07 July Tuesday

സർക്കാരിന്റെ വികസനത്തിനൊപ്പം ചേരാൻ പാലായ‌്ക്കും അവസരം: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Thursday Sep 19, 2019

എൽഡിഎഫ്‌ സ്ഥാനാർഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണാർഥം പേണ്ടാനം വയലിൽ സംഘടിപ്പിച്ച പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യുന്നു

 പാലാ 

മൂന്നേകാൽ വർഷം കൊണ്ട‌് കേരളം കൈവരിച്ച വികസനവളർച്ച ജനങ്ങളോടുള്ള എൽഡിഎഫ‌് സർക്കാരിന്റെ പ്രതിബദ്ധതയാണ‌് വെളിവാക്കുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ഗുണകരമായ ആ വികസനത്തിനൊപ്പം നിൽക്കാനുള്ള വലിയ അവസരമാണ് പാലായിലെ വോട്ടർമാർക്ക് ഇപ്പോൾ കിട്ടിയിരിക്കുന്നത്‌.  എൽഡിഎഫ‌് സ്ഥാനാർഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ‌് അധികാരത്തിൽ എത്തുമ്പോൾ എന്തായിരുന്നു കേരളത്തിന്റെ അവസ്ഥ. ഇപ്പോൾ നാട്‌ എവിടെ നിൽക്കുന്നു? മൂന്നേകാൽ വർഷം മുമ്പ് സംസ്ഥാനമാകെ വല്ലാത്ത നിരാശയും മടുപ്പുമായിരുന്നു. ഇങ്ങനൊരു നാട്ടിൽ ജീവിക്കേണ്ടിവന്നതിന്റെ മടുപ്പ്. നല്ലൊരു നാടിനെ കളങ്കിതമാക്കിയ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നു. അന്നത്തെ ആ സാഹചര്യത്തിൽ നിന്നുകൊണ്ടാണ‌് സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സർവതലസ്പർശിയായ വികസനം എൽഡിഎഫ് വാഗ്ദാനംചെയ്തത‌്. ജനങ്ങൾ  അത് സ്വീകരിച്ചു. ആ വാഗ്ദാനങ്ങളെല്ലാമാണ‌് ഇപ്പോൾ പ്രാവർത്തികമാക്കുന്നത്. രാജ്യത്ത‌് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ‌് കേരളമെന്ന‌് കേന്ദ്രസർക്കാർ പോലും അംഗീകരിച്ചു. അഴിമതി തീരെയില്ലാത്ത സംസ്ഥാനമാക്കാനാണ‌് ഇനി ശ്രമം. അഴിമതി നടത്തിയാൽ സംരക്ഷിക്കുന്നതായിരുന്നു യുഡിഎഫ‌് ഭരണത്തിലെ നിലപാട‌്. അഴിമതി ആരു കാണിച്ചാലും അവരെ സംരക്ഷിക്കാതിരിക്കണമെങ്കിൽ സ്വയം അഴിമതി കാണിക്കാതിരിക്കണം.  അഴിമതിക്കാരെ മുഖം നോക്കാതെ ശിക്ഷിക്കുമെന്ന‌് ഇന്ന‌് ഉറപ്പുള്ളതുകൊണ്ടാണ‌് കേരരളത്തിന‌് അഴിമതിരഹിത സംസ്ഥാനമെന്ന സൽപ്പേര‌് ലഭിച്ചതെന്ന‌് മുഖ്യമന്ത്രി പറഞ്ഞു. 
യുഡിഎഫ‌് ഭരണത്തിൽ കാർഷികരംഗത്തിന്റെ വളർച്ച 4.6 ശതമാനം പിന്നോട്ടായി. റബർ കർഷകർക്കുള്ള 210 കോടി രൂപ യുഡിഎഫ‌് സർക്കാർ നൽകിയില്ല.  മൂന്നേകാൽ വർഷംകൊണ്ട‌് എൽഡിഎഫ‌് സർക്കാർ 4.12 ലക്ഷം കർഷകർക്കായി 1,310 കോടി രൂപയാണ‌് നൽകിയത‌്. ആരാണ‌് ഒപ്പമുള്ളതെന്ന‌് റബർ കർഷകർ ഇതിലൂടെ തിരിച്ചറിഞ്ഞു.  ഓരോ മേഖലയും പരിശോധിച്ചാൽ ഇതാണ‌് പൊതുസ്ഥിതി. പ്രളയത്തിലും കാലവർഷക്കെടുതിയിലും ദുരിതങ്ങൾ ഏറ്റുവാങ്ങിയ കർഷകർക്കൊപ്പം സർക്കാർ നിന്നു.  
യുഡിഎഫിന്റെ അഞ്ചു വർഷം 61 ശതമാനമായിരുന്നു പദ്ധതി ചെലവ‌്‌. ഇപ്പോൾ മൂന്നേകാൽ വർഷത്തിൽ പദ്ധതി ചെലവ‌് 90  ശതമാനം കടന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് റിസർവ് ബാങ്ക് ഗവർണർ തന്നെ വ്യക്തമാക്കുന്നു. കേന്ദ്രനയങ്ങളുടെ ഫലമാണിത‌്. കോൺഗ്രസ‌് നടപ്പാക്കിയ ആസിയാൻ കരാറിലൂടെയാണ‌് കാർഷികമേഖലയിലടക്കം തിരിച്ചടി നേരിട്ടത‌്. അന്ന‌് കരാറിനെ എതിർത്ത ഞങ്ങളെ പരിഹസിച്ചവർക്ക‌് ഇപ്പോൾ കാര്യങ്ങൾ ബോധ്യമായി. യുഡിഎഫ് സർക്കാർ കുടിശ്ശികയാക്കിയ 1800 കോടി രൂപ ക്ഷേമപെൻഷൻ എൽഡിഎഫ‌് സർക്കാർ അധികാരമേറ്റയുടനെ  കൊടുത്തു തീർത്തു. 600 രൂപ പെൻഷൻ ഇരട്ടിയുമാക്കി.  52 ലക്ഷം കുടുംബത്തിന് പെൻഷൻ ലഭിക്കുന്നു. മൂന്നു വർഷംകൊണ്ട് 20,000 കോടി രൂപയാണ‌് ക്ഷേമപെൻഷനായി വിതരണംചെയ്തത‌്.  എൽഡിഎഫ‌് സർക്കാർ പാലാക്കാരോടൊപ്പമുണ്ട‌്.   പാലായുടെ തുടർവികസനത്തിനായി മികച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫ‌് സ്ഥാനാർഥി  മാണി സി കാപ്പനെ വിജയിപ്പിക്കാനും മുഖ്യമന്ത്രി അഭ്യർഥിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top