20 February Wednesday

ഉരുൾപൊട്ടൽ പരമ്പര

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

 

 
കോട്ടയം
റോഡിലാകെ വെള്ളംനിറഞ്ഞു. ഈരാറ്റുപേട്ടയിൽ ഉരുൾപൊട്ടൽ പരമ്പരയും മരണവും. ജില്ലയ‌്ക്ക് പുറത്തേക്ക് യാത്ര അസാധ്യം. റോഡുകൾ മുങ്ങുന്നു. ട്രെയിൽ, ബസ് ഗതാഗതം നിലയ‌്ക്കുന്നു.ചെറുവാഹനയാത്ര അപകടത്തിലേക്ക്. സർക്കാർ രക്ഷാപ്രവർത്തനം സജീവം. ക്യാമ്പുകൾ തുറന്ന് അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ രംഗത്ത്. സിപിഐ എം, ഡിവൈഎഫ്ഐ, അഭയം വളണ്ടിയർ സ്ക്വാഡുകൾ സഹായവുമായി രംഗത്ത്. സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ക്യാമ്പുകൾ സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.
ജില്ലയിൽ ഇതുവരെ ഉരുൾപൊട്ടലിൽ ആറ് മരണം. ഒരാളെ കാണാതായി. ഇൗരാറ്റുപേട്ടയിൽ തലനാട്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിലായി വ്യാഴാഴ്ച പുലർച്ചെയും പകലുമായി പതിനൊന്നിടത്ത് ഉരുൾപൊട്ടി. ഇതിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. മറ്റൊരാളെ കാണാതായി. വൈക്കപ്രയാറിലും വെള്ളത്തിൽവീണ് ഒരാൾ മരിച്ചു. കോതനല്ലൂരിൽ വെള്ളത്തിൽവീണ് മൂന്നുവയസ്സുള്ള കുട്ടി മരിച്ചു. കുേന്നാന്നിയിൽ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു.
ജില്ലയിൽ കൂടുതൽ സ്ഥലത്ത് റോഡുകളിൽ വെള്ളംനിറയുന്നു. ട്രെയിൻ, ബസ് ഗതാഗതം അസാധ്യമാകുന്നു. ചെങ്ങന്നൂരിലും മൂവാറ്റുപുഴയിലും എംസി റോഡിൽ വെള്ളംനിറഞ്ഞ് തെക്ക് വടക്ക് യാത്ര അസാധ്യം. പാലാ റോഡുകൾ, വൈക്കം വടയാർ, ചങ്ങനാശേരി, ആലപ്പുഴ റോഡ്, കുമരകം റോഡ് എന്നിവിടങ്ങളിലെല്ലാം നാലടിയോളം വെള്ളമാണ്. മീനച്ചിലാർ, മണിമലയാർ, മൂവാറ്റുപുഴയാർ എന്നിവയും കൈവഴികളും കരകവിഞ്ഞ് കലിതുള്ളി ഒഴുകുന്നു.
കനത്ത ജാഗ്രതയുമായി സർക്കാർ സംവിധാനം ക്യാമ്പുകൾ തുറന്നു. തഹസിൽദാർമാർക്കാണ് ഏകോപന ചുമതല. ഉരുൾപൊട്ടലിൽ ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഗതാഗതം നിലച്ചു.പാലായിൽ വെള്ളംനിറഞ്ഞു. ഇവിടെനിന്നുള്ള ഈരാറ്റുപേട്ട, കിടങ്ങൂർ, എറ്റുമാനൂർ, തൊടുപുഴ റോഡുകളിൽ വെള്ളംകയറി. ഗതാഗതം പൂർണമായും നിലച്ചു. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലടക്കം വെള്ളംനിറഞ്ഞു. മുണ്ടക്കയം‐കുട്ടിക്കാനം റോഡിൽ മണ്ണിടിച്ചിലിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഭരണങ്ങാനം ഇടമറ്റം റോഡിൽ വളഞ്ഞങ്ങാനത്ത് വെള്ളം കയറി ഗതാഗതം മുടങ്ങി. പൊന്നൊഴുകുംതോട് കരകവിഞ്ഞ് ഒഴുകുന്നു. മുണ്ടക്കയം , കോരുത്തോട് റൂട്ടിൽ വ്യാപക മണ്ണിടിച്ചിൽ. അഴുതയാർ കര കവിഞ്ഞു.
ചങ്ങനാശേരി, കുമരകം, അയ്മനം, ഇല്ലിക്കൽ, തിരുവാർപ്പ്, നീണ്ടൂർ, കല്ലറ, തലയോലപ്പറമ്പ്, വൈക്കത്തിന് പടിഞ്ഞാറ്  പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം വെള്ളംനിറയുന്നു. തലനാട്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിലായി പത്തിടത്ത് ഉരുൾപൊട്ടി. നാലുമരണം, ഒരാളെ കാണാതായി. കൃഷിയിടങ്ങൾ നശിച്ചു. റോഡുകൾ തകർന്നു. ഈരാറ്റുപേട്ടയിലും പനയ്ക്കപ്പാലത്തും വെള്ളംകയറി.
 
