29 February Saturday

വൈക്കം സത്യഗ്രഹ സ്മാരക മ്യൂസിയം ഉദ്‌ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020
കോട്ടയം
അയിത്തത്തിനെതിരെ  നടന്ന  ഐതിഹാസിക സമരത്തിന്റെ ചരിത്രം പുരാരേഖകളിലൂടെ വിശദമാക്കുന്ന വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം ചൊവ്വാഴ്‌ച ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിക്കും. വൈക്കം സത്യഗ്രഹത്തിനായി ഗാന്ധിജി വന്നിറങ്ങിയ ബോട്ട് ജെട്ടിക്ക് സമീപം സത്യഗ്രഹ സ്മാരക മന്ദിരത്തിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്.
ഗാന്ധിജി വൈക്കം ബോട്ട് ജെട്ടിയിൽ ഇറങ്ങിയത്, കായൽക്കര പ്രസംഗം, അയിത്തം നേരിട്ടറിഞ്ഞ ഇണ്ടംതുരുത്തി മനയിലെ ചർച്ച, ഗാന്ധി - ശ്രീനാരായണഗുരു കൂടിക്കാഴ്ച തുടങ്ങി നിരവധി സംഭവങ്ങളുടെ രേഖകൾ ഇവിടെയുണ്ട്. റിസപ്ഷൻ ഗാലറി, വൈക്കം -സത്യഗ്രഹത്തിന് മുൻപ്, സത്യഗ്രഹത്തിലെ പ്രധാന സംഭവങ്ങൾ, തീണ്ടാപലകയും സമര സേനാനികളും... ഇങ്ങനെ നീണ്ടുപോകുന്നു മ്യൂസിയത്തിലെ കാഴ്ചകൾ.
സമര സേനാനികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫോട്ടോ ഗാലറി, ആർട്ട് ഗാലറി, റിസർച്ച് സെന്റർ, ഉദ്യാനം, മിനി തിയേറ്റർ, ഇന്ററാക്ടീവ് സ്‌ക്രീൻ,ഇന്ററാക്ടീവ് കിയോസ്‌ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. പൂർണമായി ശീതികരിച്ച നാലു ഹാളുകളിൽ ക്രമീകരിച്ചിരിക്കുന്ന ഡിജിറ്റൽ രൂപത്തിലുള്ള പുരാരേഖകൾ, രേഖാചിത്രങ്ങൾ, പകർപ്പുകൾ, ഡോക്യുമെന്ററി പ്രദർശനം, ഗാന്ധി ഗാലറി എന്നിവയാണ് മറ്റ് സവിശേഷതകൾ. കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽനിന്നുള്ള 1.8 കോടി രൂപ ചെലവിട്ടാണ്  മ്യൂസിയം നിർമിച്ചിരിക്കുന്നത്. ഗാന്ധി ഹെറിറ്റേജ് സൈറ്റ്‌സ് മിഷന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ തുക അനുവദിച്ചത്. വൈക്കം നഗരസഭയുടെ സഹകരണത്തോടെ സംസ്ഥാന പുരാരേഖാ വകുപ്പിനുവേണ്ടി സർക്കാരിന്റെ മ്യൂസിയം നോഡൽ ഏജൻസിയായ കേരളം മ്യൂസിയം ആണ്  മ്യൂസിയം സജ്ജീകരിച്ചത്. ഉദ്ഘാടനച്ചടങ്ങിൽ സി കെ ആശ എംഎൽഎ അധ്യക്ഷയാകും.  
 
 
പ്രധാന വാർത്തകൾ
 Top