05 July Sunday

കുട്ടിക്കാലത്തേക്ക‌് കൺതുറന്ന‌് ചലച്ചിത്രമേള

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

 കോട്ടയം

"അവധിക്കാലം ഏതെങ്കിലും ക്യാമ്പുകളിൽ ഹോമിക്കാനുള്ളതല്ല. അത‌് ഉല്ലാസത്തിനുള്ളതാണ‌്' –- ബാലസംഘം കുട്ടികൾക്കായി നടത്തിയ ചലച്ചിത്രമേളയുടെ അടിസ്ഥാനപരമായ സന്ദേശം അതായിരുന്നു. കുട്ടികളിലെ സർഗവാസന വളർത്താനും മാനസികോല്ലാസത്തിനും വേണ്ടിയുള്ള വിലപ്പെട്ട സമയസമാണ‌് അവധിക്കാലം. കുഞ്ഞു മനസ്സുകൾ കാണുന്ന സ്വപ‌്നങ്ങൾ നിരവധിയാണ‌്. അവയുടെ ദൃശ്യാവിഷ‌്കാരമായിരുന്നു ബാലസംഘം "കുട്ടിക്കുറുമ്പുള്ള കുട്ടിക്കാലം' എന്ന പേരിൽ നടത്തിയ ചലച്ചിത്രമേള. കാഴ‌്ചക്കാരായും ഓപ്പൺ ഫോറത്തിലെ നിരൂപകരായും ആദ്യാവസാനം മേളയിൽ പങ്കെടുത്തത‌് കുട്ടികൾ തന്നെ. അവധിക്കാലം അച്ഛനമ്മമാരുടെ നിർബന്ധത്തിനു വഴങ്ങി സ‌്പെഷ്യൽ ക്ലാസുകളിലും ക്യാമ്പുകളുമായി പാഴാക്കുന്ന പ്രവണതയെ മേള തുറന്നുകാട്ടി.
കോട്ടയം പി കൃഷ‌്ണപിള്ള ഹാളിൽ(സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ‌്) നടന്ന മേളയിൽ "കൊന്നപ്പൂക്കളും മാമ്പഴക്കാലവും' ആയിരുന്നു ഉദ‌്ഘാടന ചിത്രം. കുട്ടികളുടെ അന്താരാഷ‌്ട്ര ചലച്ചിത്രമേളയിൽ ശ്രദ്ധ നേടിയ സിനിമയുടെ സംവിധായകൻ എസ‌് അഭിലാഷാണ‌്. 
ഇറാനിയൻ ചിത്രമായ "ചിൽറൻ ഓഫ‌് ഹെവൻ' ഒമ്പതുവയസ്സുകാരൻ അലിയുടെയും അനുജത്തി സാറയുടെയും അസാധാരണമായ കഥയാണ‌്. അനുജത്തിക്കു നൽകാൻ ഒരു ജോഡി ഷൂ സമ്മാനമായി കിട്ടാൻ ഓട്ട മത്സരത്തിൽ പങ്കെടുക്കുന്ന അലിക്ക‌് ജയിച്ചേ തീരൂ. അനുജത്തിയുടെ ഷൂ അവന്റെ കൈയിൽ നിന്നാണ‌് നഷ്ടമായത‌്. ടെഹറാനിലെ തെരുവ‌് പശ‌്ചാത്തലമാക്കിയ ചിത്രം ആഗോള ശ്രദ്ധ നേടിയതാണ‌്. 
ഒരു ബലൂണിനോടുള്ള കുട്ടിയുടെ ചങ്ങാത്തത്തിന്റെ കഥയാണ‌് മേളയിൽ പ്രദർശിപ്പിച്ച "ദ റെഡ‌് ബലൂൺ' എന്ന ചിത്രം. വഴിയിൽ നിന്ന‌് കിട്ടുന്ന ബലൂൺ മറ്റുകുട്ടികൾ തട്ടിയെടുക്കാതിരിക്കാൻ അവന‌് ഏറെ പണിപ്പെടേണ്ടി വരുന്നു. പഠനവൈകല്യം ബാധിച്ച കുട്ടി വിജയത്തിന്റെ പടവുകൾ കയറുന്നത‌് മനോഹരമായി ആവിഷ‌്കരിച്ചിരിക്കുന്നു മേളയിൽ പ്രദർശിപ്പിച്ച,  അമീർ ഖാൻ നായകനായ ഹിന്ദി ചലച്ചിത്രം "താരേ സമീൻ പർ'. 
ചലച്ചിത്രമേള ബാലതാരം മീനാക്ഷി ഉദ‌്ഘാടനം ചെയ‌്തു. സംഘാടക സമിതി ചെയർമാൻ ബി ശശികുമാർ, ടോപ്പ‌് സിംഗർ ഫെയിം ജെയ‌്ഡൻ ഫിലിപ്പ‌്, നടൻ പി ആർ ഹരിലാൽ, ബാലസംഘം സംസ്ഥാന കോഓർഡിനേറ്റർ മിഥുൻ ഷാ എന്നിവർ സംസാരിച്ചു. പി പി ജോയി നന്ദി പറഞ്ഞു. ബാലസംഘം ആദ്യമായാണ‌് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത‌്. ഭാവിയിൽ സിനിമാസ്വാദന ക്ലാസുകൾ, സിനിമ നിർമാണ പരിശീലനം എന്നിവ നടത്താൻ ആലോചനയുണ്ട‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top