ഈരാറ്റുപേട്ട നടുങ്ങി
വാഗമൺ റൂട്ടിൽ വെള്ളികുളം പള്ളിക്കുസമീപം ഉരുൾപൊട്ടി വീട് തകർന്ന് നാലുപേർ മരിച്ച വാർത്തയാണ് നാടിനെയുണർത്തിയത്. വെള്ളികുളം നരിമറ്റം കോട്ടേരിക്കൽ പരേതനായ ദേവസ്യയുടെ ഭാര്യ മാമി എന്നുവിളിക്കുന്ന റോസ്സമ്മ(82), മകൾ മോളി(49), കൊച്ചുമക്കളായ അൽഫോൻസാ(11), ടിന്റുമോൾ(ഏഴ‌്) എന്നിവരാണ് മരിച്ചത്. മറ്റൊരുമകൻ ജോമോൻ(20), ഈരാറ്റുപേട്ട റിംസിലും, സഹോദരി വിനീത മെഡിക്കൽകോളേജിലും ചികിത്സയിലാണ്. അമ്മ മോട്ടു എറണാകുളത്ത് ജോലിയിലായതു കൊണ്ട് അപകടത്തിൽനിന്നും ഒഴിവായി. കൂടാതെ മംഗളഗിരി കട്ടുപ്പാറ റോഡിൽ കട്ടുപ്പാറക്കുസമീപം ഉരുൾപൊട്ടി പിണ്ണാക്കനാട് സ്വദേശി കണിയാംപടിയിൽ ജോബി മാത്യു(30)വിനെ കാണാതായി. കട്ടുപ്പാറയിൽ ഭാര്യവീട്ടിൽ സന്ദർശനത്തിനായി വരുന്നവഴി സമീപത്ത് ഉരുൾ പൊട്ടിയതറിഞ്ഞ് തിരിച്ചുപോരുന്നതിനിടെ വരുന്നവഴിയിൽ മറ്റൊരു ഉരുൾപൊട്ടി അപകടത്തിൽപെടുകയായിരുന്നു. ജോബിക്കുവേണ്ടി ഫയർഫോഴ്സും തെരച്ചിൽനടത്തുകയാണ്.
 
വെള്ളികുളത്ത് രാത്രിയിലാണ‌് വീടിനുമുകളിലേക്ക് ഉരുൾപതിച്ചത്. ഉറക്കത്തിലായിരുന്ന കുട്ടികളുടെ അച്ഛൻ വിനു ഇളയകുട്ടി വിനീതയേയുമെടുത്ത് ഓടിയതുകാരണം അവർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. ഇവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
  ഈരാറ്റുപേട്ട മേഖലയിൽ 24 മണിക്കൂറും ശക്തമായ മഴയായിരുന്നു മീനച്ചിൽ താലൂക്കിലെ തീക്കോയി ഭാഗത്ത് കട്ടൂപ്പാര, ഇഞ്ചപ്പാറ, മംഗളഗിരി ഭാഗങ്ങളിലും, തലനാട് ചോനമല, വെള്ളാനി എന്നിവിടങ്ങളിലും മണ്ണിടിഞ്ഞു. വഴിക്കടവ് ചെക്ക് ഡാം തുറന്നുവിട്ടത‌് കാരണവും മഴ തോരാതെ പെയ്യുന്നതും മീനച്ചിലാറ്റിൽ ജലനിരപ്പ‌് ഉയർന്നിട്ടുണ്ട്.  ഈരാറ്റുപേട്ട നഗര മധ്യത്തിൽ ഉള്ള രണ്ടു കോസ് വേ പാലത്തിലും വെള്ളം കയറി, ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ ഗതാഗതം മുടങ്ങി. വെള്ളിക്കുളത്ത് സെന്റ‌് ആന്റണീസ് ഹൈസ്ക്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.   സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ‌്, രമാ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, തീക്കോയി ലോക്കൽ കമ്മിറ്റി സെക്രട്ടറി തോമസ് മാത്യു എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്നു.
 
പ്രധാന വാർത്തകൾ
 Top