05 April Sunday

ഇടിക്കൂട്ടിൽനിന്ന്‌ പ്രിൻസി പുതിയ റൗണ്ടിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

കൾ സേറയുമൊത്ത്‌ പ്രിൻസി ജോസഫ് -

പാലാ
ഇടിയിൽ തീപാറുന്ന ബോക്‌സിങ്‌ റിങ്ങിൽ മലയാളി പെൺകുട്ടികൾ തിളങ്ങുമോ എന്നു സംശയിച്ചവർക്കുള്ള മറുപടിയായിരുന്നു പാലാ വെള്ളിയേപ്പള്ളി സ്വദേശിനി പ്രിൻസി ജോസഫ്‌. ദേശീയ ചാമ്പ്യൻഷിപ്പുകളിൽ ഈ പഞ്ചിനു മുന്നിൽ മെഡലുകൾ പുതുമയല്ലാതായി.  വിവാഹിതയായി തൊടുപുഴയിൽ കുടുംബജീവിതം നയിക്കുമ്പോൾ സർക്കാർജോലിയും തേടിയെത്തി. ജീവിതം പുതിയ റൗണ്ടിലേക്ക്‌ കടക്കുകയാണ്‌.
 വെള്ളിയേപ്പള്ളി നീറിയാനിക്കൽ ജോസഫിന്റെയും ജാൻസിയുടെയും മകൾ പ്രിൻസി എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ ഗ്ലൗസ്‌ അണിഞ്ഞ്‌ ഇടിക്കൂട്ടിലെത്തുന്നത്‌. പരിശീലകനായ ബിജുലാലിന്റെ പ്രോത്സാഹനത്തിൽ ഒരുകൈ നോക്കാമെന്നേറ്റ പ്രിൻസിക്ക്‌ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 2010–-ൽ സീനിയർ നാഷണൽസിൽ സ്വർണം നേടി. 2013–-ൽ വെങ്കലവും. അതിനു മുന്നേ ജൂനിയർ, സബ്‌ജൂനിയർ വിഭാഗങ്ങളിലായി നാല്‌ ദേശീയ സ്വർണ മെഡലുകളാണ്‌ പ്രിൻസി പാലായിലെ വീട്ടിലെത്തിച്ചത്‌. 
 തികച്ചും സാധാരണ കുടുംബത്തിൽ ജനിച്ച പ്രിൻസിയെയും മൂത്ത സഹോദരി ജിൻസിയെയും മാതാപിതാക്കൾ കഷ്ടപ്പെട്ടാണ്‌ പഠിപ്പിച്ചത്‌. എട്ടാം ക്ലാസ്‌ വരെ പഠനം കണ്ണാടിയുറുമ്പ്‌ സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂളിൽ. പിന്നീട്‌ കോട്ടയം സെന്റ്‌ ആൻസ്‌ എച്ച്‌എസിൽ. പിന്നീട്‌ കൊല്ലം സായ്‌യിലും പഠിച്ചു. കോളേജ്‌ വിദ്യാഭ്യാസം ചങ്ങനാശേരി അസംപ്‌ഷനിൽ. 
  സഹോദരി ജിൻസി ബാസ്‌കറ്റ്‌ബോൾ താരമായിരുന്നു. നേരത്തേ റെയിൽവേയിൽ ജോലി ലഭിച്ചു. 2015–-ലാണ്‌ പ്രിൻസി ജോലിക്ക്‌ അപേക്ഷിച്ചത്‌. വൈകിയപ്പോൾ അൽപം വിഷമമുണ്ടായെങ്കിലും സർക്കാരിൽ പ്രതീക്ഷയുണ്ടായിരുന്നെന്ന്‌ പ്രിൻസി പറഞ്ഞു. അസുഖബാധിതൻ കൂടിയായ ജോസഫിനും കുടുംബത്തിനും പ്രിൻസിയുടെ ജോലി വലിയ ആശ്വാസമായി. ഭർത്താവ്‌ രഞ്‌ജുവും ഒന്നര വയസുള്ള മകൾ സേറയുമാണ്‌ പ്രിൻസിയുടെ കൂട്ട്‌.
 
 
പ്രധാന വാർത്തകൾ
 Top