26 March Tuesday

ഹർത്താൽ തള്ളി വ്യാപാരികളും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

ഹർത്താൽദിനത്തിൽ നിരത്തിലിറങ്ങിയ വാഹനങ്ങൾ

 

 
കോട്ടയം
യൂത്ത‌് കോൺഗ്രസ‌് പ്രഖ്യാപിച്ച മിന്നൽ ഹർത്താലിനെതിരെ ജനകീയ പ്രതിഷേധം. കട – -കമ്പോളങ്ങൾ തുറന്ന‌് വ്യാപാരികൾ  ശക്തമായി രംഗത്തുവന്നു. പലയിടത്തും അക്രമത്തിലൂടെ കടകൾ അടപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിനുശേഷവും ഈ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചു. കെഎസ‌്ആർടിസി ബസുകൾ ഉൾപ്പെടെ സർവീസും നടത്തി. ജനപിന്തുണ ഇല്ലെന്ന‌് മനസ്സിലായതോടെയാണ‌് ഹർത്താൽ അനുകൂലികൾ ജില്ലയിൽ പലയിടത്തും അക്രമം നടത്തിയത‌്. ഡിസിസി ജനറൽ സെക്രട്ടറിയടക്കം ആറുപേർ പിടിയിലായി.  
 കോട്ടയം നഗരത്തിൽ കച്ചവടസ്ഥാപനത്തിനു നേരെ ഉണ്ടായ ആക്രമണത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ജോണി, യൂത്ത‌് കോൺഗ്രസ‌് ബ്ലോക്ക‌് കമ്മിറ്റി ഭാരവാഹി ലിബിൻ കെ ഐ‌സ‌സ‌് എന്നിവരാണ‌് പിടിയിലായത‌്. ഈരാറ്റുപേട്ടയിൽ വാഹനങ്ങൾ തടഞ്ഞ കേസിൽ നാലുപേർ പിടിയിലായി.
 പ്രകടനമായെത്തിയ യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകർ നാട്ടകം  റോയൽ ബജാജ് ഷോറും അടിച്ചുതകർത്തു. ഇതിനെ ചോദ്യംചെയ‌്ത‌് ജീവനക്കാരടക്കം എത്തിയതോടെ രംഗം പന്തിയല്ലെന്നുകണ്ട‌് അക്രമികൾ സ്ഥലംവിട്ടു. സംഭവത്തിൽ ചിങ്ങവനം പൊലീസ‌് കേസെടുത്തു. 
 ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കോട്ടയം, വൈക്കം എന്നിവിടങ്ങളിലും വാഹനങ്ങൾ തടഞ്ഞു. അയ‌്മനം, കഞ്ഞിക്കുഴി, ബേക്കർ ജങ‌്ഷൻ എന്നിവിടങ്ങളിൽ ബലംപ്രയോഗിച്ച‌് കടകൾ അടപ്പിച്ചു. സർക്കാർ ഓഫീസുകളിൽ ഹാജർനില സാധാരണ നിലയിലായിരുന്നു. 
 കോട്ടയം നഗരത്തിലടക്കം വ്യാപാരികൾ ഹർത്താലിനെതിരെ ഒറ്റക്കെട്ടായി രംഗത്തെത്തി. എംസി റോഡിൽ ഹോട്ടലുകളും വസ‌്ത്ര വ്യാപാര ശാലകളും അടക്കം കച്ചവട സ്ഥാപനങ്ങൾ പതിവുപോലെ തുറന്നു. കെഎസ‌്ആർടിസി ബസുകളും ജലഗതാഗത വകുപ്പ‌് ബോട്ടുകളും സാധാരണപോലെ സർവീസ‌് നടത്തി. കുമളി റൂട്ടിലടക്കം ബസിൽ വൻ തിരക്കായിരുന്നു. ദീർഘദൂര ബസുകളും മുടങ്ങിയില്ല. ഓട്ടോ, ടാക‌്സി സ‌്റ്റാൻഡുകളും സജീവമായി. പാലാ, കുമളി, എറണാകുളം, ചങ്ങനാശേരി റൂട്ടിലടക്കം കെഎസ‌്ആർടിസി ബസുകൾ സർവീസ‌് നടത്തി.
 അതേസമയം പകൽ 11 ഒാടെ ജില്ലയിൽ പലയിടത്തും അക്രമവുമായി ഡിസിസി ഭാരവാഹികൾ അടക്കം രംഗത്തെത്തി. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, കോട്ടയം, വൈക്കം എന്നിവിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. ബസ‌് ഡ്രൈവർക്കുനേരെ ‘ഇനി ഇതുവഴി വരരുതെന്ന’ ഭീഷണിയും ഉയർത്തി.  
 കോട്ടയം നഗരത്തിൽ ഡിസിസി പ്രസിഡന്റ‌് ജോഷി ഫിലിപ്പ‌് ഉൾപ്പെടെ പങ്കെടുത്ത പ്രകടനത്തിൽ കഷ്ടിച്ച‌് 25 പേർ മാത്രമാണ‌് പങ്കെടുത്തത‌്. പല സ്ഥലങ്ങളിൽനിന്ന‌് എത്തിച്ച ക്രിമിനലുകളെ അടക്കം പങ്കെടുപ്പിച്ച‌് വ്യാപക അക്രമം നടത്താനായിരുന്നു പദ്ധതി. പ്രകടനം കടന്നുപോയ വഴിയിൽ എംസി റോഡിൽ ഗാന്ധി സ്ക്വയറിനു സമീപം കച്ചവട സ്ഥാപനത്തിനു നേർക്ക‌് അക്രമമുണ്ടായി. അക്രമികളെ ഉടൻതന്നെ പൊലീസ‌് പിടികൂടി. ഇതോടെ തുടർന്ന‌് അക്രമം നടത്താനുള്ള ശ്രമം ഉപേക്ഷിച്ചു. വാഹനം തടഞ്ഞും  കട – -കമ്പോളങ്ങൾ ആക്രമിച്ചും അടപ്പിച്ചും ഹർത്താൽ വിജയിപ്പിക്കാനുള്ള ശ്രമം വിഫലമായി.
 
 
 
പ്രധാന വാർത്തകൾ
 Top