24 June Thursday

തുരുെമ്പടുക്കില്ല, വിടർന്നത്‌ പുതുപ്രതീക്ഷ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019
തലയോലപ്പറമ്പ്
കാലമേറെ ചെല്ലുമ്പോൾ ചിങ്ങവനം ടെസിൽ കമ്പനിപോലെ യന്ത്രസാമഗ്രികൾ തുരുമ്പെടുത്ത്‌ അസ്ഥിപഞ്ജരമാകുമായിരുന്നു വെള്ളൂർ എച്ച്‌എൻഎൽ.  അത്തരമൊരു അവസ്ഥയിലേക്ക്‌ സ്ഥാപനത്തെ എത്തിക്കാൻ കേന്ദ്രസർക്കാർ പഠിച്ച പണി പതിനെട്ടും പയറ്റിയപ്പോൾ ഇവിടൊരു സർക്കാരിന്റെ നിലപാട്‌ ആർക്കൊപ്പമെന്ന്‌ തിരിച്ചറിയുകയാണ്‌ വെള്ളൂർ നിവാസികൾ.  
   ഒരു വർഷമായി ഉല്പാദനം നിർത്തിവച്ച കമ്പനിയിലെ തൊഴിലാളികൾ പണിയില്ലാതാകുന്ന പ്രതിസന്ധിയെന്തെന്ന്‌ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു. മക്കളെ പഠിപ്പിക്കാനും കുടുംബ ചെലവുകൾ  താങ്ങാനും  കൂലിപ്പണിക്ക്‌ പോകേണ്ട അവസ്ഥയിലെത്തി. തൊഴിലാളികളെ കൂട്ട ആത്മഹത്യയിലേക്ക്‌ തള്ളിവിടുന്നതല്ല, ഇടതുപക്ഷ സർക്കാരിന്റെ നിലപാടെന്ന്‌ നാടാകെ തിരിച്ചറിയുന്നു.
 എച്ച്എൽഎൽ വിൽക്കരുതെന്ന് ആവശ്യപ്പെട്ട്  സർക്കാർ ഐകകണ്‌ഠ്യേനയാണ്‌ നിയമസഭയിൽ പ്രമേയം പാസാക്കിയത്‌. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും കേന്ദ്രത്തിന്‌ കത്തെഴുതി.  മറുപടിയില്ലാത്തതിനാൽ  മുഖ്യമന്ത്രി  പ്രധാനമന്ത്രിയെ കണ്ട്‌ എച്ച്എൻഎൽ സംസ്ഥാനത്തിന് വിട്ടുതരമെന്ന് ആവശ്യപ്പെട്ടു. കമ്പനി വിൽക്കാനുള്ള ലേലത്തിൽ പങ്കെടുക്കാനായിരുന്നു കേന്ദ്രം നിർദേശിച്ചത്‌.
കമ്പനിയുടെ സ്ഥലം മറ്റ് ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കാനോ,  വിൽക്കാനോ,  വാടകയ്‌ക്ക് നൽകാനോ കഴിയില്ലെന്ന്‌ വ്യവസ്ഥയുണ്ടെന്ന്‌ സംസ്ഥാന സർക്കാർ ഹൈക്കോടതിയിലും എൻസിഎൽടി  കോടതിയിലും കേസുകൾ ഫയൽ ചെയ്തു. എച്ച്‌എൻഎൽ എംപ്ലോയീസ്‌ യൂണിയൻ നേതൃത്വം  മാനേജ്മെന്റുമായി ചർച്ച നടത്തിയെങ്കിലും ആരംഭകാലത്ത്‌ തയ്യാറാക്കിയ കരാറിന്റെ പകർപ്പ് ലഭിച്ചില്ല.  യൂണിയൻ മുൻ സെക്രട്ടറി  പി സുരേഷ്‌ പുരാരേഖ വകുപ്പിൽനിന്ന്‌ 2017ൽ വിവരാവകാശ നിയമപ്രകാരം കരാറിന്റെ പകർപ്പുനേടി. അത് വ്യവസായ വകുപ്പിന്‌ കൈമാറി. ഈ രേഖകളാണ് നിർണായകമായ ഇടപെടൽ നടത്താൻ  സംസ്ഥാന സർക്കാരിനെ സഹായിച്ചത്‌.    
 കരാറിലെ വ്യവസ്ഥകൾ വ്യക്തമാക്കി കലക്ടർ കമ്പനി എംഡിക്കും ലിക്വഡേറ്റർക്കും നോട്ടീസ്‌ നൽകിയിരുന്നു. കമ്പനിക്ക്‌ പ്രത്യേക ആവശ്യത്തിനായി സർക്കാർ കൈമാറിയ ഭൂമി കരാർ ലംഘിച്ചാൽ തിരിച്ചെടുക്കാൻ അധികാരമുണ്ടെന്ന്‌ വ്യക്തമാക്കിയായിരുന്നു കത്ത്‌.  കമ്പനിയുടെ 700 ഏക്കറോളം ഭൂമിയാണ്‌ സർക്കാരിന്‌ അവകാശപ്പെട്ടത്‌. സർക്കാർ നിലപാട്‌ കടുപ്പിച്ചതോടെ ലിക്വഡേറ്ററും വഴങ്ങി. 
      ജീവിതത്തിന്റെ സൈറൻ  നിലച്ച നൂറുകണക്കിന്‌ ജീവനക്കാരും പ്രദേശ വാസികളും ഇപ്പോൾ  പ്രതീക്ഷയിലാണ്‌. എൻസിഎൽ ട്രിബ്യൂണലിൽ തിങ്കളാഴ്‌ച വിധി പറയുന്നത്‌ അവരുടെ ജീവിത സ്വപ്‌നങ്ങൾക്കുകൂടിയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top