26 March Tuesday
ജാഥാ പ്രയാണം 23, 24, 25 തീയതികളിൽ

എൽഡിഎഫ‌് യാത്രയെ വരവേൽക്കാൻ ഒരുങ്ങി ജില്ല

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

 കോട്ടയം

മതനിരപേക്ഷവും അഴിമതിരഹിതവുമായ രാഷ്ട്രീയത്തിന്റെ പ്രസക്തി ഓർമപ്പെടുത്തി പ്രയാണമാരംഭിച്ച എൽഡിഎഫ‌് തെക്കൻ മേഖലാ കേരള സംരക്ഷണ യാത്രക്ക‌് ജില്ലയിൽ സ്വീകരണം നൽകാൻ ഒരുക്കം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ നയിക്കുന്ന ജാഥ 23 നാണ‌് ജില്ലയിൽ പ്രവേശിക്കുന്നത‌്. രാജ്യത്തെ വർഗീയഭൂമിയാക്കാനുള്ള ചിലരുടെ ശ്രമങ്ങളെ തുറന്നുകാണിച്ചും ജനകീയ വിഷയങ്ങളുയർത്തിയും നടത്തുന്ന ജാഥക്ക‌് നൽകുന്ന സ്വീകരണങ്ങളിൽ സമൂഹത്തിലെ നാനാതുറകളിൽനിന്നുള്ളവർ പങ്കെടുക്കും. എൽഡിഎഫിലെ മുഴുവൻ ഘടകകക്ഷികളുടെയും നേതൃത്വത്തിൽ സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. ശനിയാഴ‌്ച വൈകിട്ട‌് അഞ്ചിന‌് വൈക്കം മണ്ഡലത്തിലാണ‌് ആദ്യ സ്വീകരണം. ജില്ലയിലെ എൽഡിഎഫ‌് നേതാക്കൾ ജാഥയെ സ്വീകരിക്കാൻ വൈക്കത്ത‌് എത്തും. 
ഞായറാഴ‌്ച പകൽ 11 ന‌് കടുത്തുരുത്തി മണ്ഡലത്തിലെ കുറുപ്പന്തറ ചന്തമൈതാനത്ത‌് സ്വീകരണം നൽകും. പകൽ മൂന്നിന‌് പാലാ ന്യൂബസാർ, വൈകിട്ട‌് നാലിന‌് ഏറ്റുമാനൂർ മണ്ഡലത്തിലെ കോവിൽപാടം, വൈകിട്ട‌് അഞ്ചിന‌് കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളുടെ നേതൃത്വത്തിൽ തിരുനക്കര മൈതാനം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 
തിങ്കളാഴ‌്ച പകൽ 11 ന‌് ചങ്ങനാശേരിയിലെ പെരുന്ന ബസ‌്സ‌്റ്റാൻഡ‌്, മൂന്നിന‌് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പൊൻകുന്നം രാജേന്ദ്ര മൈതാനം, വൈകിട്ട‌് നാലിന‌് പൂഞ്ഞാർ മണ്ഡലത്തിലെ മുണ്ടക്കയം ബസ‌്സ‌്റ്റാൻഡിനു സമീപം എന്നിവിടങ്ങളിലും സ്വീകരണം നൽകും‌. തുടർന്ന‌് ജാഥ ഇടുക്കി ജില്ലയിലെ പീരുമേട‌് മണ്ഡലത്തിൽ പ്രവേശിക്കും. 
ജാഥയിൽ കെ പ്രകാശ‌്ബാബു(സിപിഐ), പി സതീദേവി (സിപിഐ എം), പി കെ രാജൻ(എൻസിപി), യു ബാബു ഗോപിനാഥ‌് (കോൺഗ്രസ‌് എസ‌്), ഡീക്കൻ തോമസ‌് കയ്യത്ര(കേരള കോൺഗ്രസ‌് –- സ‌്കറിയ), ഡോ. വർഗീസ‌് ജോർജ‌് (ലോക‌് താന്ത്രിക‌് ജനതാദൾ), കാസിം ഇരിക്കൂർ (ഐഎൻഎൽ), ആന്റണി രാജു(ജനാധിപത്യ കേരള കോൺഗ്രസ‌്), പി എം മാത്യു (കേരള  കോൺഗ്രസ‌് ബി) എന്നിവർ അംഗങ്ങളാണ‌്.
  ഏറെ പ്രധാനാന്യമുള്ള എൽഡിഎഫ‌്  കേരള സംരക്ഷണയാത്ര വൻ വിജയമാക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ആഹ്വാനം ചെയ‌്തു. യാത്ര വിജയമാക്കാൻ വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ‌് ജില്ലയിലെങ്ങും നടന്നുവരുന്നത‌്. എൽഡിഎഫിന്റെ മുഴുവൻ പ്രവർത്തകരും കൈമെയ‌് മറന്നു പ്രവർത്തിക്കുകയാണ‌്. രാജ്യത്തെ മതപരമായി വേർതിരിക്കുന്ന ശക്തികൾക്കെതിരെയുള്ള പടയോട്ടം വൻ വിജയമാക്കാൻ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന‌് വി എൻ വാസവൻ അഭ്യർഥിച്ചു.
 
പ്രധാന വാർത്തകൾ
 Top