13 November Wednesday
എരുമേലിയിൽ വിവിധ വകുപ്പുകളുടെയോഗം

ശബരിമല തീർഥാടകർക്ക്‌ പരമാവധി സൗകര്യം ഒരുക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019
കാഞ്ഞിരപ്പള്ളി
ശബരിമല തീർഥാടനകാലത്ത്‌ വിവിധ സർക്കാർ വകുപ്പുകളെ എകോപിച്ച് തീർഥാടകർക്ക് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്താൻ എരുമേലിയിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. പ്രവർത്തനം എകോപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം തുറക്കും. സബ് കലക്ടർക്കായിരിക്കും ചുമതല. കെഎസ്ആർടിസി ബസുകൾക്ക് പാർക്കുചെയ്യാൻ സ്ഥലം വാടകയ്ക്ക് എടുത്തു നൽകും. വിശുദ്ധി സേനയെ ഉപയോഗിച്ച് മാലിന്യങ്ങൾ നീക്കം ചെയ്യും. തെരുവുവിളക്കുകൾ തെളിക്കാൻ നടപടി സ്വീകരിക്കും. വ്യാപാരികൾക്ക് ലൈസൻസ് നൽകും. പേട്ടതുള്ളൽ പാതയിലെ പൊടി ഒഴിവാക്കാൻ എല്ലാ ദിവസവും രാവിലെയും വൈകിട്ടും റോഡ് നനയ്ക്കും. ഓരുങ്കൽകടവ്, കൊരട്ടി, കണമല, അഴുത എന്നിവിടങ്ങളിലെ കടവുകളിൽ രക്ഷാപ്രവർത്തകരെ നിയമിക്കും. മുക്കൂട്ടുതറ ടൗണും പരിസര പ്രദേശങ്ങളും ക്യാമറ നിരീക്ഷണത്തിലാക്കും. എരുമേലി പട്ടണത്തിലേയും പരിസര പ്രദേശങ്ങളിലേയും മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കും. 
ഗ്രീൻ പ്രോട്ടോകോൾ കർശനമായി നടപ്പാക്കും. സിസി ടിവി ക്യാമറകൾ എരുമേലി നൈനാർ പള്ളിയുടെ പരിസര പ്രദേശങ്ങളിലും സ്ഥാപിക്കും. എരുമേലി കൊച്ചമ്പലത്തിൽ നിന്നും പേട്ടതുള്ളിയെത്തുന്ന ശബരിമല തീർഥാടകർക്ക് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തും. തീർഥാടകർക്കും ബന്ധപ്പെട്ടവർക്കും 24 മണിക്കൂറും തണുത്ത വെള്ളം ലഭിക്കാൻ കൂളർ സംവിധാനം വിപുലപ്പെടുത്തും.എരുമേലി കമ്യൂണിറ്റി ഹെൽത്ത് സെൻറ്ററിൽ ഐസി യൂണിറ്റ് തുറക്കും. വലിയമ്പലത്തിന് എതിർവശത്തായി താവളം ആശുപത്രി തുറക്കും. കാനനപാതയിലും മറ്റും ഓക്സിജൻ പാർലറുകൾ ആരംഭിക്കും. നാല് ആംബുലൻസുകൾ പ്രവർത്തനസജ്ജമാക്കും. ആയുർവേദ -ഹോമിയോ ഡിസ്പെൻസറികളുടെ പ്രവർത്തനം കാര്യക്ഷമമാക്കും.
 വ്യാപാര സ്ഥാപനങ്ങളിൽ വിലനിലവാരം പ്രദർശിപ്പിക്കാൻ നടപടി സ്വീകരിക്കും. ഹോട്ടലുകളിൽ കൃത്യമായും വിലവിവരപട്ടിക സ്ഥാപിക്കണം.
24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. എരുമേലി 110 കെവി സബ് സ്റ്റേഷനിൽ എന്തെങ്കിലും തടസ്സമുണ്ടായാൽ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം 110 കെവി സബ് സ്റ്റേഷനുകളിൽ നിന്നും വൈദ്യുതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. 33 ജീവനക്കാരും രണ്ടു ഫയർ എൻജിനുകളുമായി എരുമേലിയിൽ താൽകാലിക ഫയർസ്റ്റേഷനും തുറക്കും.
 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂം എരുമേലി വലിയമ്പലത്തിന്‌ എതിർവശത്തായി തുറക്കും. എരുമേലി -ശബരിമലപാതയിലെ കരിങ്കല്ലും മൂഴി കയറ്റത്തിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കും. എരുമേലി പട്ടണത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗതകുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കും.
എരുമേലി പഞ്ചായത്ത് പ്രസിഡന്റ്‌ ടി എസ് കൃഷ്ണകുമാർ അധ്യക്ഷനായി.   മഹല്ലാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ്‌ ഹാജി പി എച്ച് ഷാജഹാൻ കാഞ്ഞിരപ്പള്ളി തഹസിൽദാർ അജിത്കുമാർ, മുജീബ് റഹ് മാൻ, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശാന്തി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top