01 April Wednesday

സർക്കാരിന്‌ ക്ലാപ്പടിച്ച്‌ പ്രസീത

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

ജോലികിട്ടയ സന്തോഷത്തിൽ പ്രസീതാ പ്രസന്നന് ഭർത്താവ് സുബിൻകുമാർ  മധുരം നൽകുന്നു

 

കോട്ടയം
‘സർക്കാരിന്‌ ഒത്തിരി നന്ദി... മന്ത്രിയോടും സ്‌പോർട്‌സ്‌ കൗൺസിലിനോടും പറയാൻ വാക്കുകളില്ല...   സന്തോഷം മാത്രം’ ഒറ്റയടിക്ക്‌ സർക്കാർ ജോലി ലഭിച്ച 195 കായിക താരങ്ങളുടെ പട്ടികയിൽ നാലാമതുള്ള പ്രസീത പ്രസന്നന്റെ വാക്കുകൾ ആഹ്ലാദത്താൽ മുറിഞ്ഞു. ഹാൻഡ്‌ ബോളിൽ ദേശീയ–-അന്തർദേശീയ മികവാണ്‌ പ്രസീതക്ക്‌ സർക്കാർ ജോലി എളുപ്പമാക്കിയത്‌.     
      2010ൽ ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻടീമിൽ അംഗമായിരുന്നു  പ്രസീത. ജയ്‌പൂരിൽ 2008ൽ നടന്ന ജൂനിയർ നാഷണൽസിൽ പ്രസീത നയിച്ച കേരള ടീമിന്‌ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്‌.  പങ്ങട എസ്‌എച്ച്‌ എച്ച്‌എസിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ പ്രസീത ഹാൻഡ്‌ബോൾ പരിശീലനം തുടങ്ങിയത്‌.  
കഞ്ഞിക്കുഴി മൗണ്ട്‌ കാർമലിൽ  പ്ലസ്‌ടുവും  പാലാ അൽഫോൻസാ കോളേജിൽനിന്ന്‌ ബിരുദവും പൂർത്തിയാക്കി. കൂരോപ്പട പഞ്ചായത്തിലെ പങ്ങട ചാക്കാറ വീട്ടിൽ കെ എൻ പ്രസന്നന്റെയും എൻ ഇ സിന്ധുവിന്റെയും മൂത്ത മകളായ പ്രസീത ഇപ്പോൾ ഇടുക്കിയുടെ മരുമകളാണ്‌. കട്ടപ്പന ലബ്ബക്കടയ്‌ക്ക്‌ സമീപം കുഞ്ചുമല കൽത്തൊട്ടി വാഴക്കാലായിൽ വി എസ്‌ സുബിൻകുമാറാണ്‌ ഭർത്താവ്‌.  സായന്ത്‌കുമാർ മകൻ.
 
 
പ്രധാന വാർത്തകൾ
 Top