കോട്ടയം
കുറിച്ചി മന്ദിരം കവലയിലെ ‘സുധ ഫൈനാൻസിയേഴ്സി’ൽനിന്ന് ഒന്നേകാൽ കോടി രൂപയുടെ സ്വർണവും എട്ടുലക്ഷം രൂപയും കവർന്നകേസിൽ അന്വേഷണത്തിൽ നിർണായകമായത് സ്ഥാപനത്തിലും സമീപത്തും വിതറിയ സോപ്പുപൊടിയും മോഷ്ടാക്കൾ ഉപേക്ഷിച്ച പത്ര കട്ടിങ്ങും.
ഉപേക്ഷിച്ച സോപ്പ് പൊടി ആലുവ കേന്ദ്രീകരിച്ച് പ്രാദേശികമായി നിർമിക്കുന്നതാണെന്ന് മനസിലായി. തുടർന്ന് അത് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഉപേക്ഷിച്ച പത്രം ചെറായി ഭാഗത്ത് ഇറങ്ങുന്നതായിരുന്നു. ഇതോടെ എറണാകുളം ജില്ല കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.
തുടർന്ന് മുൻകാലങ്ങളിൽ സമാനകേസുകളിൽപെട്ടവരുടെ പട്ടികയെടുക്കുകയും അവരുടെ നിലവിലുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. വ്യത്യസ്‌ത ടീമുകളായി നടത്തിയ പരിശോധനയിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. സംശയിക്കുന്നവരെ ഏറെക്കാലം നിരീക്ഷിച്ചതിന് ശേഷമാണ് അറസ്റ്റുചെയ്‌തതെന്നും തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് പറഞ്ഞു. അനീഷിനെതിരെ സമാനമായ മറ്റൊരുകേസും ഒളിവിലുള്ള പ്രതിക്ക് 15ഓളം കേസുകളും വിവിധ സ്‌റ്റേഷനുകളിലായിട്ടുണ്ട്. ഈ കേസുകളെകുറിച്ചും അന്വേഷണം തുടരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..