14 December Saturday
മൂന്നു വിദ്യാർഥികളുടെ മുങ്ങിമരണം

ദുഃഖം കനംകെട്ടി കൂട്ടക്കരച്ചിലായി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

മീനച്ചിലാറ്റിൽ മുങ്ങിമരിച്ച വിദ്യാർഥികളുടെ മൃതശരീരങ്ങൾ ഐഎച്ച്‌ആർഡി സ്‌കൂളിൽ പൊതുദർശനത്തിന്‌ വച്ചപ്പോൾ പൊട്ടിക്കരയുന്ന സഹപാഠികൾ

 കോട്ടയം

കൂട്ടുകാർക്കൊപ്പം കളിച്ചും ചിരിച്ചും നടന്നിരുന്ന സ്‌കൂൾ ക്യാമ്പസിൽ കനത്ത നിശബ്ദത തളംകെട്ടി. വിനോദയാത്രയ്‌ക്കു പോയ കൂട്ടുകാരെ കൈവീശി യാത്രയാക്കിയ മൂവരുടെയും ചേതനയറ്റ ശരീരം സ്‌കൂൾ മുറ്റത്ത്‌ അടുത്തടുത്തായി കിടത്തി. സഹപാഠികളുടെ കണ്ണുകളിൽ ദുഃഖം കനംതൂങ്ങി.
പുതുപ്പള്ളി ഐഎച്ച്‌ആർഡിയിലെ പ്ലസ്‌ടു സയൻസ്‌ വിദ്യാർഥികളായ ചിങ്ങവനം കേളചന്ദ്രപറമ്പിൽ(പൂവന്തറ) കെ സി ചാക്കോയുടെ മകൻ അലൻ, മീനടം വക്കക്കുന്നേൽ കൊടുവള്ളിൽ കെ സി ജോയിയുടെ മകൻ ഷിബിൻ ജേക്കബ്‌, വടവാതൂർ കുന്നപ്പള്ളിയിൽ കെ കെ പ്രസാദിന്റെ മകൻ അശ്വിൻ കെ പ്രസാദ്‌ എന്നിവരുടെ മൃതദേഹമാണ്‌ സ്‌കൂൾ അങ്കണത്തിൽ പൊതുദർശനത്തിനുവച്ചത്‌. മീനച്ചിലാറ്റിൽ പൂവത്തുംമൂട്‌ മൈലപ്പള്ളിക്കടവിൽ തൂക്കുപാലം കാണാൻ പോയതായിരുന്നു മൂവരും. കാൽവഴുതി ആറ്റിൽവീണ അശ്വിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ മറ്റു രണ്ടുപേരും ആറ്റിലേക്ക്‌ വീണത്‌. അലന്റെയും ഷിബിന്റെയും മൃതദേഹം വെള്ളിയാഴ്‌ചയും അശ്വിന്റെ മൃതദേഹം ശനിയാഴ്‌ചയുമാണ്‌ കണ്ടെടുത്തത്‌. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന്‌ മൂന്നു സുഹൃത്തുക്കളുടെ മൃതദേഹങ്ങളുമായി ആംബുലൻസ് പുറപ്പെട്ട വാർത്ത എത്തിയപ്പോൾ തന്നെ കാത്തുനിന്ന വിദ്യാർഥികളുടെ കണ്ണുകൾ ഈറനണിഞ്ഞു. പോസറ്റ്മോർട്ടം പൂർത്തിയാക്കി പകൽ ഒന്നോടെ മൃതദേഹങ്ങളുമായി ആംബുലൻസ് സ്‌കൂളിലെത്തി. മൃതദേഹങ്ങൾ പൊതുദർശനത്തിന് ക്രമീകരിച്ച പന്തലിലേയ്ക്കു എടുത്തപ്പോൾ, കണ്ണീർമഴ പെയ്യിച്ച് ദേവിക പൊട്ടിക്കരഞ്ഞു. പിന്നെ കൂട്ട നിലവിളിയായി.
 എട്ടംഗ സംഘത്തിന്റെ അടുത്ത കൂട്ടുകാരിയായിരുന്നു ദേവിക. മരണത്തിന് തൊട്ടു മുമ്പ്‌ ദേവികയെ വീഡിയോ കോളിൽ വിളിച്ച്‌ പൂവത്തുമ്മൂട്ടിലെ പ്രകൃതി ഭംഗി കാണിച്ചിരുന്നു. പിന്നീട്‌ കൂട്ടുകാരുടെ മരണ വാർത്തയാണ്‌ ദേവികയെ തേടിയെത്തിയത്‌. സഹപാഠികളും അധ്യാപകരും ചേർന്ന് ദേവികയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. വിദ്യാർഥികളുടെ മരണത്തോടെ വിനോദയാത്ര അവസാനിപ്പിച്ച്  സഹപാഠികൾ  രാവിലെ തന്നെ മടങ്ങിയെത്തിയിരുന്നു. 
സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ, ഡിസിസി പ്രസിഡന്റ് ജോഷിഫിലിപ്പ്, പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് നിബു ജോൺ, സിപിഐ എം ഏരിയ സെക്രട്ടറി സുഭാഷ്‌ പി വർഗീസ്‌, കെ എം രാധാകൃഷ്‌ണൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
 
പ്രധാന വാർത്തകൾ
 Top