01 December Tuesday

പരിശോധിച്ചോളൂ; ഞങ്ങള്‍ കാത്തുനില്‍ക്കാം

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

 കോട്ടയം

ട്രെയിൻ ഇറങ്ങിയാൽ എത്രയുംവേഗം പുറത്തെത്താൻ പരക്കം പാഞ്ഞിരുന്നവർ ഇപ്പോൾ ക്ഷമയോടെ ക്യൂ നിൽക്കുകയാണ്. അൽപ്പം വൈകിയാലും ആരോഗ്യത്തിന് ഭീഷണിയില്ലെന്ന് ഉറപ്പിക്കാൻ മുഖം മറച്ചുള്ള കാത്തുനിൽപ്പ്.
ഇൻഫ്രാറെഡ് തെർമോമീറ്റർ നെറ്റിക്കുനേരെ പിടിക്കും മുമ്പേ എന്തായി? എന്ന് ആകാംക്ഷയോടെ ചോദിക്കുന്നവരുണ്ട്. കുഴപ്പമില്ലെന്ന മറുപടി കേൾക്കുമ്പോൾ ആശ്വാസം നിറഞ്ഞ പുഞ്ചിരിയുമായി പുറത്തേക്ക്. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്കും ശരീരോഷ്മാവ് കൂടുതലുള്ളവർക്കും വീട്ടിൽ ജനസമ്പർക്കമില്ലാതെ കഴിയാൻ നിർദേശം നൽകും.
കോവിഡ്‌ 19 ജാഗ്രതയുടെ ഭാഗമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ ഹെൽപ്പ് ഡെസ്‌കിൽ രാവും പകലും ഇതാണ് സ്ഥിതി. പരിശോധനയ്ക്ക് വിധേയരാകുന്ന എല്ലാവരുടെയും വിവരങ്ങൾ ഇവിടെ രേഖപ്പെടുത്തും. ഹോം ക്വാറന്റയിൻ നിർദേശം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ പ്രത്യേക സംവിധാനമുണ്ട്. പൊലീസും ആരോഗ്യവകുപ്പിലെ ജീവനക്കാരുമടങ്ങുന്ന നാലു ടീമുകളാണ് നാലു ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്നത്. സ്‌കൂൾ ഹെൽത്ത് നേഴ്‌സുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സുമാർ എന്നിവരാണ് സംഘത്തിലുള്ളത്. വയോമിത്രം പദ്ധതിയിലെ ഡോക്ടറുടെ സേവനവും ലഭ്യമാണ്.
ദൂരയാത്ര കഴിഞ്ഞ്‌ വരുന്നവരുടെ ശരീരോഷ്മാവ്,  പൂർണ മേൽവിലാസം, ഫോൺ നമ്പർ എന്നിവയാണ് രേഖപ്പെടുത്തുന്നത്. പനി, തുമ്മൽ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരെ ഡോക്ടർ പരിശോധിച്ച് ആവശ്യമെങ്കിൽ വിശദ പരിശോധനയ്ക്ക്‌ ജനറൽ ആശുപത്രിയിലേക്ക് അയയ്ക്കും. ഇതിന് ആംബുലൻസും സജ്ജീകരിച്ചിട്ടുണ്ട്.
നിർദേശങ്ങൾ ഭൂരിഭാഗം യാത്രക്കാരും ശ്രദ്ധയോടെ കേൾക്കും. സംശയങ്ങൾ ഉന്നയിക്കുന്നവരും ഏറെ. ലഘുലേഖയും നൽകുന്നുണ്ട്‌.  
നടപടികൾക്ക് റെയിൽവേയുടെ പൂർണ പിന്തുണ. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായി കൈ കഴുകാൻ പ്രത്യേക സജീകരണങ്ങൾ. പ്ലാറ്റ്‌ഫോമിലും കൈ കഴുകാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് സ്റ്റേഷൻ മാനേജർ ബാബു തോമസ് പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top