27 May Wednesday
9 സാമ്പിളുകളും നെഗറ്റീവ്‌

തുടരാം അതിജാഗ്രത

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

 കോട്ടയം

കോവിഡ്‌ 19 വ്യാപനം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളുമായി ജില്ല മുന്നേറുന്നതിനിടെ ആശ്വാസമായി പുതിയ പരിശോധനാ ഫലങ്ങൾ. വ്യാഴാഴ്‌ച ഫലം വന്ന ഒമ്പത്‌ സാമ്പിളുകളും നെഗറ്റീവാണ്‌. 27 സാമ്പിളുകൾ കൂടി പരിശോധനയ്‌ക്ക്‌ അയച്ചു. ജില്ലയിൽ ഇതുവരെ പരിശോധിച്ച 133 സാമ്പിളുകളിൽ ഫലം  വന്നതിൽ 92 എണ്ണത്തിലും രോഗബാധ ഇല്ലെന്ന്‌ സ്ഥിരീകരിച്ചു. ഇതുവരെ രണ്ട്‌ കേസുകൾ മാത്രമാണ്‌ പോസിറ്റീവായത്‌. 36 കേസുകളുടെ ഫലം ഇനിയും  വരാനുണ്ട്‌. പലവിധ കാരണങ്ങളാൽ മൂന്നെണ്ണം നിരാകരിച്ചു.  ജില്ലാഭരണകേന്ദ്രവും ആരോഗ്യവകുപ്പും സന്നദ്ധ സംഘടനകളും പ്രവർത്തകരുമെല്ലാം ഒറ്റക്കെട്ടായാണ്‌ മഹാമാരിയെ നേരിടുന്നത്‌. പൊതുസമൂഹത്തിന്റെ പിന്തുണയുമുണ്ട്‌. 
1600 പേർ വീടുകളിൽ നിരീക്ഷണത്തിൽ
ജില്ലയിൽ വ്യാഴാഴ്‌ച ആരേയും ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടില്ല. ഒരാളെ  നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി. ഇത്‌ ആശ്വാസകരമാണെങ്കിലും ജാഗ്രത തുടരണമെന്നതാണ്‌ അധികൃതരുടെ മുന്നറിയിപ്പ്‌. നിലവിൽ ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നത്‌ ആറുപേരാണ്‌. അഞ്ചുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ സ്വകാര്യ ആശുപത്രിയിലും. കഴിഞ്ഞദിവസം 185 പേരെ വീടുകളിൽ നിരീക്ഷണത്തിന്‌ നിർദേശിക്കപ്പെട്ടു. ഇതോടെ വീടുകളിൽ നിരീക്ഷണത്തിലായവരുടെ എണ്ണം 1600 ആയി.
നേരിട്ട്‌ 
സമ്പർക്കമുള്ളവർ 129 
രോഗം സ്ഥീരികരിച്ചവരുടെ സഞ്ചാരപഥം പ്രസിദ്ധീകരിച്ചശേഷം ഇവരുമായി നേരിട്ട്‌ സമ്പർക്കത്തിലേർപ്പെട്ട 53 പേർ ഇതുവരെ റിപ്പോർട്ട് ചെയ്തു. ഈ വിഭാഗത്തിൽ വ്യാഴാഴ്‌ച ആരും  റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗിയുമായി നേരിട്ടല്ലാതെ സമ്പർക്കത്തിൽപ്പെട്ടത്‌ ഒന്നുമാത്രം. അത്‌ തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാളുമായി ബന്ധപ്പെട്ടതാണ്‌. -ഇതുവരെ രോഗികളുമായി നേരിട്ട്‌ സമ്പർക്കമുള്ളതായി കണ്ടെത്തിയത്‌ -129 ഉം നേരിട്ടല്ലാതെയുള്ളത്‌  461 ഉം ആണ്‌. 
 
 
പ്രധാന വാർത്തകൾ
 Top