04 April Saturday

സർക്കാർ കോർട്ടിൽ ഇനി നീതുവിന്റെ സ്‌മാഷ്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

2010 ൽ റായ്‌പൂരിൽ നടന്ന മത്സരത്തിൽ കണ്ണൂർ സർവകലാശാല തുടർച്ചയായ ആറാം തവണയും ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി വോളിബാൾ ചാമ്പ്യനായപ്പോൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണത്തിൽ നീതു, കോച്ച് ബാലചന്ദ്രൻ, കണ്ണൂർ യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ പി ടി ജോസഫ് എന്നിവർക്കൊപ്പം (ഫയൽ ചിത്രം)

തിടനാട് 

 195  കായികതാരങ്ങൾക്ക്‌  വിവിധ തസ്തികളിൽ സർക്കാർ ജോലി ലഭിക്കുമ്പോൾ തിടനാട് ഗ്രാമത്തിനും അഭിമാനിക്കാം.  വനിതാ വോളിബോളിൽ ദേശീയ പ്രകടനം കാഴ്‌ചവച്ച നീതുവിന്‌ സർക്കാർ സർവീസിലാണ്‌ പുതിയ നിയോഗം.  മംഗലത്തു വീട്ടിൽ പരേതനായ എം എൻ തങ്കപ്പന്റെയും മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ വാസന്തി തങ്കപ്പന്റെയും മൂന്നു മക്കളിൽ ഇളയവളാണ്‌ നീതു.  ഭർതൃവീടായ ഇടക്കുന്നം,  അള്ളുങ്കൽ വീട്ടിലിരുന്ന്‌ നീതു ഈ സന്തോഷവാർത്ത അറിഞ്ഞു. ദുബായിൽ ജോലി ചെയ്യുന്ന ഭർത്താവ് മിഥുനെ ജോലി കിട്ടിയ കാര്യം ആദ്യമറിയിച്ചു.  ‘ജോലി പ്രതിക്ഷിച്ചെങ്കിലും ഇടതുപക്ഷ സർക്കാരിന്റെ പ്രഖ്യാപനം ഇത്ര വേഗത്തിൽ നടപ്പിലായതിൽ  അതിയായ സന്തോഷവും അഭിമാനവുമുണ്ട്,  കായിക താരങ്ങൾക്ക്‌സർക്കാർ തീരുമാനം പ്രതീക്ഷ  നൽകും’–-നീതു പറഞ്ഞു. 
   അച്ഛനും അച്ഛന്റെ സഹോദരങ്ങളും വോളിബോൾ കളിക്കാരായിരുന്നു അവരുടെ കൂടെ കളി കാണാൻ പോയപ്പോൾ ആവേശം തോന്നിയാണ് വോളിബോൾ പരിശീലനം തുടങ്ങിയത്. പിന്നിട് തലശ്ശേരി സായിയിൽ പ്രവേശനം കിട്ടി. 10–-ാംക്ലാസ്‌ മുതൽ ബിരുദം വരെ  സായിയിൽ കോച്ച് ബാലചന്ദ്രന്റെ  കീഴിലായിരുന്നു പരിശീലനം. തുടർച്ചയായി ആറു വർഷം ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി വോളിബാൾ കിരീടം കണ്ണൂർ സർവകലാശാല നേടി എടുത്തപ്പോൾ  പ്രധാന പങ്കുവഹിച്ച താരമായിരുന്നു നീതു. 2010ൽ കണ്ണൂർ ചാമ്പ്യനാകുമ്പോൾ നീതു ആയിരുന്നു ടീം ക്യാപ്റ്റൻ. പഠനത്തിനുശേഷം ഭരണങ്ങാനം, പൊൻകുന്നം എന്നിവിടങ്ങളിൽ സ്വകാര്യ സ്കൂളിൽ കായിക അധ്യാപികയായി ജോലി ചെയ്‌തു.  നിലവിൽ കറുകച്ചാൽ വിദ്യാഭ്യാസ ഉപജില്ലയിലെ വി വിധ സർക്കാർ സ്കൂളിൽ താൽക്കാലിക കായിക അധ്യാപികയാണ്‌
 
പ്രധാന വാർത്തകൾ
 Top