27 September Sunday
മന്ത്രി പി തിലോത്തമന്‍ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി

ലൈഫിൽ ഒത്തുചേർന്നു; ഇമ്മിണി ബല്യ കുടുംബമായി

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

ലൈഫ് മിഷൻ ജില്ലാതല കുടുംബസംഗമം മന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്യുന്നു

 കോട്ടയം

വീടെന്ന മോഹം സഫലമായവർ ഒത്തുചേർന്നപ്പോൾ അതൊരു  വലിയ കുടുംബം പോലെയായി. ആയിരങ്ങളുടെ സന്തോഷം നിറഞ്ഞ മുഖങ്ങൾ സാക്ഷിയാക്കി ലൈഫ് മിഷൻ പുതിയൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. തെള്ളകം ചൈതന്യ പാസ്റ്ററൽ  സെന്ററിൽ നടന്ന ജില്ലാതല സംഗമത്തിൽ ജില്ലയിലെ 6024 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം മന്ത്രി പി തിലോത്തമൻ നിർവഹിച്ചു.
സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന സമ്പൂർണ ഭവനനിർമാണ പദ്ധതിയായ ലൈഫ്‌ മിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ്‌ വീട്‌ ലഭിച്ചവരുടെ കുടുംബസംഗമം സംഘടിപ്പിച്ചത്‌. വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള നൂറുകണക്കിന്‌ ആളുകൾ കുടുംബസംഗമത്തിൽ എത്തി. ജില്ലാതല സംഗമത്തിനു മുന്നോടിയായി ബ്ലോക്ക്‌, നഗരസഭാ തലത്തിലും കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചിരുന്നു.
 ബ്ലോക്ക് - നഗരസഭാ തലങ്ങളിൽ ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തിനൊപ്പം അദാലത്തും സംഘടിപ്പിച്ചു. ഇതുവരെ നടന്ന സംഗമങ്ങളിൽ നാലായിരത്തോളം കുടുംബങ്ങൾ പങ്കെടുത്തു. അദാലത്തുകളിൽ ലഭിച്ച 2133 അപേക്ഷകളിൽ 1451 എണ്ണവും തീർപ്പാക്കി.
ലൈഫ് മിഷനിൽ മൂന്ന് ഘട്ടങ്ങളിലായാണ് ഭവന നിർമാണം. ഒന്നാംഘട്ടത്തിൽ 1093 വീടുകളും രണ്ടാം ഘട്ടത്തിൽ 4931 വീടുകളും ജില്ലയിൽ നിർമിച്ചു. മൂന്നാം ഘട്ടത്തിൽ നാല് ഭവനസമുച്ചയങ്ങൾ നിർമിക്കും. 
വിജയപുരം പഞ്ചായത്തിലെ ചെമ്പോല കോളനിയിലെ ഫ്ളാറ്റ് നിർമാണ പ്രവർത്തനം ആരംഭിച്ചു. അകലക്കുന്നം, തലയോലപ്പറമ്പ് എന്നിവിടങ്ങളിലും കെയർ ഹോം പദ്ധതിയിൽ വൈക്കം മുനിസിപ്പാലിറ്റിയിൽ നടുവിലെ വില്ലേജിലും ഭവനസമുച്ചയം നിർമിക്കാനുള്ള നടപടി തയ്യാറായി.  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. കലക്ടർ പി കെ സുധീർ ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, വൈസ് പ്രസിഡന്റ്‌ ജെസിമോൾ മനോജ്, കോട്ടയം നഗരസഭ ചെയർപേഴ്സൺ ഡോ. പി ആർ സോന, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി, ജില്ലാ പഞ്ചായത്തംഗം അഡ്വ. സണ്ണി പാമ്പാടി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി മേരി ജോ എന്നിവർ സംസാരിച്ചു.
 ലൈഫ് മിഷൻ നിർവഹണത്തിൽ മികവു പുലർത്തിയ തദ്ദേശസ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും ചടങ്ങിൽ അനുമോദിച്ചു.ബ്ലോക്ക് പഞ്ചായത്ത് റഡിന്റ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ മാത്തച്ചൻ താമരശേരി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ ബേബി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി എസ് ഷിനോ, എഡിസി ജനറൽ ജി അനീസ്, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി എൻ സുഭാഷ്, വിവിധ ഗ്രാമ -ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top