15 October Tuesday

വൻ കുഴൽപ്പണവേട്ട: ഒരാൾ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024
പാലാ/കാഞ്ഞിരപ്പള്ളി
ഓണത്തോടനുബന്ധിച്ച്‌ എക്‌സൈസ്‌ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രത്യേക വാഹനപരിശോധനയിൽ  വൻ തുകയുടെ കുഴൽപ്പണം പിടികൂടി. പാലായിൽനിന്നും  കാഞ്ഞിരപ്പള്ളിയിൽനിന്നും 65 ലക്ഷം രൂപ പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ പിടിയിലായി. ബംഗളുരുവിൽനിന്ന് എത്തിയ അന്തർസംസ്ഥാന കോൺട്രാക്ട് ക്യാരേജ് സർവീസിൽ 65 ലക്ഷം രൂപയുമായി എത്തിയ എരുമേലി സ്വദേശി വരിശ്ശേരി മനോജ് മണിയെയാണ് ഈരാറ്റുപേട്ട എക്‌സൈസ് പിടികൂടി പാലാ പൊലീസിന് കൈമാറിയത്. എരുമേലി സ്വദേശി ഷുക്കൂർ എന്ന ആളിന് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന് ഇയാൾ പറഞ്ഞു.
തിങ്കൾ രാവിലെ 7.30ന് ഈരാറ്റുപേട്ട എക്‌സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളപ്പണം പിടികൂടിയത്. പാലാ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം ബസ് നിർത്തി പരിശോധിച്ചപ്പോഴാണ് 42,48500 ലക്ഷം രൂപയുമായി മനോജ് പിടിയിലായത്. ഇയാളിൽനിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എരുമേലിയിൽ മറ്റൊരു ബസിലെ സീറ്റിനടിയിൽ ഒളിപ്പിച്ചിരുന്ന 23 ലക്ഷം രൂപയും പിടികൂടി. ബംഗളൂരുവിൽ ഡോളർ കൈമാറി ലഭിച്ച പണമാണെന്ന്‌ പ്രതി പറഞ്ഞു. പാലാ പൊലീസ് കേസ് എടുത്തു. 
ഇൻകം ടാക്സ്, എൻഫോഴ്സ്മെന്റ്‌ വിഭാഗങ്ങൾക്കും വിവരം കൈമാറിയിട്ടുണ്ട്. കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമീഷണറുടെ നിർദേശാനുസരണം പ്രിവന്റീവ്‌ ഓഫീസർമാരായ സന്തോഷ് മൈക്കിൾ, ജെസ്റ്റിൻ തോമസ്, പി ആർ പ്രസാദ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ പാർവതി രാജേന്ദ്രൻ, ഡ്രൈവർ കെ ജെ സജി എന്നിവർ  പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നു. പൊൻകുന്നം എക്‌സൈസ് സിഐ എസ് നിജുമോൻ, ഉദ്യോഗസ്ഥരായ അരുൺകുമാർ, റെജി കൃഷ്ണൻ, എം പി സുനിൽ, പി എ  നജീബ്, അഖിൽ എസ് ശേഖർ, മുരളീധരൻ എന്നിവരടങ്ങുന്ന സംഘമാണ് എരുമേലിയിൽ തുക പിടിച്ചെടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top