21 September Saturday
സർക്കാർ ഒരുകോടി അനുവദിച്ചു

പ്രളയം തോൽക്കും; ബസാർ യുപിഎസിന‌് പുത്തൻ കെട്ടിടമുയരും

സ്വന്തം ലേഖകൻUpdated: Tuesday Jun 18, 2019

പ്രളയത്തിൽ നശിച്ച കുമരകം ഗവ. യുപി സ‌്കൂൾ കെട്ടിടം

 

കുമരകം
പ്രളയത്തിൽ തകർന്ന ബസാർ ഗവ. യുപിഎസിന‌് പുതിയ കെട്ടിടം നിർമിക്കാൻ ഒരു കോടി. കുമരകം പഞ്ചായത്തിന്റെ അഭ്യർഥനപ്രകാരം സർക്കാരാണ‌് തുക അനുവദിച്ചത‌്.   ഈ തുക ഉപയോഗിച്ച‌് അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റി പുതിയത‌് നിർമിക്കും. പ്രളയത്തിൽ വെള്ളം കയറിയാണ‌് കെട്ടിടം തകർന്നത‌്. സ‌്കൂളിലെ ആദ്യകാല കെട്ടിടങ്ങളിലൊന്നാണിത‌്. ആദ്യം ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ച സ‌്കൂളിൽ വെള്ളം ഉയർന്നപ്പോൾ ആളുകളെ മാറ്റിപ്പാർപ്പിച്ചു.  താഴ‌്ന്ന കെട്ടിടമായതിനാൽ മൂന്നടിയിലേറെ വെള്ളം ഉയർന്നത‌് കെട്ടിടത്തിന‌് ബലക്ഷയമായി. പഞ്ചായത്തിന്റെ അഭ്യർഥന മാനിച്ച‌് തുക അനുവദിച്ച സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നതായി പ്രസിഡന്റ‌് എ  പി സലിമോൻ പറഞ്ഞു. 
കഴിഞ്ഞ വർഷം 150–-ാം വാർഷികം ആഘോഷിച്ച ബസാർ യുപിഎസ‌് കുമരകത്തെ ആദ്യകാല വിദ്യാലയമാണ‌്. ഏഴ‌് വരെ ക്ലാസുകളിലായി നൂറിലേറെ കുട്ടികൾ ഇപ്പോഴുണ്ട‌്. പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. പാഠ്യ–-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ‌്കൂളിന്റെ വളർച്ചക്ക‌് നാട്ടുകാരും ഒന്നിച്ചുണ്ട‌്. പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി എസ‌്എഫ‌്ഐ ഈ സ‌്കൂൾ ദത്തെടുത്തു. ഏതാനും  വർഷമായി  കുട്ടികൾക്ക‌് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പ്രവർത്തനവും എസ‌്എഫ‌്ഐ ഏറ്റെടുത്തു. പുതിയ കെട്ടിടം വരുന്നതോടെ സ‌്കൂളിന്റെ ഭൗതിക നിലവാരം മെച്ചപ്പെടുമെന്ന‌് ഹെഡ‌്മിസ‌്ട്രസ‌് ഐ എം ഹൗവ്വയും പിടിഎ പ്രസിഡന്റ‌് വി കെ സതീഷും പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top