25 May Monday

പ്രതീക്ഷയർപ്പിക്കാം അരികിലുണ്ട്‌ ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
കോട്ടയം
കോവിഡ്‌ 19 ജില്ലയിൽ ഏറ്റവുമധികം ഭീതിവിതച്ച തിരുവാർപ്പ് പഞ്ചായത്തിൽ പ്രതീക്ഷയുടെ പ്രകാശമെത്തുന്നത്‌ പലവിധമാണ്‌. ആവശ്യക്കാർക്ക് ഭക്ഷണം, അല്ലെങ്കിൽ പലചരക്ക്‌ സാധനങ്ങൾ, രോഗികൾക്ക് മരുന്ന്‌, വിരസത അകറ്റാൻ പുസ്തകങ്ങൾ, വീടുവീടാന്തരം രോഗപ്രതിരോധ ബോധവൽകരണം അങ്ങനെ പുതുവെളിച്ചമെത്തുകയാണ്‌.
ഇവിടെ 147 കുടുംബങ്ങളിലായി 610പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്‌. ഇതിൽ 87പേർ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ പ്രൈമറി കോൺടാക്ടിലും 460 പേർ സെക്കൻഡറി കോൺടാക്ട് പട്ടികയിലുമാണ്. വിദേശത്തുനിന്നെത്തിയ 63 പേരുമുണ്ട്. ജില്ലാഭരണവും ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്തമായി നടത്തുന്ന പ്രവർത്തനങ്ങളാണ് നാട്ടുകാർക്ക് ആശ്വാസമാകുന്നത്.
ആശാ പ്രവർത്തകർ വീടുകളിൽ തയ്യാറാക്കുന്ന ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. ഇതിൽ വെജിറ്റേറിയനും നോൺ വെജിറ്റേറിയനും പ്രത്യേകമുണ്ട്. സിഎച്ച്സി മെഡിക്കൽ ഓഫീസർമാരും മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നുള്ള ആറ് ഡോക്ടർമാരും വീടുകൾ സന്ദർശിച്ച് വിവരശേഖരണം നടത്തുന്നു. 
ക്യാൻസർ രോഗിയായ തിരുവാർപ്പ് സ്വദേശിക്ക് നിരീക്ഷണത്തിലായതിനാൽ ഏക വരുമാനമാർഗമായ ചായക്കട അടച്ചിടേണ്ടിവന്നു. പൊതുവിപണിയിൽ 28000 രൂപ വിലവരുന്ന മരുന്ന് ആരോഗ്യകേരളം അധികൃതർ ഇദ്ദേഹത്തിന് സൗജന്യമായി ലഭ്യമാക്കി.  
ജില്ലാ ഭരണകേന്ദ്രവും ആരോഗ്യവകുപ്പും ഇൻഫർമേഷൻ -പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി ഡിസി ബുക്‌സിന്റെ സഹകരണത്തോടെ പുസ്തകങ്ങളും വിതരണം ചെയ്യുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ജസി നൈനാൻ, ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സി ടി രാജേഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ അജിത് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പുസ്തകങ്ങൾ എത്തിക്കുന്നത്.
 
 
പ്രധാന വാർത്തകൾ
 Top