‌ മുതൽ ജൂൺ 16ന്‌ പിൻവലിക്കുന്നതുവരെ ഈ പ്രവർത്തനങ്ങൾ നാട്ടിലെമ്പാടും ആശ്വാസം പകർന്നു. ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ‘സ്‌നേഹവണ്ടികൾ’ ഓടിച്ചത്‌. കോവിഡ്‌ വന്നവർ ആരായാലും രാഷ്ട്രീയമോ മറ്റ്‌ വേർതിരിവുകളോ ഇല്ലാതെ ആശുപത്രികളിലേക്കോ സിഎഫ്‌എൽടിസിയിലോ എത്തിക്കാൻ ഡിവൈഎഫ്‌ഐ പ്രവർത്തകർ മുന്നിട്ടിറങ്ങി. ജില്ലയിലാലെ നാനൂറിലേറെ സ്‌നേഹവണ്ടികൾ സൗജന്യസേവനം നടത്തിയെന്ന്‌‌ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ കെ ആർ അജയ്‌ പറഞ്ഞു. 
 മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാനും ഡിവൈഎഫ്‌ഐ മുൻകൈയെടുത്തു. 17 സ്ഥലങ്ങളിൽ സമൂഹഅടുക്കള തുറന്നു–-അജയ്‌ പറഞ്ഞു. കോട്ടയം നഗരത്തിൽ സിപിഐ എമ്മും അഭയവും ചേർന്ന്‌ നടത്തിയ സാമൂഹ്യ അടുക്കളയിലൂടെ വിവിധ ആവശ്യങ്ങൾക്ക്‌ നഗരത്തിലെത്തിയവർക്കും തിരുനക്കരയിലും പരിസരത്തുമായി അന്തിയുറങ്ങുന്നവർക്കും ഭക്ഷണം വിളമ്പി. ജില്ലയിൽ പലയിടത്തും അഭയവും പാർടിയും ചേർന്ന്‌ ഇത്തരത്തിൽ സാമൂഹ്യ അടുക്കളകളൊരുക്കിയിരുന്നു. പൊതികളാക്കി ചോറും കറികളും വീടുകളിലേക്കും എത്തിച്ചു. പഞ്ചായത്തുകൾ സംഘടിപ്പിച്ച സാമൂഹ്യ അടുക്കളകളിലും സന്നദ്ധ പ്രവർത്തകരായത്‌ യുവജനങ്ങളും വനിതകളുമാണ്‌. സഹകരണ ബാങ്കുകളും  പ്രവർത്തനങ്ങളിൽ സജീവമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top