19 October Saturday
ജാതികർഷകർക്ക‌് ആശ്വാസം

തൊണ്ടും കുരുവും രണ്ടാക്കാൻ യന്ത്രം വരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

 കുറവിലങ്ങാട്

വിലത്തകർച്ച നേരിടുന്ന ജാതി കർഷകർക്ക് പണവും സമയവും ലാഭിക്കാനുള്ള എളുപ്പമാർഗവുമായി നാല് എൻജിനിയറിങ‌് വിദ്യാർഥികൾ. ജാതി കർഷകർ നേരിടുന്ന പ്രധാന പ്രശ‌്നമാണ് ജാതിക്കുരു പൊട്ടിച്ച് വിത്തും തോടും വേർതിരിക്കുകയെന്നത്. വിത്ത് വേർതിരിച്ച് വിപണിയിലെത്തിച്ചാൽ വില കൂടുതൽ ലഭിക്കുന്നതിനാൽ തൊണ്ട് പൊട്ടിച്ച് നൽകാൻ കർഷകർ തയ്യാറാവും. ചുറ്റിക ഉപയോഗിച്ച് കൈകൊണ്ട് ഓരോ കായും പൊട്ടിച്ചാണ് സാധാരണ കർഷകർ വിത്ത് വേർതിരിച്ച് എടുക്കുന്നത്. ഇതിനായി വളരെയധികം സമയവും അധ്വാനവും ആവശ്യമാണ‌്. ഇതിന് പരിഹാരമായാണ് ഇലഞ്ഞി വിജ്ഞാൻ എൻജിനിയറിങ‌് കോളേജിലെ അവസാന വർഷ വിദ്യാർഥികളായ തോമസ് ജോസഫ്, വിവേക് കെ വിനോദ്, ജിതിൻ സ്റ്റാർവ്യു, വിനീത് വിജയൻ എന്നിവർ ചേർന്ന് തൊണ്ട് പൊട്ടിക്കുന്ന യന്ത്രം രൂപകല്പന ചെയ്തത്. നട്ട്‌മെഗ് ഡീഷെല്ലർ എന്ന് പേരിട്ടിരിക്കുന്ന യന്ത്രത്തിൽ ഉണങ്ങിയ ജാതിക്കായ ഇട്ടാൽ തൊണ്ട് വേർതിരിച്ച് വിത്ത് മാത്രമായി ലഭിക്കും. മിനിറ്റിൽ 600 കായ വരെ പൊട്ടിക്കാവുന്ന ഈ യന്ത്രം 25000 രൂപ ചെലവിൽ നാല് മാസം കൊണ്ടാണ് നിർമിച്ചത്. മൂന്നു ശതമാനത്തിൽ താഴെ മാത്രമാണ് വേസ‌്റ്റ‌്ഉണ്ടാകുന്നത്. തങ്ങളുടെ യന്ത്രത്തിന് പേറ്റന്റ് നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവ പ്രതിഭകൾ. വ്യവസായിക അടിസ്ഥാനത്തിൽ ഇതിന്റെ ഉൽപാദനം ആരംഭിച്ചാൽ നിർമാണ ചെലവ് കുറയ്ക്കാനും അതുവഴി കുറഞ്ഞ വിലയ‌്ക്ക് യന്ത്രം കർഷകരിൽ എത്തിക്കാനും സാധിക്കുമെന്ന് വിദ്യാർഥികൾ പറഞ്ഞു. ഈ യന്ത്രത്തിന് നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ ടെക്‌നിക്കൽ സർവകലാശാല നടത്തിയ പ്രോജക്ട് അവതരണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. യന്ത്ര നിർമാണത്തിന് പ്രൊഫ. ജോസഫ് ജോൺ, പ്രൊഫ. രമേഷ് മോഹൻ എന്നിവരുടെ പിന്തുണയും വിദ്യാർഥികൾക്ക് ലഭിച്ചു.
 
 
പ്രധാന വാർത്തകൾ
 Top