24 June Monday

കംഫർട്ട് സ്റ്റേഷനിൽ വെള്ളമില്ല; യാത്രക്കാർ ദുരിതത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019
ചങ്ങനാശേരി
പെരുന്ന സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ വെള്ളമില്ല. ദിനംപ്രതി നൂറുകണക്കിനാളുകൾ വന്നുപോകുന്ന നഗരത്തിലെ രണ്ടാം നമ്പർ സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലാണ് വെള്ളമില്ലാത്തത്. ഇതുമൂലം
സ്ത്രീ യാത്രക്കാർ ഉൾപ്പെടെയുള്ളവരാണ‌് വലയുന്നത്. സ്റ്റാൻഡിലെ വ്യാപാരികളും ബസ് ജീവനക്കാരും നിരവധി തവണ യുഡിഎഫ് നേതൃത്വം നൽകുന്ന നഗരസഭാ ഭരണസമിതിക്ക് പരാതി നല്കിയെങ്കിലും അധികാരികൾ തിരിഞ്ഞുനോക്കിയില്ലെന്ന് കടയുടമകൾ പറഞ്ഞു. വെള്ളമില്ലെന്നുള്ള മുന്നറിയിപ്പ‌് ബോർഡുകൾ ഒന്നും തന്നെ ഇവിടെ സ്ഥാപിച്ചിട്ടില്ല. വെള്ളമില്ലെന്ന് അറിയാതെ എത്തുന്ന യാത്രക്കാരാണ്  കൂടുതലും. ഇക്കാരണത്താൽ വെള്ളമൊഴിക്കാത്തതിനാൽ ദുർഗന്ധം വമിക്കുകയാണ്. സ്റ്റാൻഡിനുള്ളിലെ വിവിധ കച്ചവടക്കാരും  ഈ ടോയ്‌ലെറ്റിനെയാണ് ആശ്രയിക്കുന്നത്.
സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർ പ്രാഥമിക കൃത്യനിർവഹണത്തിന് സമീപത്തുള്ള സ്ഥാപനങ്ങളെയാണ‌് ആശ്രയിക്കുന്നത‌്. കംഫർട്ട്സ്റ്റേഷനു
സമീപത്തായാണ് തുമ്പൂർമൂഴി പ്ലാന്റ‌് സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്തായാണ് നഗരത്തിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. ഇവിടെ നിന്നുള്ള ദുർഗന്ധവും കംഫർട്ട് സ്റ്റേഷനിലെ ദുർഗന്ധവും വമിക്കുന്നതിനാൽ സ്റ്റാൻഡ് പരിസരത്ത് നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. ബസ് യാത്രക്കായി എത്തുന്നവർ തിരികെ രോഗികളായി മടങ്ങേണ്ട സ്ഥിതിയാണ്. വെള്ളമില്ലെന്ന‌് അറിഞ്ഞിട്ടും ബന്ധപ്പെട്ട അധികൃതർ താൽക്കാലിക സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. ദിവസേന നൂറുകണക്കിന് ബസുകളും
ആയിരക്കണക്കിന് യാത്രക്കാരും വിദ്യാർഥികളും പെരുന്ന ബസ‌് സ‌്റ്റാൻഡ് വഴിയാണ‌് കടന്നുപോകുന്നത്. കംഫർട്ട് സ്റ്റേഷനിൽനിന്നുള്ള ദുർഗന്ധം പരിസരമാകെ വ്യാപിക്കുന്നതുമൂലം നാട്ടുകാരും സമീപത്തെ കച്ചവടക്കാരും ദുരിതത്തിലാണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top