15 October Tuesday

കോട്ടയം–-ചേർത്തല റൂട്ട‌് ‘ആന’ പിടിച്ചേ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

 കോട്ടയം

കോട്ടയം–-ചേർത്തല റൂട്ടിൽ കുമരകം വഴി കെഎസ‌്ആർടിസി ചെയിൻ സർവീസ‌് തുടങ്ങി. പുലർച്ചെ അഞ്ചരമുതൽ രാത്രി ഒമ്പതരവരെ 15 മിനിറ്റ‌് ഇടവിട്ടാണ‌് സർവീസ‌്. ചൊവ്വാഴ‌്ചയായിരുന്നു തുടക്കം. ആദ്യദിനത്തിൽ തന്നെ യാത്രക്കാരുടെ അനുകൂല പ്രതികരണമുണ്ടായെന്നാണ‌് കെഎസ‌്ആർടിസി അധികൃതരുടെ വിലയിരുത്തൽ. ബസ‌് എപ്പോൾ വരുമെന്നറിയാനുള്ള അന്വേഷണംകുറഞ്ഞു. കളക്ഷനിലും സാരമായ വർധന പ്രതീക്ഷിക്കുന്നു. കോട്ടയം, ചേർത്തല ഡിപ്പോകളുടെ ഏഴ‌ുവീതം ബസുകൾ ഉപയോഗിച്ചാണ‌് ചെയിൻ സർവീസ‌് ആരംഭിച്ചത‌്. പുലർച്ചെ അഞ്ചരക്ക‌് കോട്ടയത്തുനിന്നും ചേർത്തലയിൽനിന്നും ഒരേപോലെ പുറപ്പെടുന്ന രീതി തുടരും. രാത്രി ഒമ്പതരയുടെ സർവീസും ഈ നിലയിലായിരിക്കും. 
    2003ൽ കൈപ്പുഴമുട്ട‌് പാലം തുറന്നതോടെയാണ‌് കുമരകം വഴി ചേർത്തല, വൈക്കം, ആലപ്പുഴ സർവീസുകൾക്ക‌് കെഎസ‌്ആർടിസി തുടക്കമിട്ടത‌്. നേരത്തെ പാലത്തിന‌് അപ്പുറവും ഇപ്പുറത്തുമായി സ്വകാര്യബസുകളുടെ കുത്തകയായിരുന്നു ഈ റൂട്ട‌്. കെഎസ‌്ആർടിസി ബസുകൾവന്നത‌് യാത്രക്കാർക്ക‌് താൽപ്പര്യമാണെങ്കിലും ബസുകൾ സമയത്ത‌്‌ ഓടിക്കാതെയും ഷെഡ്യൂളുകൾ വെട്ടിക്കുറച്ചും സർവീസുകൾ താളംതെറ്റിയിരുന്നു. കെഎസ‌്ആർടിസി ബസുകൾ പുറപ്പെടുന്നതറിയിക്കാൻ സ്വകാര്യബസുകൾ പ്രത്യേകമായി ജീവനക്കാരെ നിയോഗിച്ചതും വരുമാനത്തെ ബാധിച്ചു. കെഎസ‌്ആർടിസി ബസിന്റെ തൊട്ടുമുന്നിലായി സ്വകാര്യബസ‌് ഓടുന്നതാണ‌് പതിവുകാഴ‌്ച. കെഎസ‌്ആർടിസി ബസിന്റെ സമയക്രമം പരിശോധിച്ച‌് സമയം മാറ്റിയാണ‌് സ്വകാര്യബസുകൾക്ക‌് പെർമിറ്റ‌് കൊടുക്കുന്നത‌്. എന്നാൽ മോട്ടോർവാഹനവിഭാഗം ഉദ്യോഗസ്ഥർ സമയക്രമം പാലിക്കുന്നുണ്ടോയെന്ന‌് പരിശോധിക്കാറില്ല.  ഇത‌് സ്വകാര്യബസുകൾക്ക‌് ഗുണമാകും. കെഎസ‌്ആർടിസി ബസിന്റെ വരവും പോക്കും നിയന്ത്രിക്കാൻ റൂട്ടിൽ ജീവനക്കാരെ നിയോഗിക്കാത്തതിനാൽ യാത്രക്കാരെ റാഞ്ചാൻ സ്വകാര്യബസുകൾക്ക‌് എളുപ്പമായി. ഇതാണ‌് കുമരകം റൂട്ടിൽ സർവീസിനെ ബാധിച്ചത‌്. ചെയിൻ സർവീസ‌് ആരംഭിച്ചതോടെ യാത്രാക്ലേശം പരിഹരിക്കുന്നതിനൊപ്പം എറണാകുളം യാത്രക്ക‌് സമയലാഭവും കിട്ടിയേക്കും. 
കാവാലം–-മെഡിക്കൽ കോളേജ‌് റൂട്ടിലാണ‌് കെഎസ‌്ആർടിസി അടുത്തനാളിൽ ചെയിൻ സർവീസ‌് തുടങ്ങിയത‌്. പത്ത‌് വണ്ടികൾ ഇട്ടെങ്കിലും ഡ്രൈവർമാരുടെ ക്ഷാമത്താൽ സർവീസ‌് പലപ്പോഴും മുടങ്ങുന്നതായി ആക്ഷേപമുണ്ട‌്. ഇതേ അവസ്ഥ ചേർത്തല സർവീസിന‌് വരുത്തരുതെന്നാണ‌് യാത്രക്കാരുടെ ആവശ്യം. കാവാലംകാർക്കാകട്ടെ കെഎസ‌്ആർടിസിയോട‌് പ്രത്യേകമായ സ‌്നേഹമുണ്ട‌്. സ്വകാര്യബസ‌് ഓടിച്ചതിനെതിരെ സമരം ചെയ്യുകയും പൊലീസ‌് മർദ്ദനമേൽക്കുകയും ഒടുവിൽ കോടതി കയറുകയും ചെയ‌്ത അനുഭവം കാവാലംകാർക്കുണ്ട‌്. സ്വകാര്യബസിനെ ഇപ്പോഴും പടിക്കുപുറത്തുനിർത്തിയ ഈ പ്രദേശത്തേക്കുള്ള ബസ‌് മുടക്കുന്നതിലാണ‌് നാട്ടുകാർക്ക‌്  കെഎസ‌്ആർടിസിയോടുള്ള പരാതി.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top