05 December Thursday
ശബരിമല

ശരണപാതയൊരുക്കി കോട്ടയം

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019
 
കോട്ടയം
ശബരിമല മണ്ഡലകാലം തുടക്കമായതോടെ  കോട്ടയത്ത്‌ തീർഥാടകരുടെ ഒഴുക്ക്‌. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പ്രധാന കേന്ദ്രമായ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തിത്തുടങ്ങി. ഇവിടെ നിന്ന്‌ എരുമേലി വഴി പമ്പയിലേക്കും നേരിട്ട്‌ പമ്പയിലേക്കും കെഎസ്‌ആർടിസി കൂടുതൽ സർവീസുകൾ തുടങ്ങി. റെയിൽവേ സ്‌റ്റേഷൻ കേന്ദ്രീകരിച്ച്‌ പ്രീപെയ്‌ഡ്‌ ടാക്‌സി സർവീസും തുടങ്ങി.
 ശനിയാഴ്‌ച ആന്ധ്ര സംഘമാണ്‌ കൂടുതലും എത്തിയത്‌. കെഎസ്‌ആർടിസി ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി ഇവർ പുറപ്പെട്ടു. കൂടുതൽ പേരും എരുമേലി വഴിയാണ്‌ യാത്ര. കെഎസ്‌ആർടിസി ഇതിനകം  അറുപതോളം സർവീസ്‌ നടത്തി. റെയിൽവെ സ്‌റ്റേഷനിൽനിന്നാണ്‌ പമ്പ സർവീസ്‌ ഓപ്പറേറ്റ്‌ ചെയ്യുന്നത്‌. യാത്രക്കാരുടെ എണ്ണത്തിന്‌ അനുസരിച്ച്‌ കൂടുതൽ ബസുകൾ എത്തിക്കും. ഇത്തവണ നിരക്ക്‌ വർധനയില്ല. 138 രൂപയാണ്‌ കോട്ടയം –-പമ്പ ടിക്കറ്റിന്‌. 
   സ്വകാര്യവാഹനങ്ങൾ നിലയ്‌ക്കൽവരെ മാത്രം പോകുമ്പോൾ കെഎസ്‌ആർടിസി പമ്പവരെ സർവീസ്‌ നടത്തും. തീർഥാടകരെ വരവേൽക്കാനുള്ള ഒരുക്കങ്ങളെല്ലാം ജില്ലയിൽ പൂർത്തിയായി. പ്രധാന ഇടത്താവളങ്ങളിലടക്കം വിശ്രമസൗകര്യങ്ങളടക്കം ഒരുക്കി. 
റെയിൽവെ സ്‌റ്റേഷനു മുൻവശത്തെ പാർക്കിങ്‌ ഏരിയ ഉൾപ്പെടെ റോഡ്‌ കോൺക്രീറ്റ്‌ ചെയ്‌തു. 1500 പേർക്ക്‌ വിശ്രമസൗകര്യവും സജ്ജമാക്കി. കുടിവെള്ളവും ശൗചാലയ സൗകര്യവും ഒരുക്കി. കെഎസ്‌ആർടിസി പ്രത്യേക കൗണ്ടർ തുറന്നു.
പ്രീപെയ്‌ഡ്‌ കൗണ്ടറിൽ 
200 വാഹനങ്ങൾ
റെയിൽവേ സ്‌റ്റേഷൻ കേന്ദ്രീകരിച്ച്‌ ഇത്തവണത്തെ സീസണിൽ 200 വാഹനങ്ങൾ. മകരവിളക്ക്‌ വരെ 67 ദിവസത്തേക്കാണ്‌ റെയിൽവേ പ്രത്യേക പാസ്‌ നൽകിയത്‌. ടൂറിസ്‌റ്റ്‌ ബസ്‌ മുതൽ കാറുകൾ വരെ ഇതിലുണ്ട്‌. സ്ഥിരമായുള്ള  27 ടാക്‌സി കാറുകൾക്ക്‌ പുറമെയാണിത്‌. 
  ജില്ലാ ഭരണകേന്ദ്രവും മോട്ടോർ വാഹന വകുപ്പും ചേർന്ന്‌ നിശ്‌ചയിച്ച  നിരക്കിലാണ്‌ യാത്ര. കോട്ടയത്തുനിന്ന്‌ എരുമേലി, നിലയ്‌ക്കൽ, കോട്ടയം–-നിലയ്‌ക്കൽ–-എരുമേലി വഴി മടക്കം എന്നിങ്ങനെ മൂന്നു പാക്കേജുകളുണ്ട്‌. ഇതിനുള്ള നിരക്ക്‌ കൗണ്ടറിനു സമീപം പ്രദർശിപ്പിച്ചിട്ടുണ്ട്‌. പാസ്‌ നൽകാൻ റെയിൽവെ ഈടാക്കുന്ന നിരക്കിൽ ഇത്തവണ വർധനയില്ല. സീസണിലേക്ക്‌ 7,000 രൂപ മുതൽ 18000 രൂപവരെയാണ്‌ ഈടാക്കുന്നത്‌. 
 
 
പ്രധാന വാർത്തകൾ
 Top