21 February Thursday

വൈക്കത്ത‌് കൃഷ‌്ണപിള്ള സ‌്മാരകമായി കോളേജ‌്: വി എൻ വാസവൻ നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019
കോട്ടയം
നവോത്ഥാന മൂല്യങ്ങളുയർത്തി ഇന്നത്തെ  സമൂഹത്തെ വാർത്തെടുക്കാൻ ധീരമായ പോരാട്ടങ്ങൾ നടത്തിയ പി കൃഷ‌്ണപിള്ളയുടെ ജന്മനാടായ വൈക്കത്ത‌് അദ്ദേഹത്തിന്റെ നാമധേയത്തിൽ ആർട‌്സ‌് ആൻഡ‌് സയൻസ‌് കോളേജ‌് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട‌് മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ഡോ. ടി എം തോമസ‌് ഐസക‌്, വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ‌് എന്നിവർക്ക‌് സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ  നിവേദനം നൽകി. കമ്യൂണിസ‌്റ്റ‌് പാർടി സ്ഥാപക നേതാവായ പി കൃഷ‌്ണപിള്ളയുടെ പേരിൽ കോളേജ‌് സ്ഥാപിക്കണമെന്ന‌് സിപിഐ എം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. നാടിന്റെ വികാരം കൂടി കണക്കിലെടുത്താണ‌് ഇത്തരമൊരു ആവശ്യം പാർടി ഉന്നയിച്ചത‌്. 2019–-20 സാമ്പത്തിക വർഷത്തെ ബജറ്റിൽ വൈക്കത്ത‌് കോളേജ‌് അനുവദിക്കണമെന്ന‌് നിവേദനത്തിൽ ആവശ്യപ്പെട്ടു. 
   ഒരു മനുഷ്യായുസ്സ‌് മുഴുവൻ നാടിന്റെ പുരോഗതിക്കായി പ്രയത്നിച്ച കൃഷ‌്ണപിള്ളക്ക‌് ഉചിതമായ സ‌്മാരകം കൂടിയാകും സർക്കാർ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനം. പരമ്പരാഗത മേഖലയിലെ തൊഴിലാളികളും സാധാരണക്കാരും അസംഘടിതരും അടക്കം സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗം ഏറെയുള്ള വൈക്കത്ത‌്  ഇവരുടെ പുരോഗതിയിൽ നാഴികക്കല്ലാകാൻ കോളേജിന‌് സാധിക്കും. ധീരോദാത്തമായ നിലപാടുകളിലൂന്നി താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി പോരാടിയ കൃഷ‌്ണപിള്ളയുടെ നാമത്തേക്കാൾ യോജിക്കുന്ന മറ്റൊരു പേര‌് കോളേജിന‌് നൽകാനില്ല. നവോത്ഥാനത്തിലേക്ക‌് മനുഷ്യനെ നയിക്കുന്നത‌് വിദ്യാഭ്യാസമാണ‌്. വൈക്കത്തെ സാധാരണക്കാർക്ക‌് 
ഉയർന്ന വിദ്യാഭ്യാസം നേടാനുള്ള സൗകര്യം  ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top