01 April Wednesday

മലയോരം കത്തുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

കയ്യൂർ മലയിൽ തിങ്കളാഴ‌്ചയുണ്ടായ തീപിടിത്തം

 തലനാട് 

ഇല്ലിക്കകല്ലിലേക്ക്  പോകുന്ന റോഡിന്റെ വശങ്ങളിൽ  തീ പിടിച്ച്‌ ഏക്കർ കണക്കിന് സ്ഥലത്തേക്കു വ്യാപിച്ചു. ഏകദേശം 20 ഏക്കർ സ്ഥലത്തെ  കൃഷി, തരിശ്  ഭൂമികൾ  കത്തി നശിച്ചു. പ്രദേശത്ത്  ആൾത്താമസം ഇല്ലതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.  ഉരുളുകുന്നേൽ ജോയ്, കൊല്ലംപറമ്പിൽ ബഷീർ, കുരുവൻപ്ലാക്കൽ സുകുമാരൻ. പാലേത് ബഷീർ എന്നിവരുടെ സ്ഥലത്തേകതോണ് തീ വ്യാപിച്ചത്. 
സ്ഥലത്തുണ്ടായിരുന്ന റബർ, തെങ്ങ്, ഗ്രാമ്പു, ജാതി, വാഴ കൃഷികളും നശിച്ചു. കുന്നിൻ ചെരിവയതിനാലും തീ അണയ്‌ക്കാൻ താമസം വന്നു. വൈകിട്ടു നാലിന്‌ പിടിച്ച തീ  ഈരാറ്റുപേട്ടയിൽ നിന്നുമെത്തിയ അഗ്നിശമനസേനയും നാട്ടുകാരുടെയും സഹകരണത്തോടെ രാത്രിയോടെ അണച്ചു. എന്നാൽ വലിയ കുന്നിൻചെരുവിന്റെ താഴ്ഭാഗത്തുനിന്നും തീ വീണ്ടും മുകളിലേക്ക് പടരാൻ സാധ്യത ഉള്ളതിനാൽ അഗ്നിശമന  സേനയും നാട്ടുകാരും ജാഗ്രതയിലാണ്.
പാലാ 
കയ്യൂർ മലയിലുണ്ടായ തീപിടിത്തത്തിൽ കൃഷിഭൂമിയുൾപ്പെടെ ഏക്കറുകണക്കിന് സ്ഥലം കത്തി നശിച്ചു. പ്രദേശത്തെ വൻ പാറസമ്പത്ത് ഉന്നം വെയ്ക്കുന്ന മാഫിയയാണ്‌ തീവച്ചതെന്ന‌്  നാട്ടുകാർ പറയുന്നു. തിങ്കളാഴ‌്ച പകൽ രണ്ടോടെയാണ് സംഭവം. പുരയിടങ്ങളിൽ വ്യാപിച്ച തീ രാത്രി വൈകിയും നിയന്ത്രണവിധേയമായിട്ടില്ല. പല സ്ഥലങ്ങളിൽനിന്ന‌് ഒരേ സമയം തീ പടരുകയായിരുന്നുവെന്നും ആൾസഞ്ചാരമില്ലാത്ത മലയുടെ മധ്യഭാഗത്താണ് ആദ്യം തീ കണ്ടതെന്നും നാട്ടുകാർ പറഞ്ഞു. തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാതെ ഫയർബെൽറ്റ് തീർക്കുമ്പോൾ മറ്റ് സ്ഥലങ്ങളിൽ തീ പടരുകയായിരന്നു. ഫയർഫോഴ്‌സിന്റെ വാഹനം ഇവിടെ വരെ എത്തില്ല. പ്രധാന റോഡിൽനിന്ന‌് ഒരു കിലോമീറ്ററോളം ഉൾഭാഗത്താണ് തീ പടരുന്നത‌്. കയ്യൂർപള്ളി, സ്‌കൂൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് തീ പടരാതിരിക്കാൻ നാട്ടുകാർ മുൻകരുതലെടുത്തു. മലഞ്ചെരിവുകൾ നിറഞ്ഞ പ്രദേശത്ത‌് ശക്തമായ കാറ്റ‌് വീശുന്നതും  രക്ഷാദൗത്യം ശ്രമകരമാക്കുന്നുണ്ട‌്.  ഫയർഫോഴ്‌സിനും പൊലീസിനുമൊപ്പം കയ്യൂർ പ്രദേശത്തെ പഞ്ചായത്തിന്റെ ഇരുപതംഗ ദുരന്തനിവാരണ സേനയും സ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്.
 
 
 
പ്രധാന വാർത്തകൾ
 Top