05 December Thursday

വിജയിച്ചത്‌ സർക്കാരിന്റെ നിശ്ചയദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

 

 
തലയോലപ്പറമ്പ്
വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്എൻഎൽ) സംസ്ഥാന സർക്കാരിന് കൈമാറാൻ ലിക്വിഡേറ്റർ തീരുമാനിക്കുമ്പോൾ തെളിയുന്നത് ഇടതുപക്ഷ സർക്കാരിന്റെ നിശ്ചയദാർഢ്യം. ഒരുവർഷമായി ഉല്പാദനം നിലച്ച സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചിട്ട് 13 മാസമായി. കമ്പനി എറ്റെടുക്കാൻ തയ്യാറാണെന്നറിയിച്ച്‌ കേന്ദ്രത്തെ സമീപിച്ച കേരള സർക്കാരിനോട് ലേലത്തിൽ പങ്കെടുക്കാനായിരുന്നു നിർദ്ദേശം.
  പിന്നോട്ടുപോകാതെ ഏറ്റെടുക്കാൻ സന്നദ്ധതയറിയിച്ച്‌ സംസ്ഥാന സർക്കാർ എൻസിഎൽടി കൊച്ചി ബെഞ്ചിൽ വിശദമായ പ്രൊപ്പോസൽ സമർപ്പിച്ചു. 700 ഏക്കർ ഭൂമിയിൽ സംസ്ഥാന സർക്കാരിന്റെ അവകാശം ഉന്നയിച്ച്‌ രേഖകൾ കൈമാറി. ഇതോടെ കമ്പനി സർക്കാരിന് കൈമാറാൻ ലിക്വിഡേറ്റർ തീരുമാനിച്ചു. തുടക്കത്തിൽ 200 കോടി രൂപ ലിക്വിഡേറ്റർ ആവശ്യപ്പെട്ടെങ്കിലും സർക്കാരിന്റെ ശക്തമായ ഇടപെടലിന്റെ ഭാഗമായി 25 കോടി രൂപയ്ക്ക് 100 ശതമാനം ഓഹരികളും കൈമാറാൻ എച്ച്പിസി നിർബന്ധിതമാവുകയായിരുന്നു. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ അനുമതി ലഭിച്ചാൽ 
എറ്റെടുക്കൽ പ്രവർത്തനം പൂർണമാകും. മിനി നവരത്ന കാറ്റഗറിയിലായിരുന്ന സ്ഥാപനത്തെ ഈ ദുരവസ്ഥയിലേക്ക് എത്തിച്ചത് കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകളാണ്. 2015 –- -2016 സാമ്പത്തിക വർഷം വരെ ലാഭത്തിലായിരുന്നു എച്ച്എൻഎൽ. നിലവാരമില്ലാത്തതും കുറഞ്ഞ താപമൂല്യമുള്ളതുമായ കൽക്കരി വാങ്ങിയതും ഉയർന്നവിലയിൽ പൾപ്പ്‌വുഡ്‌ മറ്റു സംസ്ഥാനത്തുനിന്ന് ഇറക്കുമതി ചെയ്തതും പ്രതിസന്ധി ഗുരുതരമാക്കി. പതിയെ തകർച്ചയിലേക്ക്‌ നീങ്ങി. സംയുക്ത ട്രേഡ് യൂണിയനുകളുടെ പ്രക്ഷോഭവും സർക്കാരിന്റെ കർശന നിലപാടുകളുമാണ് സ്വകാര്യവൽക്കരണം തടഞ്ഞത്. 
   വെള്ളൂരെന്ന കൊച്ചുഗ്രാമത്തിൽ വികസനത്തിന്റെ വെളിച്ചം വീശിയ എച്ച്‌എൻഎൽ കേരള സർക്കാർ എറ്റെടുക്കുമെന്ന വാർത്ത വലിയ പ്രതീക്ഷയോടെയാണ് വെള്ളൂരിലെ ജനത കാത്തിരിക്കുന്നത്.
 
 
 
പ്രധാന വാർത്തകൾ
 Top