16 September Monday
അരി മുതല്‍ ഉമിക്കരി വരെ

168 ഇനം സാധനങ്ങളുമായി ‘കൂടെയുണ്ട് കോട്ടയം’

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

 കോട്ടയം

പ്രകൃതിക്ഷോഭ ദുരിതബാധിതരെ സഹായിക്കാനുള്ള കൂടെയുണ്ട് കോട്ടയം പരിപാടിയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് പിന്തുണയുമായെത്തിയവർ എത്തിച്ചത് 168 ഇനം സാധനങ്ങൾ. അരിയും പലവ്യഞ്ജനങ്ങളും മുതൽ ഉമിക്കരിവരെ.
  കോട്ടയം ബസേലിയസ് കോളേജിലെ സംഭരണ കേന്ദ്രത്തിൽ 6188 കിലോഗ്രാം അരിയാണ്  ഇതുവരെ ലഭിച്ചത്. 1660 പായകളും 3216 ബെഡ്ഷീറ്റുകളും കുട്ടികളുടെ 3044 ഉടുപ്പുകളും 18429 സാനിറ്ററി നാപ്കിനുകളും കിട്ടി.
  ബിസ്ക്കറ്റ് പാക്കറ്റ് -9298, ബ്ലീച്ചിങ്‌ പൗഡർ -2564.25 കിലോ, മെഴുകുതിരി പാക്കറ്റ്- 1217, കുട്ടികളുടെ നാപ്കിൻ -1705 പാക്കറ്റ്, ലുങ്കി- 1753, തോർത്ത്- 3670, സോപ്പ്- 6983, അവശ്യ ഭക്ഷ്യസാധനങ്ങൾ അടങ്ങിയ കിറ്റ് -500 എന്നിങ്ങനെ പോകുന്നു പട്ടിക.  2201 ടൂത്ത് പേസ്റ്റ് ട്യൂബുകൾക്കും 3650 ടൂത്ത് ബ്രഷുകൾക്കുമൊപ്പം 30 പാക്കറ്റ് ഉമിക്കരിയും കോട്ടയംകാരുടെ കരുതലിന്റെ തെളിവായി പട്ടികയിലുണ്ട്. 
  ഇൻസ്ട്രുമെന്റ്‌ ബോക്സുകൾ, പേന, പെൻസിൽ, കളർ പെൻസിലുകൾ എന്നിവയ്ക്കു പുറമെ കുട്ടികൾക്കായി 49,920 ചോക്കലേറ്റുകളും 24,039 പാക്കറ്റ് ന്യൂഡിൽസും സമാഹരിച്ചിട്ടുണ്ട്. ലഭിക്കുന്ന സാധനങ്ങളുടെ വിശദാംശങ്ങൾ സംഭരണ കേന്ദ്രത്തിൽതന്നെ തത്സമയം കംപ്യൂട്ടറിൽ രേഖപ്പെടുത്തുന്നുണ്ട്. കഴിവിനൊത്ത്‌ ചെറുസംഭാവനകൾ എത്തിക്കുന്ന സാധാരണക്കാർ ഏറെയുണ്ടെന്ന് കേന്ദ്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ പറയുന്നു.
 കൂടെയുണ്ട് കോട്ടയത്തിന്റെ ഭാഗമായി ഇതുവരെ നാലു ലോഡ് ദുരിതാശ്വാസ സാമഗ്രികൾ മറ്റു ജില്ലകളിലേക്ക് അയച്ചു. ഒരു ലോഡ് മലപ്പുറം ജില്ലയിലേക്കും മൂന്നു ലോഡ് വയനാട് ജില്ലയിലേക്കുമാണ് പോയത്. ശനിയാഴ്‌ച വൈകിട്ട്‌ പുറപ്പെട്ട വാഹനങ്ങൾ മന്ത്രി പി തിലോത്തമൻ ഫ്ലാഗോഫ് ചെയ്തു. കലക്ടർ പി കെ സുധീർ ബാബു, എഡിഎം അലക്സ് ജോസഫ്, ഹുസൂർ ശിരസ്തദാർ ബി അശോക് എന്നിവർ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top