19 September Thursday

അതിജീവന വഴിയില്‍ ഒന്നിച്ചുനീങ്ങണം: പി തിലോത്തമന്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

സ്വാതന്ത്ര്യ ദിന ചടങ്ങിൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ മന്ത്രി പി തിലോത്തമൻ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നു

 
കോട്ടയം
പ്രകൃതിക്ഷോഭം വീണ്ടും നാശം വിതച്ച സാഹചര്യത്തിൽ ഒരേ മനസോടെ നടത്തിവരുന്ന അതിജീവനപ്പോരാട്ടം ശക്തമായി തുടരാൻ സംസ്ഥാനത്തെ ജനങ്ങൾ പരിശ്രമിക്കണമെന്ന് മന്ത്രി പി തിലോത്തമൻ. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ ദേശീയ പതാക ഉയർത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
 ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തെ നേരിടാൻ നമ്മൾ കാട്ടിയ നിശ്ചയദാർഢ്യം ലോകത്തെ വിസ്മയിപ്പിച്ചു. ഇത് തുടരേണ്ടത് അനിവാര്യമാണ്. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും മതേതരത്വവും തകർക്കുന്നതിനായി പ്രവർത്തിക്കുന്ന ഇരുട്ടിന്റെ ശക്തികൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും - മന്ത്രി പറഞ്ഞു. നേരത്തെ പരേഡ് പരിശോധിച്ച മന്ത്രി അഭിവാദ്യം സ്വീകരിച്ചു.
 പൊൻകുന്നം പൊലീസ് ഇൻസ്പെക്ടർ വി കെ വിജയരാഘവനായിരുന്നു പരേഡ് കമാൻഡർ. ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് റിസർവ് എസ്ഐ ഡി ജയകുമാറും, മണർകാട് സബ് ഇൻസ്പെക്ടർ ആർ വിനോദും സിവിൽ പൊലീസിന്റെ ഒന്നും രണ്ടും പ്ലാറ്റൂണുകളുടെ കമാൻഡർമാരായി. 
  കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ വനിതാ സബ് ഇൻസ്പെക്ടർ പി ആർ സതി വനിതാ പൊലീസ് പ്ലാറ്റൂണും വൈക്കം എക്‌സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ എക്‌സൈസ് പ്ലാറ്റൂണും ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ജി മഹേഷ് ഫോറസ്റ്റ് പ്ലാറ്റൂണും വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ  പ്രീതി എക്‌സൈസ് വനിതാ പ്ലാറ്റൂണും നയിച്ചു.  സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ആൺകുട്ടികളുടെ പ്ലാറ്റൂണിന് അശ്വിൻ പ്രകാശും പെൺകുട്ടികളുടെ പ്ലാറ്റൂണുകൾക്ക് വൈഷ്ണവി, ആൻ മരിയാ എബ്രാഹം എന്നിവരും നേതൃത്വം നൽകി.    ആൺകുട്ടികളുടെ എൻസിസി സീനിയർ ഡിവിഷൻ (ആർമി) പ്ലാറ്റൂൺ തോമസ് ചാക്കോ, പെൺകുട്ടികളുടെ എൻസിസി സീനിയർ ഡിവിഷൻ (ആർമി) പ്ലാറ്റൂൺ നവ്യാ ജെ നായർ, എൻസിസി സീനിയർ ഡിവിഷൻ (നേവി) പ്ലാറ്റൂൺ പി എസ് അക്ഷയ് എന്നിവർ നയിച്ചു. 
 എൻസിസി ജൂനിയർ ഡിവിഷൻ ആർമി വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്ലാറ്റൂണുകൾക്ക് യഥാക്രമം വടവാതൂർ ജവഹർ നവോദയ വിദ്യാലയത്തിലെ ഗൗതം സജീവും അതുല്യ അജയകുമാറും നേതൃത്വംനൽകി. 
 കുടമാളൂർ സെന്റ്‌ മേരീസിലെ ടോണിമോൻ ജേക്കബ്, എസ്ബി എച്ച്എസ്എസ് ചങ്ങനാശേരിയിലെ സാവിയോ സാജു എന്നിവർ സ്കൗട്ട് പ്ലാറ്റൂണുകളും കോട്ടയം മൗണ്ട് കാർമ്മൽ ജിഎച്ച്എസ്എസിലെ നിദ്യാ അന്നാ തോമസ്, ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാ വിജയൻ എന്നിവർ ബാൻഡ് പ്ലാറ്റൂണുകളും നയിച്ചു. കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർഥികൾ ദേശഭക്തിഗാനം അവതരിപ്പിച്ചു.
 കലക്ടർ പി കെ സുധീർ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. പി ആർ  സോന, ജില്ലാ പൊലീസ് മേധാവി പി എസ് സാബു, സബ്കലക്ടർ ഈഷ പ്രിയ, അസിസ്റ്റന്റ്‌ കലക്ടർ ശിഖ സുരേന്ദ്രൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹ്യ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top