20 November Wednesday

ഒറ്റപ്പന്തലിൽ 4 കല്യാണം; ഹിദായത്ത്‌ വീട്ടിൽ ഹാപ്പി വെഡ്ഡിങ്

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

 കാഞ്ഞിരപ്പള്ളി

മഴ മാറിനിന്നപ്പോൾ കാഞ്ഞിരപ്പള്ളി ഹിദായത്ത്‌ വീട്ടിൽ ആൾക്കൂട്ട പെരുമഴയായിരുന്നു. ഒരുവീട്ടിൽ ഒരേദിവസം നടന്ന നാലുവിവാഹങ്ങളാണ്‌ നാടാകെ കല്യാണമേളമായത്‌. കാഞ്ഞിരപ്പള്ളി –- എരുമേലി റോഡിൽ മണങ്ങല്ലൂരിന് സമീപം നാലാംമൈലിലാണ് ഹിദായത്ത് ഭവൻ.
ഹിദായത്ത് ഭവനിൽ നാസറുദ്ദിന്റെ മകൾ നജ്മ, സഹോദരൻ നിസാറുദ്ദീന്റെ മകൾ നജ്മി, ഇവരുടെ ബന്ധുക്കളായ എരുമേലി തൈപ്പറമ്പിൽ ഷാജിയുടെ മകൾ സാദിന മോൾ, തിരുവല്ല അലീന മൻസിലിൽ സുബൈറിന്റെ മകൾ അലീന എന്നിവരുടെ വിവാഹങ്ങൾക്കാണ് വീട്‌ വേദിയായത്.
എരുമേലി വില്ലൻച്ചിറ അബ്ദുൽ റസാഖ്, തിരുവല്ല അലീന മൻസിലിൽ ആരിഫ് ഖാൻ, ആലപ്പാറ കോയിക്കൽ മേപ്പുറത്ത് അൻസാരി, എരുമേലി കനകപ്പലം തെങ്ങുംമൂട്ടിൽ അജ്മൽ എന്നിവരായിരുന്നു മണവാളൻമാർ.
ഒട്ടേറെ പുതുമകളുണ്ടായിരുന്ന ഈ വിവാഹങ്ങളുടെ ക്ഷണക്കത്ത് ഒന്നിച്ചായിരുന്നു. 25,000 ചതുരശ്രയടിയുള്ള പന്തലാണ്‌ ഒരുക്കിയത്‌. വിസ്തൃതമായ സ്റ്റേജിൽ ഗാനമേള, ഡാൻസ്, പ്രസംഗം, മൈലാഞ്ചിയിടീൽ എന്നിവ നടന്നു. വിവാഹച്ചടങ്ങിൽ ഏഴായിരത്തിലധികം പേർ പങ്കെടുത്തു.
മൂന്നുദിവസമായി നടന്ന വിവാഹച്ചടങ്ങുകളിൽ ഭക്ഷണവും പുതുമ നിറഞ്ഞവയായി. ആറു സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ സഹോദരങ്ങളും ബന്ധുക്കളുമായി ദിവസവും അൻപതിൽ കുറയാത്ത അംഗങ്ങളുണ്ടാകും. ഗൽഫിൽ ബിസിനസ് നടത്തുന്ന സഹോദരങ്ങൾ  കൂടി നാട്ടിലെത്തുന്നതോടെ അംഗങ്ങളുടെ എണ്ണം മൂന്നിരട്ടിയായി വർധിക്കും. വീട്ടിലെ സ്ത്രീകൾ എല്ലാവരും ചേർന്ന്‌ വിശേഷാവസരങ്ങൾ ഒഴികെയുള്ള വേളയിൽ ഭക്ഷണമൊരുക്കും. വിരുന്ന് എത്തുന്നവർക്ക് വിശ്രമിക്കാൻ പ്രത്യേക പന്തലുകളും പ്രത്യേകതരം കട്ടിലുകളും തയ്യാറാക്കിയിട്ടുണ്ട്.
 
 
പ്രധാന വാർത്തകൾ
 Top