23 March Saturday

ഗുഡ്സ് ട്രെയിൻ തനിയെ നീങ്ങി പാളം തെറ്റിയ സംഭവം; ഒഴിവായത് വൻ ദുരന്തം

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

 

 
തലയോലപ്പറമ്പ് 
പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപം മെറ്റൽ നിറച്ചിട്ടിരുന്ന ഗുഡ്സ് ട്രെയിൻ ബ്രേക്കും സ്റ്റോപ്പറും തകർത്ത് തനിയെ നീങ്ങി പാളം തെറ്റി മറിഞ്ഞ സംഭവത്തിൽ അന്വേഷണം തുടങ്ങി. ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം ഉണ്ടായത്. 
ട്രെയിനിന്റെ നാല് ബോഗിയോളം തൊട്ടടുത്ത റോഡിലേക്ക‌് ഇടിച്ചു കയറി.  ഇതിന് സമീപമുള്ള ഗെയിറ്റും ഇലക്ട്രിക്ക് പോസ്റ്റുകളും തകർന്നുവീണു. ഉടൻ കെഎസ്ഇബിയിൽ വിവരം അറിയിച്ച‌് വൈദ്യുതി ബന്ധംവിച്ഛേദിച്ചു. സ്ഥിരമായി ഇവിടെ ഇരിക്കുന്നവർ അവിടെനിന്ന് മാറി മണിക്കൂറുകൾക്കുള്ളിലാണ് അപകടം ഉണ്ടായത്. സ്വകാര്യ സിമന്റ് ഫാക്ടറിയിലേക്ക‌് അടക്കമുള്ള വാഹനങ്ങളും കാൽനടയാത്രികരും  കടന്നുപോകുന്ന റോഡായിരുന്നു ഇത‌്. രാത്രിയായതും വാഹനങ്ങൾ  ഇല്ലാതിരുന്നതും ദുരന്തം ഇല്ലാതാക്കി. അല്ലായിരുന്നെങ്കിൽ  വെള്ളൂർ മറ്റൊരു ട്രെയിൻ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുമായിരുന്നു.  പ്രധാന ട്രാക്കിലല്ലാത്തതിനാൽ ട്രെയിൻ ഗതാഗതത്തിന് തടസ്സമുണ്ടായില്ല. റെയിൽവേയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി മെറ്റൽ കൊണ്ടുവന്ന ഗുഡ്സ്ട്രെയിൻ പ്രധാന ട്രാക്കിൽ നിന്ന് മാറ്റിയാണ് ഇട്ടിരുന്നത്. നാല് ബോഗിയിൽ മാത്രമാണ് മെറ്റൽ ഉണ്ടായിരുന്നത്. എൻജിനിൽനിന്ന് വിച്ഛേദിച്ച നിലയിലായിരുന്നു ട്രെയിൻ. എങ്ങനെയാണ് ട്രെയിൻ നീങ്ങിയത് എന്നതിനെപ്പറ്റി അന്വേഷണത്തിന് ശേഷം മാത്രമേ പറയാൻ സാധിക്കുകയുള്ളൂ എന്ന് റെയിൽവേ അധികൃതർ പറഞ്ഞു. എറണാകുളം സീനിയർ ഡിവിഷണൽ മെക്കാനിക്കൽ എൻജിനിയർ അടക്കമുള്ള ഉദ്യോഗസ്ഥർ  ബോഗികൾ മാറ്റുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top