27 June Thursday

ശുചീകരണത്തിൽ സിപിഐ എം മാതൃകയാകുന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019

 

കോട്ടയം

ശുചിത്വമുള്ള നാട‌്, ആരോഗ്യമുള്ള ജനത എന്ന സന്ദേശം നൽകി ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന ശുചീകരണ യജ്ഞത്തിൽ സിപിഐ എമ്മും പങ്കാളികളാകുന്നത‌് നാടിന‌് പുതിയ സന്ദേശമാകും. ജനകീയമായ വീണ്ടെടുപ്പ‌് ശുചിത്വരംഗത്തും സാധ്യമാക്കുകയാണ‌് പരിപാടിയുടെ ലക്ഷ്യം. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടക്കുന്ന ശുചീകരണ പ്രവർത്തനത്തിൽ പാർടി പ്രവർത്തകർക്കൊപ്പം വർഗ ബഹുജന സംഘടനകളിലെ പ്രവർത്തകരും അണിനിരക്കും. എല്ലായിടത്തും വിപുലമായ പരിപാടികളാണ‌് ആസൂത്രണം ചെയ‌്തിരിക്കുന്നത‌്. വാർഡ‌് തലത്തിലാണ‌് ശുചീകരണം.

  പ്ലാസ‌്റ്റിക‌് മാലിന്യങ്ങളടക്കമുള്ളവ നീക്കം ചെയ‌്ത‌് മഴക്കാലരോഗ വ്യാപനം പരമാവധി തടയുകയാണ‌് ലക്ഷ്യം. കെട്ടിക്കിടക്കുന്ന മാലിന്യമാണ‌് പകർച്ചവ്യാധി പരത്തുന്നത‌്. ഇവ പരമാവധി നീക്കി ആരോഗ്യമുള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട‌്. ഇതിനായി കൈമെയ‌് മറന്നുള്ള ദൗത്യമാണ‌് സിപിഐ എം ജില്ലയിൽ ഏറ്റെടുത്തിരിക്കുന്നത‌്.

  എല്ലാവാർഡുകളിലും ശുചീകരണം ഉറപ്പുവരുത്തുന്ന സ‌്ക്വാഡ‌് പ്രവർത്തിക്കും. വീടുകളുടെയും ഓഫീസുകളുടെയും പരിസരവും പാർടി ഓഫീസും പരിസരവും  പൊതുഇടങ്ങളും വൃത്തിയാക്കും. പുതിയൊരു സംസ‌്കാരം രൂപപ്പെടുത്താൻ ജനങ്ങളെ ബോധവാൻമാരാക്കുന്ന പ്രവർത്തനങ്ങളാണ‌് പാർടി ഏറ്റെടുത്തിരിക്കുന്നത‌്. മാലിന്യം ഉറവിടങ്ങളിൽത്തന്നെ സംസ‌്കരിക്കുകയെന്നതാണ‌് പ്രധാനം. 

 ശുചീകരണ പ്രവർത്തനം മാതൃകാപരമായി നടപ്പാക്കാൻ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ അഭ്യർഥിച്ചു. വാർഡ‌് തലത്തിലുള്ള പ്രവർത്തനങ്ങളിൽ എല്ലാ പാർടി പ്രവർത്തകരും സജീവമായി പങ്കാളികളാകണം.

 

പ്രധാന വാർത്തകൾ
 Top