20 June Thursday

സർവീസ് വോട്ട‌് എണ്ണാൻ ക്യുആര്‍ കോഡ് റീഡിങ‌്

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019
കോട്ടയം
ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഇതാദ്യമായി ഏർപ്പെടുത്തിയ ഇലക്ട്രോണിക്കൽ ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സംവിധാനം(ഇടിപിബിഎസ്) മുഖേന ചെയ്ത സർവീസ് വോട്ടുകൾ എണ്ണുന്നതിന് ക്യുആർ കോഡ് റീഡിങ‌് ഉൾപ്പെടെ നിരവധി നടപടികൾ പിന്നിടണം. ഒരു വോട്ട് എണ്ണുന്നതിന് കുറഞ്ഞത് ഒരു മിനിറ്റെങ്കിലും വേണമെന്നാണ‌് കണക്കാക്കിയിരിക്കുന്നത‌്. സായുധ സേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ, വിദേശ രാജ്യങ്ങളിൽ നിയോഗിക്കപ്പെട്ടിട്ടുള്ള കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് ഈ രീതിയിൽ വോട്ടു ചെയ്തിട്ടുള്ളത്. 
കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ പോസ്റ്റൽ ബാലറ്റുകളും സർവീസ് വോട്ടുകളും ബസേലിയസ് കോളേജിൽ ജില്ലാ വരണധികാരിയുടെ ടേബിളിലാണ് എണ്ണുക.  ഇതിനായി ക്യുആർ കോഡ് റീഡറും അനുബന്ധ സംവിധാനങ്ങളും ഇവിടെ സജ്ജീകരിക്കും. 
സർവീസ് വോട്ടുകൾ എണ്ണുന്നത് ഇങ്ങനെ
ആദ്യം പുറം കവറിന്റെ(ഫോം 13-സി) താഴെഭാഗത്ത് വലതുവശത്തുള്ള ക്യുആർ കോഡ് യന്ത്രം ഉപയോഗിച്ച് റീഡ് ചെയ്യും. അതോടൊപ്പം വോട്ടറുടെ വെരിഫിക്കേഷനും ഇരട്ടിപ്പ് ഒഴിവാക്കുന്നതിനുള്ള അവശ്യ പരിശോധനങ്ങളും നടത്തുന്നു. കംപ്യൂട്ടറിൽ നിന്ന് ലഭിക്കുന്ന പ്രത്യേക സീരിയൽ നമ്പർ പരിശോധിക്കുന്ന കവറിന് പുറത്ത് റിട്ടേണിങ‌് ഓഫീസർ എഴുതിച്ചേർക്കുന്നു.
ഇരട്ടിപ്പ് ഇല്ലെന്ന് ഉറപ്പാക്കിയശേഷം പുറം കവർ (ഫോം 13-സി) തുറക്കുന്നു. ഫോം 13 എയിലുള്ള പ്രസ്താവനയും പോസ്റ്റൽ ബാലറ്റ് അടങ്ങിയ കവറു(ഫോം 13-ബി) മാണ് ഇതിലുണ്ടാവുക. റിട്ടേണിങ‌് ഓഫീസർ ഇവ പുറത്തെടുക്കുന്നു.
ഫോം 13 എയിലെ രണ്ട് ക്യുആർ കോഡുകൾ ഒന്നിനു പിറകെ അടുത്തത് എന്ന രീതിയിൽ സ്കാൻ ചെയ്യുന്നു. തുടർന്ന് ഫോം 13 -ബിയുടെ താഴെഭാഗത്ത് വലതുവശത്തുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തശേഷം സീരിയർ നമ്പരുകൾ രേഖപ്പെടുത്തുന്നു.  
 ക്യുആർ കോഡ് റീഡിങ്ങിൽ അപാകങ്ങളൊന്നും കണ്ടെത്തിയില്ലെങ്കിൽ ഫോം 13-ബി കവറും പ്രസ്താവനയും ഫോം 13-സി കവറിൽ ഇട്ടശേഷം എണ്ണുന്നതിനുള്ള സാധുവായ വോട്ടുകൾ സൂക്ഷിക്കുന്ന ട്രേയിൽ നിക്ഷേപിക്കും. ക്യുആർ കോഡ് റീഡിങ്ങിൽ രേഖകൾ സാധുവല്ലാതിരിക്കുക, ഒരേ രേഖയുടെ ഒന്നിലധികം പകർപ്പുകൾ കണ്ടെത്തുക തുടങ്ങിയ അപാകങ്ങൾ ഉണ്ടായാൽ ഇത്തരം കവറുകൾ തള്ളപ്പെടുന്ന കവറുകൾക്കുള്ള ട്രേയിൽ നിക്ഷേപിക്കും.
പ്രധാന വാർത്തകൾ
 Top