25 May Monday
പതിനഞ്ചുകാരിക്ക് തുണയായത് ടെലി കണ്‍സള്‍ട്ടേഷന്‍

വിളിപ്പുറത്തുണ്ട് ആരോഗ്യം

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

കലക്ടറ്റേറിൽ പ്രവർത്തിക്കുന്ന കൊറോണ കൺട്രോൾ റൂം

 കോട്ടയം

സ്ഥിരമായി മരുന്ന്‌ കഴിക്കേണ്ട ആരോഗ്യപ്രശ്‌നമുള്ള പതിനഞ്ചുകാരിക്ക് പനികൂടിയത് പെട്ടെന്നാണ്. വിദേശത്ത്‌ നിന്നെത്തി ഹോം ക്വാറന്റയിനിലായ അമ്മയ്‌ക്കൊപ്പമാണ് പെൺകുട്ടിയും സഹോദരനും കഴിയുന്നത്. നേരിട്ട് ആശുപത്രിയിൽ പോകുന്നത് ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾക്കെതിരാകും എന്നതിനാൽ ടെലി കൺസൾട്ടേഷൻ വിഭാഗത്തിൽ ബന്ധപ്പെട്ടു. തുടർ നടപടികൾ വേഗത്തിൽ ഇവരെ തേടിയെത്തി. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടിയാണെന്ന് തിരിച്ചറിഞ്ഞ ടെലി കൺസൾട്ടേഷന്റെ ചുമതലയുള്ള ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. അജയ് മോഹൻ ആംബുലൻസ് അയച്ച് മൂവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്കുശേഷം പെൺകുട്ടിയുടെ നില മെച്ചപ്പെട്ടു. അമ്മയും മക്കളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുകയാണ്. ആർക്കും കോവിഡ്‌ ബാധയുടെ ലക്ഷണങ്ങളില്ല.  
 
പൊതുസമ്പർക്കം ഒഴിവാക്കി വീടുകളിൽ കഴിയുന്നവർക്ക്‌ ടെലി കൺസൾട്ടേഷൻ നമ്പരിലേക്ക് ഏതുസമയത്തും വിളിക്കാം. സംശയനിവാരണത്തിനും തുടർ സേവനങ്ങൾക്കുമായി പതിനഞ്ചോളം ഡോക്ടർമാർ പ്രവർത്തിക്കുന്നു. നെഞ്ചുവേദനയെ തുടർന്ന്  ടെലി കൺസൾട്ടേഷൻ നമ്പരായ 7034322777 ലേക്ക് വിളിച്ച ഹോം ക്വാറന്റയിനിലുള്ള  വയോധികനെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച്‌ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ച് വീട്ടിലെത്തിച്ചു. 
വിദേശങ്ങളിൽനിന്നും കോവിഡ്‌ ബാധിത മേഖലകളിൽനിന്നും എത്തുന്നവർക്ക് റിപ്പോർട്ട് ചെയ്യാനും രോഗവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും കലക്ടറേറ്റിൽ ഏർപ്പെടുത്തിയ കൺട്രോൾ റൂം ദിവസം മുഴുവൻ ജാഗ്രതയിലാണ്. രണ്ടു ഷിഫ്റ്റുകളിലായി മുപ്പതോളം പേരുണ്ട്‌. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരുടെ (പ്രൈമറി കോൺടാക്ട്‌സ്) ആരോഗ്യസ്ഥിതി കൃത്യമായ ഇടവേളകളിൽ വിലയിരുത്തും. ഇവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റാൻ ഉടൻ നടപടി സ്വീകരിക്കും. സെക്കൻഡറി കോൺടാക്ട് പട്ടികയിലുള്ളവർ ഹോം ക്വാറന്റയിനിൽ തുടരുന്നുണ്ടെന്ന്  ഉറപ്പാക്കുന്നതും കൺട്രോൾ റൂം ജീവനക്കാരാണ്. 
പനിയുണ്ട്, ചുമയുണ്ട്.....കൊറോണയാണോ എന്ന സംശയവുമായി വിളിക്കുന്ന സാധാരണക്കാർ ഏറെയാണ്. ഹോം ക്വാറന്റയിനിൽ കഴിയാതെ കറങ്ങി നടക്കുന്നവരെക്കുറിച്ചുള്ള വിവരവും മാസ്‌കുകൾ പൂഴ്ത്തിവയ്ക്കുന്നതും വില കൂട്ടി വിൽക്കുന്ന പരാതികളുമെല്ലാം ഇവിടെയെത്തും.(കൺട്രോൾ റൂം നമ്പർ 1077, 0481 2581900, 0481 2304800).
 
 
പ്രധാന വാർത്തകൾ
 Top