21 February Friday

കാലത്തിനനുസരിച്ച‌് തൊഴിൽമേഖലയിൽ മാറ്റം വരുത്തണം: മന്ത്രി തോമസ് ഐസക്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

 പാലാ

പുതിയകാലത്തിനനുസരിച്ച‌് തൊഴിൽമേഖലയിൽ മാറ്റം വരുത്താൻ വിശ്വകർമജർ തയ്യാറാകണമെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. വിശ്വകർമ ദിനാഘോഷത്തോടനുബന്ധിച്ച‌് അഖിലകേരള വിശ്വകർമ മഹാസഭ മീനച്ചിൽ താലൂക്ക് യൂണിയൻ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനികവൽക്കരണം പരമ്പരാഗത തൊഴിൽമേഖലകൾ നാമാവശേഷമാക്കി. ആഭരണ നിർമാണത്തൊഴിലാളികൾ ഉൾപ്പെടെയുള്ള വിശ്വകർമജർ ഇതിന്റെ ജീവിക്കുന്ന രക്തസാക്ഷികളാണ്. പുതിയ വിഭാഗങ്ങൾ പരമ്പരാഗത തൊഴിൽമേഖലയിലേക്ക് കടന്നുവന്നതാണ് ഭവന നിർമാണത്തിലടക്കം സംഭവിച്ചത്. വ്യവസായ വിപ്ലവത്തിനു മുൻപുള്ള ലോകത്തിലെ ഒരുപാട് കണ്ടുപിടിത്തങ്ങൾ കൈത്തൊഴിലെടുക്കുന്നവരുടേതായിരുന്നു. തൊഴിലെടുക്കുന്നവർക്ക് വിജ്ഞാന സമ്പാദനത്തിന് അവസരം നിഷേധിക്കപ്പെട്ടത് അവരുടെ വളർച്ചയ്ക്ക് വിഘാതമായി. ആധുനിക സമ്പദ്ഘടനയുടെ വികസനത്തിന് ജാതിഘടനയും തടസ്സമായിരുന്നു. സമ്പദ്ഘടനയുടെ വളർച്ചയ്‌ക്കൊപ്പം നീങ്ങാൻ വിശ്വകർമജരടക്കമുള്ളവർക്ക് കഴിയുന്നില്ല. ഇതിനെ പ്രതിരോധിച്ച് മുന്നേറാൻ, തൊഴിൽ വൈദഗ‌്ധ്യവും ഉൽപ്പന്നങ്ങളും ആധുനികവൽക്കരണത്തിന്റെ ചുവടുപിടിച്ച് ഓൺലൈൻ പോർട്ടൽവഴി പ്രചരിപ്പിക്കാനും വിപണനം ചെയ്യാനും വിശ്വകർമജർക്ക് കഴിയണം. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്നും തോമസ‌് ഐസക‌് പറഞ്ഞു. 
യൂണിയൻ പ്രസിഡന്റ് ടി എസ് ശ്രീധരൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വി എ അപ്‌സലൻ, ബിജെപി ദേശീയസമിതിയംഗം പി കെ കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. പ്ലസ്ടുവിന് മികച്ച വിജയം നേടിയവർക്ക് സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവനും എസ്എസ്എൽസി വിജയികൾക്ക് നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോയും അവാർഡുകൾ സമ്മാനിച്ചു. കലാ-കായികരംഗത്തെ സംസ്ഥാന ജേതാക്കളെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അനിതാ രാജുവും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ കെവിവൈഎസ് സംസ്ഥാന ട്രഷറർ ഇ എസ് നിധീഷ്‌കുമാറും ആദരിച്ചു. നഗരസഭാംഗം ബിനു പുളിക്കകണ്ടം, യൂണിയൻ ട്രഷറർ ടി എൽ ശശി, വൈസ് പ്രസിഡന്റ് എം കെ മോഹനൻ, മഹിളാ യൂണിയൻ പ്രസിഡന്റ് ഉഷാ ബാബു, കെവിവൈഎസ് പ്രസിഡന്റ് ടി എസ് സനൽകുമാർ, യൂണിയൻ സെക്രട്ടറി യു ആർ മോഹനൻ, ബോർഡ് അംഗം എൻ പി പ്രസാദ് എന്നിവർ സംസാരിച്ചു.
സമ്മേളനത്തിനു മുന്നോടിയായി രാവിലെ പതാക ഉയർത്തലും തുടർന്ന് പാലാ വിമൽ ആചാരിയുടെ മുഖ്യ കാർമികത്വത്തിൽ വിശ്വകർമദേവപൂജയും നടന്നു. വൈകിട്ട് വെള്ളാപ്പാട് ദേവീക്ഷേത്രാങ്കണത്തിൽനിന്ന് സമ്മേളനനഗരിയായ പാലാ മുനിസിപ്പൽ ടൗൺഹാളിലേക്ക് നടന്ന റാലിയിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top