24 July Saturday

വ്യാജരേഖയിൽ വായ്പാത്തട്ടിപ്പ്: മുഖ്യ സൂത്രധാരന്റെ ഭാര്യ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

 പാലാ 

ഭരണങ്ങാനം എസ്ബിഐ ശാഖയിൽനിന്ന് കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾകൂടി പിടിയിലായി. തട്ടിപ്പിന‌് പിന്നിലെ മുഖ്യസൂത്രധാരന്മാരിലൊരാളായ  ഭരണങ്ങാനം സ്വദേശി മനോജിന്റെ ഭാര്യ വിളക്കുമാടം തറപ്പേൽ ആനി ജോസഫിനെയാണ്(അനി സെബാസ്റ്റ്യൻ -48) പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തത‌്. ഇതോടെ ഈ കേസിൽ  അറസ്റ്റിലായവരുടെ എണ്ണം നാലായി. വ്യാജ റവന്യൂ രേഖകൾ ചമച്ച‌് നടത്തിയ വായ‌്പാ തട്ടിപ്പ‌് സംബന്ധിച്ച‌്  ക്രൈംബ്രാഞ്ച‌് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും എസ്ബിഐ വിജിലൻസ് വിങും സമാന്തര അന്വേഷണം ആരംഭിച്ചു.   
നേരത്ത ഭരണങ്ങാനത്ത‌് താമസിച്ചുവന്ന ആനിയുടെ കുടുംബം രണ്ട‌് വർഷമായി വിളക്കുമാടത്താണ‌്. പാലാ സിഐ വി എ സുരേഷ്, വനിതാ സിവിൽ പൊലീസ് ഓഫീസർ രഞ്ജിനി തുടങ്ങിയവർ ചേർന്നാണ് ഇവരെ വിളക്കുമാടത്തെ വീട്ടിൽനിന്ന് പിടികൂടിയത്. ആനിയും ഭർത്താവും ചേർന്ന് 30 ലക്ഷം രൂപയാണ് വ്യാജരേഖ സമർപ്പിച്ച് തട്ടിയെടുത്തതെന്നും ഇതുസംബന്ധിച്ച രേഖകൾ ഇവരുടെ വീട്ടിൽനിന്ന് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. 
മനോജ‌് ഉൾപ്പെടെ ഇരുപതോളം പ്രതികൾ ഒളിവിലാണ്‌. ഇതുവരെയുള്ള കണക്കനുസരിച്ച് 2.48 കോടി രൂപ തട്ടിയെടുത്തതായാണ് സൂചന. 
ബാങ്കിലെ ചില ഉദ്യോഗസ്ഥർക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്.  ഇതിനിടെ കേസിലെ മുഖ്യ പ്രതിയും കുടുംബവും തമിഴ്‌നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചുവെന്ന് അന്വേഷണസംഘത്തിലെ ഉന്നതൻ  പറഞ്ഞു. ഇവരെ കുടുക്കുന്നതിനായി സൈബർസെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം തുടങ്ങി. പാലാ ഡിവൈഎസ്‌പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top