22 September Sunday

മടങ്ങുന്നു, സാധാരണ ജീവിതത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

ക്യാമ്പിൽനിന്ന്‌ വീട്ടിലേക്ക്‌ മടങ്ങുന്ന ചുങ്കം സ്വദേശി കൊട്ടാരത്തിൽ മത്തായി

 

 
കോട്ടയം
മഴ നിലച്ചതോടെ ജില്ലയിലെ പ്രളബാധിത പ്രദേശങ്ങൾ സാധാരണജീവിതം തിരികെപ്പിടിക്കാനൊരുങ്ങുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന്‌ ആളുകൾ വീടുകളിലേക്ക്‌ മടങ്ങിത്തുടങ്ങി. എന്നാൽ വെള്ളപ്പൊക്കത്തിന്റെ കെടുതി അവശേഷിക്കുന്ന പ്രദേശങ്ങളിൽ ക്യാമ്പ്‌ തുടരുന്നുണ്ട്‌. ക്യാമ്പുകളിൽ കഴിയുന്നവർക്ക്‌ ആവശ്യമായ എല്ലാസഹായവും നൽകി സർക്കാർ സംവിധാനങ്ങളും ഒപ്പമുണ്ട്‌.
 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനവും തിങ്കളാഴ്‌ച മുതൽ പുനഃരാരംഭിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക്‌ മാത്രമാണ്‌ അവധി. കോട്ടയത്തിന്റെ സിരകളായ മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ്‌ താഴ്‌ന്നു. ജലാശയങ്ങളിലും തോടുകളിലും വെള്ളം കുറഞ്ഞതിനാൽ വീടിനുള്ളിലും പരിസരത്തുനിന്നും പ്രളയജലം ഇറങ്ങി. ക്യാമ്പ്‌ വിട്ടവർ വീട്‌ വൃത്തിയാക്കാനുള്ള പ്രയത്‌നത്തിലാണ്‌. ഇതിനായി ക്യാമ്പിൽനിന്ന്‌ ലോഷൻ, കുമ്മായം, ബ്ലീച്ചിങ്‌ പൗഡർ എന്നീ സാമഗ്രികൾ എല്ലാവീടുകൾക്കും നൽകിയിട്ടുണ്ട്‌. പലരും രാവിലെ മുതൽ വൈകിട്ട്‌ വരെ മെനക്കെട്ടാണ്‌ വീടും സാധനസാമഗ്രികളും വൃത്തിയാക്കിയെടുത്തത്‌. വെള്ളം കയറാത്ത വീടുകളുടെ പരിസരമാകട്ടെ ചെളിയും മാലിന്യവും നിറഞ്ഞ്‌ ദുർഘടമാണ്‌. കുമ്മായമോ ബ്ലീച്ചിങ്‌ പൗഡറോ വിതറിയാലേ കുറെയെങ്കിലും ശമനമാകൂ. അല്ലെങ്കിൽ ഒരു മഴ കിട്ടിയാലും മാലിന്യമെല്ലാം കഴുകിവിടാനാകും.
 ഞായറാഴ്‌ചയോടെ ജില്ലയിൽ 71 ക്യാമ്പുകൾ പിരിച്ചുവിട്ടു. 
നിലവിൽ  ക്യാമ്പുകളുടെ എണ്ണം 46 ആണ്‌.  1740 കുടുംബങ്ങളിലെ 5442 പേർ ക്യാമ്പുകളിലുണ്ട്‌.  ക്യാമ്പ്‌ അവസാനിപ്പിച്ച സ്‌കൂളുകൾ  വൃത്തിയാക്കാനുള്ള ചുമതല കൂടി നിർവഹിച്ചാണ്‌ നാട്ടുകാർ മടങ്ങിയത്‌. 
 
 
പ്രധാന വാർത്തകൾ
 Top