17 July Wednesday

കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസി. എൻജിനിയർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

 

കോട്ടയം
കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം നഗരസഭയിലെ ജീവനക്കാരി വിജിലൻസ‌് പിടിയിൽ. കൊല്ലം സ്വദേശിനിയും നഗരസഭ എൻജിനിയറിങ് വിഭാഗത്തിലെ അസി. എൻജിനിയറുമായ എം പി ഡെയ്‌സിയാണ് 2000 രൂപ വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്.  
വിജിലൻസ് ഡിവൈഎസ‌്പി എസ് സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ‌് ഇവരെ പിടികൂടിയത‌്.പകൽ ഒന്നോടെ മുനിസിപ്പാലിറ്റി ഓഫീസിൽ നിന്നുമാണ് ഇവർ പിടിയിലായത‌്. ഓഫീസിൽ ക്യാമറ സ്ഥാപിച്ചിട്ടുള്ളതിനാൽ പണം കൈയിൽ വാങ്ങാതെമേശക്കുള്ളിൽ നിക്ഷേപിക്കാൻ ഡെയ്‌സി ഇടപാടുകാരനോട‌് ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ ഓഫീസ് മേശക്കുള്ളിൽ നിന്നും വിജിലൻസ് സംഘം പണം പിടിച്ചെടുത്തിട്ടുണ്ട‌്.
കോട്ടയം ചാലുകുന്ന് സ്വദേശിയുടെ വീടിന് സമീപമുള്ള റോഡ് അയൽവാസി മണ്ണിട്ട് ഉയർത്തി രൂപമാറ്റംവരുത്തി എന്നത് സംബന്ധിച്ച്  മുനിസിപ്പാലിറ്റിയിൽ മൂന്ന് മാസം മുമ്പ‌് ഒരു പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ മൂന്ന് മാസക്കാലത്തോളം നടപടി കൈക്കൊണ്ടിരുന്നില്ല. തുടർന്ന് കഴിഞ്ഞ നാലാം തീയതി ഡെയ്‌സി പരാതിക്കാരനായ വ്യക്തിയെ ഫോണിൽ വിളിച്ച് പരാതി കണ്ടുവെന്ന് അറിയിക്കുകയും 13 ന് സ്ഥലം സന്ദർശിക്കുകയും ചെയ്തു. ഇവിടെ എത്തിയ ഇവർ തന്നോടൊപ്പമുള്ള ഡ്രൈവർക്ക് പണം നൽകണമെന്ന് പറഞ്ഞു 100 രൂപ പരാതിക്കാരനിൽ നിന്നും വാങ്ങി. തുടർന്ന് പരാതിയിൽ തീർപ്പ് കല്പിക്കണമെങ്കിൽ 5000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ആദ്യ ഗഡുവായി 2000 രൂപയുമായി തിങ്കളാഴ‌്ച മിനിസിപ്പാലിറ്റി ഓഫീസിൽ വരാൻ  പരാതിക്കാരനോട് ആവശ്യപ്പെട്ടു. ഇയാൾ ഈ വിവരം വിജിലൻസിനെ അറിയിക്കുകയും തുടർന്ന് വിജിലൻസ് എസ‌്പി വി ജി വിനോദ്കുമാറിന്റെ നിർദേശ പ്രകാരം ഡിവൈഎസ‌്പിയുടെ നേതൃത്വത്തിൽ നഗരസഭയിലെത്തി പണം കൈമാറിയപ്പോൾ പിടികൂടുകയായിരുന്നു. 
 രണ്ടാഴ്ചക്കുള്ളിൽ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥയാണ് ഡെയ്‌സി. കോട്ടയം ആയുർവേദ ആശുപത്രിയിലെ ഡോക്ടറെ ഒരാഴ്ച മുമ്പ‌് കൈക്കൂലിവാങ്ങുന്നതിനിടെ പിടികൂടിയിരുന്നു. കഴിഞ്ഞ മേയ് 25 ന‌് നഗരസഭയുടെ നാട്ടകം സോണൽ ഓഫിസിൽവച്ച് കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന സീനിയർ ക്ലർക്ക് എം ടി പ്രമോദിനെ(49) വിജിലൻസ് സംഘം പിടികൂടിയിരുന്നു. ഈ കേസിൽ ഇതേ സോണിലെ തന്നെ സൂപ്രണ്ട് സരസ്വതിയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സിഐമാരായ റിജോ പി ജോസഫ്, എ ജെ തോമസ്, നിഷാദ് മോൻ, എസ്ഐ വിൻസെന്റ് കെ മാത്യു, എഎസ്ഐമാരായ തോമസ് ജോസഫ്, അജിത് ശങ്കർ, ജയകുമാരൻ നായർ, അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസറായ തുളസീധരകുറുപ്പ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top